സി എന്‍ എ-
കുളു:
തെന്നിന്ത്യന്‍ സിനിമയില്‍ നായിക നിരയിലേക്ക് ഉയര്‍ന്നു വരുന്ന മലയാളി താരമാണ് വിവിയാ ശാന്ത്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് ചുവടു വെച്ച വിവിയ മലയാളത്തില്‍ 'ഇട്ടി മാണി', 'വിജയ് സൂപ്പറും പൗര്‍ണമിയും' എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്.
ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നു വരുന്ന പുതിയ ചിത്രമായ 'സമാറ'യില്‍ റഹ്മാന്റെ നായിക വിവിയയാണ്. കഥയേക്കാള്‍ ഉപരി നല്ല പ്രോജക്ടുകള്‍, നല്ല സംവിധായകര്‍ എന്നീ ഘടകങ്ങള്‍ക്ക് മുന്‍ഗണന നല്കി സെലക്ടീവായി അഭിനയിക്കുക എന്നതാണ് ഈ താരത്തിന്റെ സിദ്ധാന്തം.
മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷാ സിനിമാ വേദിയില്‍ നിന്നും ഈ കായംകുളം സ്വദേശിയെ തേടി ഓഫറുകള്‍ എത്തി തുടങ്ങി. തമിഴില്‍ ഭരത്തിന്റെ നായികയായി '6 ഹവേഴ്സ്', തെലുങ്കില്‍ നായികാ പ്രാധാന്യമുള്ള 'അംഗുലീയം' എന്നീ സിനിമകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 'സമാറ'യില്‍ റഹ്മാന്റെ ഭാര്യയായി ഹണി എന്ന നായികാ കഥാപാത്രത്തെയാണ് വിവിയാ ശാന്ത് അവതരിപ്പിക്കുന്നത്. ശക്തമായ നായികാ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്ന, അഭിനയ പാടവവുമുള്ള വിവിയാ ശാന്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായിക നിരയിലേക്ക് ഒരു ഭാവി വാഗ്ദാനമാണ്.
- സി. കെ. അജയ് കുമാര്‍