അഞ്ജു അഷറഫ്-
കൊച്ചി :
പ്രകൃതിദുരന്തങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ സിനിമ. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു ദുരന്തമുഖത്ത് ജീവിക്കുന്ന സാധാരണക്കാരായ കുറെ മനുഷ്യരുടെ കരള്‍ പിടയുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ശക്തമായ ദൃശ്യാവിഷ്കാരമാണ് ശരത്ചന്ദ്രന് വയനാട് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന 'ദി ഷോക്ക്' എന്ന ഷോര്‍ട്ട് ഫിലിം. എം ആര് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പികെ മുനീര്‍, എംപി റഷീദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഷോര്‍ട് ഫിലിമില്‍ നടന് അബുസലീം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രകൃതി ദുരന്തത്തിന്റെയും അതിജീവനത്തിന്റെയും സത്യസന്ധമായ ജീവിതാനുഭവമാണ് സിനിമയില്‍ പകര്‍ത്തിയിരിക്കുന്നതെന്ന് സംവിധായകന് ശരത്ചന്ദ്രന് വയനാട് പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കടുത്ത പ്രളയവും ഉരുള്‍പൊട്ടലും ഒക്കെയാണ് മലയാളികള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. വരുംവര്‍ഷങ്ങളില്‍ വലിയ പ്രകൃതിദുരന്തങ്ങള്‍ നമ്മെ കാത്തിരിക്കുന്നു എന്ന വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിക്കപ്പെടുന്ന കാലത്തോളം മണ്ണും പുഴയും നമ്മുടെ നാടിനോടും ഇവിടുത്തെ മനുഷ്യരോടും പകരംവീട്ടി കൊണ്ടേയിരിക്കും. നമുക്കു വേണ്ടി വരും തലമുറയ്ക്കു വേണ്ടി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ദുരന്തമുഖത്ത് തന്റെ മണ്ണിനെയും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട എത്രയോപേര്‍. അവരില്‍ ഒരാളായ ഹംസയുടെ കഥയാണ് 'ദി ഷോക്ക്'. പ്രകൃതി ദുരന്തത്തില്‍ തന്റെ കുടുംബത്തെ നഷ്ടപ്പെടുന്ന ഹംസക്കു തിരികെ ലഭിക്കുന്നത് പേരക്കുട്ടിയെ മാത്രമാണ്. പ്രിയപ്പെട്ടവര്‍ മണ്ണിനടിയില്‍ അകപ്പെട്ട യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാത്ത മാനസികാവസ്ഥയില്‍ നില്ക്കുന്ന ഹംസയുടെ ഉത്തരവാദിത്വം കൂടിയാണ് കൊച്ചുമകളായ സൈറ. തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും കണ്മുന്നിലെ മണ്ണില്‍ തന്നെ പ്രിയപ്പെട്ടവര്‍ ഉണ്ടെന്ന വിശ്വാസത്തില്‍ ആ മണ്ണിനെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഹംസ ദുരന്തം വരുത്തിയ ആഘാതവും ദൈന്യതയും രൗദ്രതയും കാഴ്ചക്കാര്‍ക്ക് പങ്കുവയ്ക്കുന്നു. മലയാളത്തിലെ പ്രിയ നടന് അബുസലീം അതിസൂക്ഷ്മമായ ഭാവാഭിനയം കൊണ്ട് ഹംസയെ മികവുറ്റതാക്കിയിരിക്കുന്നു. അബുസലിം എന്ന നടന്റെ ഇതുവരെ കാണാത്ത ഒരു മുഖമാണ് ഹംസയിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. വര്‍ഷങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ ഇത്രയും ശക്തമായ ഒരു കഥാപാത്രത്തെ ലഭിച്ചിട്ടില്ലെന്നു അബുസലിം പറഞ്ഞു. അബൂസലീമിന് ഒപ്പം ബേബി അമേയ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിചിരിക്കുന്നത്. മറ്റു നിരവധി അഭിനേതാക്കളും സിനിമയില്‍ അണിനിരക്കുന്നുണ്ട് പോള്‍ ബത്തേരി ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ്- ആഷിക് ഷാന്‍, സംഗീതം- കുഞ്ഞുമുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- താഹിര്‍ മട്ടാഞ്ചേരി. ഷോക്കിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ത്രീ മില്യണ്‍ വ്യൂസുമായി മുന്നേറുന്ന ട്രെയിലര്‍ കണ്ടു വയനാട് എംപി രാഹുല്‍ ഗാന്ധി സംവിധായകന് ശരത് ചന്ദ്രനെയും നടന് അബൂ സലീമിനെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിച്ച് ട്വീറ്റു ചെയ്തത് ഇതിനോടകം വാര്‍ത്തയായിരുന്നു. നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ നോമിനേഷന് ലഭിച്ച ദി ഷോക്കിന്റെ റിലീസ് നവംബര്‍ ഒന്നിന് ഞായറാഴ്ച കല്‍പ്പറ്റ വുഡ്ലാന്റ്സ് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ നടക്കും. അന്നേദിവസം പ്രശസ്ത വ്യക്തികളുടെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. പ്രകൃതിയെ ചേര്‍ത്തുപിടിക്കുന്ന ആവശ്യകതയെ ഉദ്ബോധിപ്പിക്കുന്ന ദി ഷോക്കിനെ പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് ശരത്ചന്ദ്രന് വയനാടും അബൂസലീമും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍.