അഞ്ജു അഷറഫ്-
കൊച്ചി:
ബേക്കറിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന രസകരമായ ഒരു കൊച്ചു സിനിമയാണ് 'സാജന് ബേക്കറി സിന്‍സ് 1962'. പത്തനംതിട്ട ജില്ലയില്‍ മണിമല എന്ന സ്ഥലത്ത് ശരിക്കും ഈ പേരില്‍ ഒരു ബേക്കറി ഉണ്ട്. സിനിമയുടെ സംവിധായകന് അരുണ്‍ ചന്തുവും നടനും
നിര്‍മ്മാതാവുമായ അജു വര്‍ഗീസും പത്തനംതിട്ട ജില്ലക്കാരാണ്. അടുത്തടുത്ത പ്രദേശങ്ങളിലാണ് താമസിക്കുന്നത്. 1962 ല്‍ കാര്ന്നോന്മാരായിട്ട് ചെറിയ രീതിയില്‍ ആരംഭിച്ച ബേക്കറി ഇപ്പോള്‍ അവരുടെ മക്കളാണ് നടത്തുന്നത്. മക്കള്‍ ഏറ്റെടുത്തതോടെ ബേക്കറിയുടെ മുഖംമിനുങ്ങി. ഈയൊരു കഥാ പശ്ചാത്തലത്തിലാണ് 'സാജന് ബേക്കറി സിന്‍സ് 1962' എന്ന സിനിമ രൂപപ്പെടുന്നത്.
സ്റ്റീവും സഹോദരിയും ചേര്‍ന്ന് നടത്തുന്ന സാജന് ബേക്കറി ഇപ്പോഴും പത്തനംതിട്ടയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കഥയല്ല സിനിമയുടെ കഥയെന്ന്
സംവിധായകന് അരുണ്‍ ചന്തു പറഞ്ഞു.
സാജന് ബേക്കറിയുടെ പശ്ചാത്തലമുണ്ടെന്നേയുള്ളൂ. നമുക്ക് പരിചിതമായ ചുറ്റുവട്ടങ്ങളില്‍ നിന്നാണ് കഥയും കഥാപാത്രങ്ങളെയും കണ്ടെത്തിയത്. സാജന്റെ മക്കളായ ബെറ്റ്സിയും ബോബിനും...
അവരുടെ പ്രശ്നങ്ങളും വഴക്കും പിണക്കവും അടിപിടിയുമൊക്കെ സിനിമയ്ക്കുവേണ്ടി നമ്മള് സൃഷ്ടിച്ചതാണ്. എനിക്കും അജു വര്‍ഗീസിനും ഏറ്റവും അടുപ്പവും പരിചയവുമുള്ള സ്ഥലമാണ് റാന്നി. ഇവിടുത്തെ ആളുകളും അവരുടെ ജീവിത രീതികളും നമുക്ക് നന്നായിട്ടറിയാം. നന്മയുള്ള തുറന്ന മനസ്സുള്ള ആളുകളാണ്. നമ്മുടെ കഥാപാത്രങ്ങളും അങ്ങനെ തന്നെയാണ്.
കേരളത്തിലെ പ്രസിദ്ധമായ പരുമല പള്ളി പെരുന്നാളും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും സിനിമക്ക് വേണ്ടി ഷൂട്ട് ചെയ്തു. പരുമല പള്ളിയില്‍ ആദ്യമായിട്ടാണ് സിനിമ ഷൂട്ട് ചെയ്യുന്നത്. സാജന് ബേക്കറി വളരെ ലളിതമായ കഥയാണ് ലളിതമായ സിനിമയാണ്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളും സഹോദരങ്ങളുമായ ബെറ്റ്സിയെ ലെനയും ബോബിനെ അജു വര്‍ഗീസും അവതരിപ്പിക്കുന്നു. മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ ഗണേഷ്കുമാറും രഞ്ജിതയുമാണ് അവതരിപ്പിക്കുന്നതെന്നു സംവിധായകന് അരുണ്‍ ചന്തു പറഞ്ഞു.
ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം, ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് 'സാജന് ബേക്കറി സിന്‍സ് 1962'. ഛായാഗ്രഹണം ഗുരുപ്രസാദ് നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- അരവിന്ദ് മന്മഥന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജീവ് ചന്തിരൂര്‍, സംഗീതം- പ്രശാന്ത് പിള്ള, കലാസംവിധാനം- എം ബാവ, മേക്കപ്പ്- ഹസ്സന് വണ്ടൂര്‍, ഗാനരചന- അനു എലിസബത്ത് ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു അരവിന്ദ്, കോസ്റ്റ്യൂംസ്- ബ്യൂസി ബേബിജോണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- പ്രസാദ് നമ്പിയന്‍ കാവ്.
പത്തനംതിട്ട, റാന്നി, തേനി, ബംഗളൂരു എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ 'സാജന് ബേക്കറി ഫെബ്രുവരി 12ന് ഫന്റാസ്റ്റിക് ഫിലിം കമ്പനി തിയേറ്ററുകളിലെത്തിക്കും.