സി എന്‍ എ-
ചാലക്കുടി:
ഇത് സോണിയ. ബി എസ് സി ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി. മോഡലിംഗ് താല്പര്യമുള്ള അഭിനയം ഇഷ്ടപ്പെടുന്ന കലാകാരിയാണ്. നടന് ദിലീപിന്റെ കട്ട ഫാന്‍. താരങ്ങള്‍ക്കു ഫാന്‍സ് ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ കലാഭവന്‍ മണിയുടെ നാട്ടുകാരിയായ ഈ ചാലക്കുടിക്കാരിക്ക് ദിലീപ് എന്ന നടന് ഒരു ഹരമാണ്. നാലാമത്തെ വയസ്സില്ലാണ് സോണിയ ആദ്യമായി ദിലീപിന്റെ സിനിമ കാണുന്നത്. 'സിഐഡി മൂസ'. അന്നത്തെ നാലു വയസ്സുകാരിയുടെ മനസ്സില്‍ പതിഞ്ഞു പോയതാണ് 'സിഐഡി മൂസ' എന്ന ദിലീപിന്റെ മുഖം. പിന്നീട് 'സിഐഡി മൂസ' ടിവിയില്‍ വരുമ്പോഴെല്ലാം കാണും. അതിലെ കോമഡി രംഗങ്ങള്‍ കണ്ട് കൈ കൊട്ടിച്ചിരിക്കുന്ന സോണിയ ഇപ്പോള്‍ ഡിഗ്രി വിദ്യാര്‍ഥിയാണെങ്കിലും പഴയ സോണിയ തന്നെയാണ്. ദിലീപിന്റെ എല്ലാ സിനിമയും കാണാറുള്ള സോണിക്ക് ഏറ്റവും ഇഷ്ടം കോമഡി സിനിമകള്‍ ആണ്. ചാലക്കുടിയില്‍ ദിലീപിന്റെ 'ഡി സിനിമാസില്‍' പോകുമ്പോഴെല്ലാം സോണിയയെ ആകര്‍ഷിച്ചത് തീയറ്ററിന്റെ ചുവരില്‍ പതിച്ചിരിക്കുന്ന ദിലീപിന്റെ കൂറ്റന്ചിത്രങ്ങളാണ്. 'അവിടെ പോകുമ്പോഴൊക്കെ ദിലീപേട്ടന്റെ ഫോട്ടോക്കരുകില് നിന്ന് സെല്‍ഫി എടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പലവട്ടം ശ്രമിച്ചിട്ടും തിയേറ്ററിലെ തിരക്ക് കാരണം അതിന് കഴിഞ്ഞില്ല' എന്ന് സോണി പറയുന്നു. 'ഒരു ബ്യൂട്ടി കണ്ടെസ്റ്റിന്റെ ഭാഗമായി ചാലക്കുടി പുഴയോരത്ത് വച്ച് നടന്ന ഫോട്ടോ ഷൂട്ട് കഴിഞ്ഞു മടങ്ങാന്‍ നേരം, തൊട്ടടുത്ത് തന്നെയാണ് ദിലീപേട്ടന്റെ ഡി സിനിമാസ്. ഡി സിനിമാസിലുള്ള ദിലീപേട്ടന്റെ ഫോട്ടോക്കടുത്തു നിന്ന് കുറച്ച് ഫോട്ടോ എടുത്തു തരുമോയെന്നു ഫോട്ടോഗ്രാഫറോട് ചോദിച്ചു. പുള്ളിക്കാരന് ഓക്കെ പറഞ്ഞതോടെ ഞങ്ങള്‍ നേരെ ഡി സിനിമാസിലേക്ക് ചെന്നു തിയേറ്ററിലുണ്ടായിരുന്ന ജോലിക്കാരോട് സംഭവം പറഞ്ഞു. ലോക്ഡോണ്‍ കാരണം എട്ടുമാസമായി തീയേറ്റര്‍ അടച്ചിട്ടിരിക്കുകയായിരുന്നു.' ദിലീപിന്റെ ആരാധികയായ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം തിയേറ്റര്‍ ജോലിക്കാര്ഫോട്ടോ എടുക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. തീയറ്ററിന്റെ ചുവരില്‍ ചേര്‍ത്തുവച്ചിരിക്കുന്ന അതി മനോഹരമായ ദിലീപിന്റെ വലിയ ചിത്രത്തിനരുകില്‍ നിന്ന് സോണിയ പോസ് ചെയ്തു. ഇരുപത് മിനിറ്റ് കൊണ്ട് ഫോട്ടോയെടുത്തു മടങ്ങി. 'സിഐഡി മൂസ' പുതിയ രീതിയില്‍ വീണ്ടും വരുന്നുവെന്ന് കേട്ടപ്പോഴുള്ള സന്തോഷവും സോണിയ മറച്ചുവയ്ക്കുന്നില്ല.