ന്യൂസ് ഡെസ്ക്-
പാലക്കാട്:
നൃത്തവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് ചുവടുവെയ്ക്കുമ്പോള് ആത്മകഥാംശത്തിനു കാഴ്ചാനുഭവം സൃഷ്ടിക്കാനൊരുങ്ങുകയാണ് നവാഗത സംവിധായകന് ശ്രീജിത്ത് മാരിയല്‍. പൂര്‍ണമായും നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ കഥകളിയുടെ ഭാവപരിണാമത്തിനെ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് 'തഥാഗത' എന്ന ഹ്രസ്വ ചിത്രം ഒരുങ്ങുന്നുത്.
'തഥാഗത'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. കേരളപ്പിറവിയോടനുബന്ധിച്ചു ചലച്ചിത്ര താരങ്ങളായ നരേനും ഷൈന്‍ ടോം ചാക്കോയുമാണ് സോഷ്യല്‍ മീഡിയകളില്‍ 'തഥാഗത'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഒരു നൃത്തകഥാകാരന്റെ ജീവിതത്തെ യഥാര്ഥഭാവത്തോടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് ഒരു ബയോഫിക്ഷന് ഡ്രാമ മൂവിയായി ഒരുക്കുന്നത്. ഒരു നര്‍ത്തകന്റെ കലാജീവിതത്തിലെ വളര്‍ച്ചയും ഒപ്പം വ്യക്തി ജീവിതത്തിലെ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ശ്രീജിത്തിന്റെ കലാജീവിതത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ യഥാഹസ്ത 'തഥോ മനവ' എന്ന ഡോക്യുമെന്ററിയെ ആസ്പദമാക്കിയാണ് ചിത്രം വികസിക്കുന്നിത്.
ശ്രീജിത്ത് മാരിയല്‍ ഒരുക്കിയ യഥാ ഹസ്ത തഥോ മന സൗത്ത് ഇന്ത്യന്‍ സിനിമാ ടെലിവിഷന്‍ അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഫിലിം ഫെസ്റ്റിവലില്‍ എക്സലന്‍സ് പുരസ്കാരം നേടിയിരുന്നു.
ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ പുരോഗമിക്കുകയാണിപ്പോള്‍. 20ന് പാലക്കാട് ചിത്രീകരണം ആരംഭിക്കും. നൃത്ത, കഥകളി മേഖലയിലെ പ്രതിഭകളാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്. കാമറക്കു മുന്നിലും പിന്നിലും നവാഗതരായ നിരവധിപേരെ അണി നിരത്തുന്ന ചിത്രം പാലക്കാട്ടെ പ്രശസ്ത നൃത്തവിദ്യാലയമായ ശ്രീ കലാക്ഷേത്രയുടെ പേരിലുള്ള ബാനറിലാണ് ഒരുക്കുന്നത്.
ചിത്രത്തിന്റെ കഥ ശ്രീജിത്തും തിരക്കഥ മാധ്യമപ്രവര്‍ത്തകനായ ലിജിന്‍ കെ. ഈപ്പനുമാണ് എഴുതുന്നത്. മുരളീകാന്ത് കലാസംവിധാനവും സാരംഗ്, കണ്ണന് ആബ്രോസ് എന്നിവര്‍ സംഗീതവും ഒരുക്കുന്നു. ചിത്രം ക്രിസ്തുമസ്സോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.