അഞ്ജു അഷറഫ്-
കൊച്ചി:
ആഡ് ഫിലിം മേക്കറായ അരുണ്‍ കുമാറിനെയും സാബു അലോഷ്യസിനെയും അടുപ്പിച്ചത് ക്രിക്കറ്റാണ്.
സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ള ഫിലിം മേക്കേഴ്സ്. അവരുടെ ഒരുമിച്ചുള്ള മുന്നേറ്റവും ശ്രദ്ധേയമാണ്.
ആഡ് ഫിലിമില്‍ തുടങ്ങി ഇപ്പോള്‍ കന്നട സിനിമാവേദിയില്‍ ചര്‍ച്ചാവിഷയമായി മാറികൊണ്ടിരിക്കുന്ന മലയാളികളായ ചങ്ങാതിമാരാണിവര്‍.
150ഓളം പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അരുണ്‍ കുമാറും ഡോക്യൂമെന്ററികളും അനവധി സര്‍ക്കാര്‍ പരസ്യചിത്രങ്ങളും കോര്‍പ്പറേറ്റ് ഫിലിമുകളും ഒരുക്കിയിട്ടുള്ള സാബു അലോഷ്യസും...
നിങ്ങള്‍ കണ്ടുമുട്ടിയത് എവിടെവച്ചാണ് ?
ഞങ്ങളെ അടുപ്പിച്ചത് ക്രിക്കറ്റാണ്. ഞങ്ങള്‍ രണ്ടുപേരും ഇന്ത്യന്‍ ആഡ് ഫിലിംമേക്കേഴ്സ് എന്ന സംഘടനയിലെ അംഗങ്ങളാണ്.
സംഘടനയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ടീമിനെയും ക്രിക്കറ്റ് കളിയുടെയും ടൂര്‍ണമെന്റിന്റെ കാര്യങ്ങളുടെയുമൊക്കെ ചുമതല ഞങ്ങള്‍ക്കായിരുന്നു. രണ്ടുപേരും ചേര്‍ന്ന് ഡിസ്കസ് ചെയ്താണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത്. ഞങ്ങളുടെ സൗഹൃദം ശക്തമാകുന്നത് അങ്ങനെയാണ്.
കന്നട സിനിമയില്‍ എത്തിയത് എങ്ങനെയാണ്?
ആഡ് ഫിലിം കമ്പനിയുടെ ആവശ്യത്തിനായി ബാംഗ്ലൂരിലെത്തിയ സമയത്ത് ഒരു സുഹൃത്ത് സംഭാഷണത്തിനിടയിലാണ് മലയാളത്തില്‍ മികച്ച വിജയം നേടിയ 'ഹെലന്' എന്ന സിനിമ കന്നടത്തില്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന ആശയം ഉദിച്ചത്. ഞാന്‍ അപ്പോള്‍ തന്നെ കൊച്ചിയിലുള്ള എന്റെ സുഹൃത്ത് സാബുവിനെ വിളിച്ച് അതിനുള്ള ഏര്‍പ്പാട് ചെയ്തു.
ഹെലന്റെ നിര്‍മ്മാതാവ് നോബിളുമായി സംസാരിച്ചു കന്നഡ റൈറ്റ്സ് നമ്മള് വാങ്ങി. ക്രിക്കറ്റ് കാര്യങ്ങള്‍ വായ് തോരാതെ സംസാരിക്കുന്ന ഞങ്ങള്‍ക്ക് സിനിമയും ഒരുമിച്ച് ചെയ്താലോ എന്ന ചിന്ത വന്നു. അങ്ങനെ സിനിമ നിര്‍മ്മാണത്തിനായി ഞങ്ങള്‍ 'സില്‍വര്‍ ട്രെയിന്‍' എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി.
