CNA
കൊച്ചി:
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചലച്ചിത്രരംഗത്തോടൊപ്പം രാഷ്ട്രീയരംഗത്തും കൗതുകം സൃഷ്ടിച്ച 'തീ' എന്ന അനില്‍ വി. നാഗേന്ദ്രന്റെ വ്യത്യസ്തമായ റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആഗസ്റ്റ് 12 ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു.
മുഹമ്മദ് മുഹസിന് എം.എല്‍.എ. നായകനാകുന്ന ചിത്രത്തില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം ജനപ്രിയ രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖരും ആദ്യമായി വെള്ളിത്തിരയിലേക്കെത്തുകയാണ്.
ഒരു എം.എല്‍.എ. നായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'തീ'യ്ക്കുണ്ട്.
'വസന്തത്തിന്റെ കനല് വഴികളില്‍' എന്ന ശ്രദ്ധേയമായ ചിത്രത്തില്‍ ദേശീയ പുരസ്കാര ജേതാക്കളായ സുരഭി ലക്ഷ്മിയെയും സമുദ്രക്കനിയെയും നായികാനായകന്മാരാക്കി മലയാള ചലച്ചിത്രലോകത്ത് അവതരിപ്പിച്ച അനില്‍ വി. നാഗേന്ദ്രന്, തന്റെ രണ്ടാമത്തെ ചിത്രമായ 'തീ'യില്‍ മുഹമ്മദ് മുഹ്സിനെയും സാഗരയെയും പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചുകൊണ്ട് തന്റെ വേറിട്ട നിലപാട് വ്യക്തമാക്കുന്നു.
ആദര്‍ശധീരരായ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരും അധികാരശക്തിയും അന്തര്‍ദ്ദേശീയ ശൃംഖലകളുമുള്ള അധോലോകവുമായുള്ള പോരാട്ടം പ്രമേയമാകുന്ന ചിത്രത്തില്‍, സസ്പെന്‍സും ആക്ഷനും പ്രണയവും മനോഹരങ്ങളായ നിരവധി ഗാനങ്ങളും മനസ്സുകളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന നന്മകളുടെ സന്ദേശങ്ങളുമുണ്ട്.
അധോലോകനായകനായി ആരും പ്രതീക്ഷിക്കാത്ത രൂപഭാവങ്ങളോടെ ജനപ്രിയ നടന് ഇന്ദ്രന്‍സ് എത്തുമ്പോള്‍ ഉറച്ചനിലപാടുകളുള്ള മാധ്യമ സ്ഥാപന മേധാവിയുടെ വേഷത്തില്‍ പ്രേംകുമാറും പ്രേക്ഷക മനസ്സില്‍ എന്നും തങ്ങി നില്ക്കുന്ന 'ഘടോല്ക്കചന്' എന്ന വില്ലനായി, 'വസന്തത്തിന്റെ കനല് വഴികളില്‍' എന്ന ചിത്രത്തില്‍ സമുദ്രക്കനിയ്ക്കൊപ്പം നായകവേഷം ചെയ്ത ഋതേഷും വളരെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ രമേഷ് പിഷാരടിയും വിനു മോഹനും അരിസ്റ്റോ സുരേഷും ഉല്ലാസ് പന്തളവും കോബ്രാ രാജേഷും ജയകുമാറും(തട്ടീം മുട്ടീം ഫെയിം) സോണിയ മല്‍ഹാറും രശ്മി അനിലും വി.കെ. ബൈജുവും മറ്റുമെത്തുന്നു.
