സി എന്‍ എ-
തിരു:
മലയാളം സിനിമ സീരിയല്‍ നടി ശരണ്യ ശശി (35) അന്തരിച്ചു.
ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
36 ദിവസത്തിലേറെയായി ശരണ്യ ആശുപത്രിയില്‍ കഴിയുകയാണെന്നും കീമോ തുടങ്ങിയതായും നടിയുമായ സീമ ജി നായര്‍ അറിയിച്ചിരുന്നു.
മെയ് 23 നാണ് ശരണ്യയെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റുകയായിരുന്നു. പിന്നീട് ജൂണ്‍ 10ന് കോവിഡ് നെഗറ്റീവായി റൂമിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ പനി കൂടിയതുകാരണം വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റുകയായിരുന്നു.
ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ മാറി ശരണ്യ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പിന്നീട് അസുഖം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുന്നത്. ഏഴു തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ വീണ്ടും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതായി കഴിഞ്ഞ മാര്‍ച്ചില്‍ യൂട്യൂബ് ചാനലില്‍ അമ്മ പറഞ്ഞിരുന്നു. ശരണ്യയുടെ യൂട്യൂബ് ചാനലില്‍ വന്ന് അമ്മയാണ് ഈ വിവരം പറഞ്ഞത്. സ്കാനിംഗ് റിപ്പോര്‍ട്ടില്‍ വീണ്ടും ട്യൂമര്‍ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏവരുടെയും പ്രാര്‍ത്ഥനയും ഇതുവരെ അകമഴിഞ്ഞ് സഹായിച്ചവരോടുള്ള നന്ദി അറിയിച്ചുമാണ് ശരണ്യയുടെ അമ്മ യൂട്യൂബ് വീഡിയോയില്‍ എത്തിയത്.
തനിക്ക് ലഭിച്ച ചികിത്സാ സഹായത്തിന്റെ ഒരു പങ്ക് പ്രളയബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
'ചാക്കോ രണ്ടാമന്' എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. 'ഛോട്ടാ മുംബൈ', 'തലപ്പാവ്', 'ബോംബെ' തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.