സി എന്‍ എ-
വര്‍ക്കല:
നായകന്, വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങള്‍ എന്തും ചെയ്യാന്തയ്യാറുള്ള നടനാണ് റിയാസ് ഖാന്. ചലച്ചിത്ര പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് റിയാസ് സിനിമയിലെത്തിയത്. മലയാളിയാണെങ്കിലും റിയാസിന്റെ കുടുംബം പണ്ടുമുതലേ ചെന്നൈയിലാണ് താമസിക്കുന്നത്. ജിംനേഷ്യവുമായി റിയാസിന് വലിയ ബന്ധമാണുള്ളത്. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കൗമാരപ്രായം മുതല്‍ അങ്ങനെയാണ്. ആ സമയങ്ങളില്‍ കൂടുതല്‍ നേരവും ജിമ്മില്‍ ചിലവിടാനായിരുന്നു താല്പര്യം. എവിടെയായിരുന്നാലും ജിമ്മില്‍ പോകുന്നതും വ്യായാമം ചെയ്യുന്നതും റിയാസിന്റെ ദിനചര്യയുടെ ഭാഗമാണ്. അതിനനുസരിച്ച് പ്രത്യേകമായ ഭക്ഷണക്രമീകരണങ്ങളുണ്ട്.
റിയാസ് ഖാന് നായകനായി അഭിനയിക്കുന്ന 'സസ്പെന്‍സ് കില്ലര്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് വര്‍ക്കലയില്‍ ആയിരുന്നു. ചെന്നൈയില്‍ നിന്ന് വര്‍ക്കലയില്‍ എത്തിയ റിയാസിന് നല്ലൊരു ഹോട്ടലില്‍ താമസമൊരുക്കി. നായക കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ കൊറോണ കാലത്തു മലയാളത്തില്‍ അഭിനയിക്കാന്‍ റിയാസ് തയ്യാറായത്. ഹോട്ടലിലെത്തിയ റിയാസിനോട് സിനിമയുടെ പ്രവര്‍ത്തകര്‍ പ്രത്യേകമായി ഫുഡ് എന്തെങ്കിലും അറേഞ്ച് ചെയ്യണോന്ന് ചോദിച്ചപ്പോള്‍, ഡെയിലി ഒരു കോഴിയും 10 നാടന്‍ മുട്ടയും വേണമെന്നു പറഞ്ഞു. റിയാസ്ഖാന് തമാശ പറഞ്ഞതാവും എന്നാണ് ആദ്യം വിചാരിച്ചതെങ്കിലും സംഗതി കാര്യം തന്നെയായിരുന്നു. ഷൂട്ടിംഗ് ആയാലും എന്തായാലും പുലര്‍ച്ചെ ജിമ്മില്‍ പോണം, രണ്ടോ മൂന്നോ മണിക്കൂര്‍ വര്‍കൗട്ട് ചെയ്യണം അതൊഴിവാക്കിയിട്ടുള്ള ഒരു പരിപാടിക്കും ആളെ കിട്ടില്ല. ശാസ്ത്രീയമായി വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഗുണം റിയാസിന്റെ ശരീരത്തില്‍ കാണാം.
സിനിമയില്‍ പലരും സിക്സ്പാക്ക് പ്രകടനം നടത്താറുണ്ടെങ്കിലും ഈ നാല്‍പ്പത്തെട്ടുകാരന്റെ സിക്സ് പാക്കിനോട് മുട്ടാന്‍ ആരുണ്ട്, എന്നാണ് ചോദ്യം. ദിവസം ഒരു കോഴിയും 10 നാടന്‍ മുട്ടയും അല്പം ഫ്രൂട്ട്സും കിട്ടിയാല്‍ റിയാസ് ഹാപ്പി. പ്രത്യേകമായി വേറെ ഒന്നുംവേണ്ട. റിയാസിന്റെ സുന്ദരമായ ശരീരഘടനയും സിക്സ്പായ്ക്ക് മസിലും കണ്ടപ്പോള്‍ സംവിധായകന് അനീഷ് കരിനാടിനും നിര്‍മാതാവ് ജോസൂട്ടിക്കും ഹരം കയറി. ഫൈറ്റ് സീനുകള്‍ വലുതായി. കാര്‍ ചേസിംഗ്, ജീപ്പ് ചേസിംഗ്, ഓട്ടം, ചാട്ടം എന്നുവേണ്ട സാഹസികമായ ഒരുപാട് രംഗങ്ങള്‍ സിനിമയിലുണ്ട്. പലപ്പോഴും ഡ്യൂപ്പില്ലാതെയാണ് റിയാസ് ഫൈറ്റ് ചെയ്യുന്നത്. ശ്രദ്ധേയമായ മറ്റൊരു സംഗതി എന്താണെന്ന് വെച്ചാല്‍ ജിമ്മില്‍ പോയതിന്റെയും അഡീഷണലായി വന്ന മറ്റു ചെലവുകളും റിയാസ്ഖാന് തന്നെയാണ് വഹിച്ചത്.