സി എന്‍ എ-
മുംബൈ:
സത്യസായി ബാബയുടെ ജീവചരിത്രം സിനിമയാകുന്നു. നടനും ഗായകനും പത്മശ്രീ ജേതാവുമായ അനൂപ് ജലോട്ടയാണ് ചിത്രത്തില്‍ സത്യസായി ബാബയായി എത്തുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. വിക്കി റണാവത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
അനൂപ് ജലോട്ട ഒരു സായ് ഭക്തനാണ്, മാത്രമല്ല സായി ബാബയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയുമായതിനാല്‍ അനൂപിന് ബാബയുടെ പെരുമാറ്റരീതികള്‍ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ കഴിയുന്നുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ഏറെ നാളുകള്‍ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്താന്‍ കാരണം സത്യസായിബാബയുടെ വേഷം വിക്കി വാഗ്ദാനം ചെയ്തതാണെന്ന് അനൂപ് ജലോട്ട പറയുന്നു.
സാധിക രന്ധവ, ജാക്കി ഷ്രോഫ്, ഗോവിന്ദ് നംദേവ്, അരുണ്‍ ബക്ഷി, മുഷ്താഖ് ഖാന് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. സുധക്കര് ശര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ബാപ്പി ലാഹിരി, സുമീത് തപ്പു എന്നിവരാണ്. എ വണ്‍ ക്രിയേഷന്റെ ബാനറില്‍ ബാല്‍കൃഷ്ണ ശ്രീവാസ്തവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആദ്യമായാണ് അനൂപ് ജലോട്ട ഒരു ബയോപിക്കില്‍ അഭിനയിക്കുന്നത്. സത്യസായി ബാബയെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്നും ബാബയുടെ ആശയങ്ങള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു.
2021 ജനുവരി 22ന് ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.