Editor- MM Kamath
കൊച്ചി:
അന്റോണിയോ മോഷന്‍ പിക്ചേഴ്സ് & സമീര്‍ മൂവീസിന്റെ ബാനറില്‍ ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന 'താര' എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു.
ആണ് പെണ് ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചര്‍ച്ച ചെയ്യുന്ന സിനിമ ആണ്‍കോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു.
ചെന്നൈ നഗരത്തില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്.
തമിഴ് ത്രില്ലര്‍ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദെസ്വിന്‍ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്. ഇതിനകം നിരവധി പരസ്യചിത്രങ്ങള്‍ ദെസ്വിന്‍ പ്രേം സംവിധാനം ചെയ്തിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സിനിമയെ ഇളക്കിമറിച്ച 'രാക്ഷസന്' എന്ന സിനിമയിലെ സൈക്കോ ക്രിമിനല്‍ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാന് ശരവണന് ആദ്യമായി മലയാളത്തില്‍ പ്രധാന വേഷത്തില്‍ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി 'താര'യ്ക്കുണ്ട്.
കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് അനുശ്രീ 'താര'യില്‍ എത്തുന്നത്.
ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'മാലിക്ക്' സിനിമയിലൂടെ ശ്രദ്ധേയനായ സനല്‍ അമനാണ്. ഒപ്പം വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പ്രധാന താരങ്ങങ്ങളായുണ്ട്.
'തൊടുപ്പി', 'ഉതിരിപ്പൂക്കള്‍', 'മറിയാര്‍പൂതം' തുടങ്ങിയ തമിഴ്, മലയാളം സിനിമകളുടെ നിര്‍മ്മാതാവായ സമീര്‍ പി.എം ആണ് 'താര'യുടേയും നിര്‍മ്മാതാവ്. സംവിധായകന്റെ തന്നെ തിരക്കഥയ്ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിര്‍വ്വഹിക്കുന്നു.
ക്യാമറ: ബിബിന്‍ ബാലകൃഷ്ണന്, സംഗീതം: വിഷ്ണു വി ദിവാകരന്, എഡിറ്റിങ്ങ്: വിനയന് എം.ജെ, വസ്ത്രാലങ്കാരം: അഞ്ജന തങ്കച്ചന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഷാന്‍ പുലിക്കൂടന്‍, പി.ആര്.ഒ: പ്രതീഷ് ശേഖര്‍, കാസ്റ്റിങ്ങ് ഡയറക്ടര്‍: ജെബിന് ജെസ്മസ്, മേക്കപ്പ്: മണികണ്ഠന് മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സജിത്ത് പഗോമേത്.
Online PR - CinemaNewsAgency.Com