ഏവരിലും കൗതുകമുണര്‍ത്തിക്കൊണ്ട് സി.ആര്. മഹേഷ് എം.എല്‍.എ., കെ.സുരേഷ് കുറുപ്പ് എക്സ് എം.പി., കെ. സോമപ്രസാദ് എക്സ്. എം.പി., മലയാളികളുടെ അഭിമാനമായ ജീവകാരുണ്യ പ്രവര്ത്തകന് നാസര്‍ മാനു, വിപ്ലവഗായിക പി.കെ. മേദിനി, ഗായകന് ഉണ്ണി മേനോന്, ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സൂസന് കോടി, നാടന്‍ പാട്ടിന്റെ കുലപതി സി.ജെ. കുട്ടപ്പന്, അരനൂറ്റാണ്ടിലധികമായി നാടകരംഗത്ത് ശോഭിക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍, സാഹസിക നീന്തലില്‍ ഗിന്നസ് ലോക റെക്കോഡ് ജേതാവ് ഡോള്‍ഫിന്‍ രതീഷ് തുടങ്ങിയവര്‍ മികച്ച വേഷങ്ങളുമായി പ്രസിദ്ധ താരങ്ങള്‍ക്കാപ്പം മത്സരിച്ചഭിനയിക്കുന്നുമുണ്ട്.
ലഹരിവസ്തുക്കള്‍, കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍, പ്രകൃതി നശീകരണം, ആത്മഹത്യ, മൊബൈല്‍ ഫോണിന്റെ ദുരുപയോഗങ്ങള്‍, അഴിമതി, സ്ത്രീ പീഡനങ്ങള്‍ തുടങ്ങിയവക്കെതിരെ ശക്തവും ഹൃദ്യവുമായ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ 'തീ' യുടെ വിജയത്തിനു വേണ്ടി 'നന്മകളുടെ പക്ഷം ചേര്‍ന്ന് ഒരു സഹൃദയ കൂട്ടുകെട്ട്' എന്ന പേരില്‍ ഒരു സംഘടന സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.
ആഗസ്റ്റ് 12 മുതല്‍ എല്ലാ ദിവസവും 'തീ' പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളും പരിസരവും ദീപാലംകൃതമാക്കുവാനും തീരുമാനിച്ചു.
അഭിനയരംഗത്തും സംഗീതരംഗത്തും നിരവധി പുതുമുഖങ്ങള്‍ക്ക് 'തീ'യില്‍ അവസരം നല്‍കിയിട്ടുണ്ട്. എം.എസ്. ബാബുരാജിന്റെ കൊച്ചുമകള്‍ നിമിഷ സലിം, ദീര്‍ഘകാലമായി സംഗീതരംഗത്തു നില്ക്കുന്ന ഗായകന് കലാഭവന്‍ സാബു, മണക്കാട് ഗോപന്, സോണിയ ആമോദ്, കെ.എസ്. പ്രിയ, ശുഭ രഘുനാഥ്, വരലക്ഷമി, റെജി കെ. പപ്പു, നടന് ഉല്ലാസ് പന്തളം തുടങ്ങിയവരെ പിന്നണി ഗാനലോകത്തേക്കെത്തിക്കുന്ന ചിത്രം കൂടിയാണിത്.
കേരള നിയമസഭാ ഹാളില്‍ പ്രിവ്യു ഷോ നടത്തിക്കൊണ്ടു നിയമസഭാ ചരിത്രത്തിലും സിനിമാചരിത്രത്തിലും ഒരുപോലെ ഇടംനേടിയ ചിത്രംകൂടിയാണ് 'തീ'.
'യൂ' ക്രീയേഷന്സിന്റെയും വിശാരദ് ക്രീയേഷന്സിന്റെയും ബാനറില്‍ റ്റി. മലയമാനും അനില്‍ വി. നാഗേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
അഞ്ചല്‍ ഉദയകുമാര്‍ പശ്ചാത്തലസംഗീതം ഒരുക്കുന്നു. ദേശീയതലത്തില്‍ ശ്രദ്ധേയനായ ക്യാമറാമാന് കവിയരശിന്റെ നേതൃത്വത്തിലാണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കാര്ത്തികേയന്, എഡിറ്റിംഗ്- ജോഷി എ. എസ്, പ്രശാന്ത് ജയ്, കലാസംവിധാനം- കെ. കൃഷ്ണന്‍കുട്ടി, മേക്കപ്പ്- ലാല്‍ കരമന, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, സംഘട്ടനം- ബ്രൂസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മുരളി നെട്ടാത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍- സുധീഷ് കീച്ചേരി, സൗണ്ട് ഡിസൈനര്‍- എന്‍.ഹരികുമാര്‍, വിഷ്വല്‍ എഫക്ട്സ്- മുരുകേഷ് വരണ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com