'ഹെലന്' ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ലോക്ഡൗണ്‍ വരുന്നത്. മാര്‍ച്ച് 25ന് പടത്തിന്റെ പൂജ നടത്താനായിരുന്നു പ്ലാന്‍. ലോക്ഡൗണ്‍ അത് തെറ്റിച്ചു. ആ കാലയളവില്‍ തിരക്കഥയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പറ്റി. പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് ചിന്തിച്ചിരുന്ന സമയത്ത് നടത്തിയ ആലോചനയില്‍ സംഭവിച്ച സിനിമയാണ് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍'. പുതുമുഖങ്ങളെ വച്ച് ചെറിയ പടം എന്ന് പറഞ്ഞാണ് തുടങ്ങിയത്. കന്നഡയിലെ യുവ താരം പ്രിത്വി അമ്പാറും സൂപ്പര്‍ നായിക പ്രിയങ്ക ഉപേന്ദ്രയും സിനിമയില്‍ അഭിനയിക്കാമെന്ന് പറഞ്ഞപ്പോള്‍ ശരിക്കും 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' ആയി.
'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' ഇപ്പോള്‍ ഏത് സ്റ്റേജില്‍ എത്തിനില്‍ക്കുന്നു?
വര്‍ക്കുകളെല്ലാം പൂര്‍ത്തിയായി. ജനുവരിയില്‍ പടം റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ലോഹിത് എച്ച്. ന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഫ്രൈഡേ ഫിലിംസ്, ഞങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസായ സില്‍വര്‍ ട്രെയിന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' നിര്‍മ്മിക്കുന്നത്. കന്നടത്തില്‍ വേറെ മൂന്ന് ചിത്രങ്ങള്‍ കൂടി നമ്മള് കമ്മിറ്റ് ചെയ്തിട്ടുണ്ട്.
ആഡ് ഫിലിമും സിനിമയും എങ്ങനെചേര്ന്ന് പോകും?
പരസ്യം അന്നവും സിനിമ ഞങ്ങളുടെ അഭിനിവേശവുമാണ്.
അതുകൊണ്ടുതന്നെ പരസ്യരംഗം വിടാനുള്ള യാതൊരു ആലോചനയുമില്ല. ദൃശ്യമാധ്യമരംഗത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ഞങ്ങളെ രണ്ടുപേരെയും നയിക്കുന്നത്.
'സില്‍വര്‍ ട്രെയിന്‍' സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയല്ലേ. എങ്ങനെയാണ് ആ പേരിലേക്ക് എത്തിയത്?
സിനിമയ്ക്കുള്ള ഞങ്ങളുടെ ട്രിബ്യൂട്ടാണ് ഈ പേര്. സിനിമയുടെ ആരംഭകാലത്ത് സിനിമ പ്രൊജക്റ്റ് ചെയ്യുമ്പോള്‍ ക്വാളിറ്റി കിട്ടാന്‍ വേണ്ടി റിഫ്ലക്റ്റീവ് പെയിന്റ് അടിക്കുന്ന പരിപാടിയുണ്ടായിരുന്നു.
അതിന്റെ നിറം സില്‍വര്‍ ആയതുകൊണ്ട് എല്ലാവരും സില്‍വര്‍ സ്ക്രീന്‍ എന്നു വിളിച്ചു. പില്ക്കാലത്ത് സിനിമ തന്നെ സില്‍വര്‍ സ്ക്രീന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. ലൂമിയര്‍ ബ്രദേഴ്സ് ആദ്യമായി പ്രദര്‍ശിപ്പിച്ച ചലച്ചിത്രം... ഒരു ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുന്നതാണ്. ഇത് രണ്ടും ചേര്‍ത്താണ് 'സില്‍വര്‍ ട്രെയിന്‍' എന്ന പേരിലേക്കെത്തിയത്.
കന്നടത്തില്‍ പുതിയ മൂന്ന് സിനിമ ചെയ്യുന്നുവെന്ന് പറഞ്ഞു. മലയാളം വേണ്ടെന്നു വെച്ചതാണോ?
സ്വന്തം നാട്ടില്‍, മാതൃഭാഷയില്‍ ഒരു സിനിമ ചെയ്യുകയെന്നത് വലിയ സ്വപ്നമാണ്. ആലോചന നടക്കുന്നുണ്ട്. എല്ലാം ശരിയായി വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ മലയാളത്തില്‍ സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.