സി എന്‍ എ-
കൊച്ചി:
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഛായാഗ്രാഹകനും സംവിധായകനുമാണ് രാജീവ് രവി.
സംവിധായകനെന്ന നിലയിലും ഛായാഗ്രാഹകനെന്ന നിലയിലും രാജീവ് രവിയുടെ ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു സിഗ്നേച്ചര്‍ ഉണ്ട്. ആശയപരമായും സാങ്കേതികപരമായും മികച്ച നിലവാരംപുലര്‍ത്തുന്ന സിനിമകള്‍.
രാജീവ് രവി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് 'തുറമുഖം'. അതുകഴിഞ്ഞുള്ള സിനിമയാണ് 'കുറ്റവും ശിക്ഷയും'.
നിവിന്‍ പോളി, നിമിഷ സജയന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തുറമുഖം' അതിന്റെ ചിത്രീകരണ ഘട്ടത്തില്‍ തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കണ്ണൂരിലെ കൂറ്റന്‍ സെറ്റില്‍ ധാരാളം ആര്‍ട്ടിസ്റ്റുകളും അതിനേക്കാള്‍ കൂടുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'തുറമുഖം'.
രാജീവ് രവി സംവിധാനം ചെയ്ത ഓരോ സിനിമയും വ്യത്യസ്ത അനുഭവങ്ങളാണ്... വൈവിധ്യമായ കാഴ്ചകളാണ് നല്‍കുന്നത്. രാജീവ് രവി മുന്‍പു ചെയ്ത ചിത്രങ്ങളിലേക്ക് നോക്കിയാല്‍ 'തുറമുഖം' പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക. ചരിത്രപരമായ ഒരു അടയാളപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ. രാജീവ് രവി എന്ന ഛായാഗ്രാഹകനെയും സംവിധായകനെയും അതിലുപരി മികച്ച ഒരു കലാകാരനെ തുറമുഖത്ത് കാണാന്‍കഴിയും. തുറമുഖവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ഏറ്റവും പുതിയ വാര്‍ത്ത അന്‍പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്ക്രീന്‍ കോമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്. വിവിധ രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നാണ് 'തുറമുഖം'.
ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ് റോട്ടര്‍ഡാം ഫെസ്റ്റിവല്‍. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന് ചിദംബരം ആണ് തുറമുഖത്തിന്റെ തിരക്കഥഎഴുതിയിരിക്കുന്നത്. എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.
കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'.