എഎസ് ദിനേശ്-
കൊച്ചി::
മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന് എ.ജി നിര്‍മ്മിക്കുന്ന ചിത്രമാണ് 'വരയന്‍'. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സിജു വിത്സണ്, ലിയോണ ലിഷോയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണിയന്‍പിള്ള രാജു, വിജയരാഘവന്, ജോയ് മാത്യു, ബൈജു എഴുപുന്ന, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, സുധാകരന് കെപി, ബിന്ദു പണിക്കര്‍, അംബിക മോഹന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
കുറ്റവാളികളാലും ഗുണ്ടകളാലും നിറഞ്ഞ ഒരു തുരുത്തായി മാറിയ കലിപ്പക്കര ഗ്രാമത്തിലേക്ക് കപ്പൂച്ചിന്‍ വിഭാഗത്തില്‍ പെട്ട എബിയച്ചനെ സഭ അവിടെയ്ക്ക് വിടുന്നു. ഒന്ന് പ്രസംഗിക്കാന്‍ പോലും അറിയാത്ത എബിയച്ചന് നാട്ടുകാര്‍ക്കിടയില്‍ പ്രിയപ്പെട്ടവനാകുന്നു. തുടര്‍ന്ന് ആ തുരുത്തില് ഉണ്ടാകുന്ന സംഭവ ബഹുലവും രസകരവുമായ മുഹൂര്‍ത്തങ്ങളാണ് 'വരയന്‍' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.
ഡാനി കപ്പൂച്ചിന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന് നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന് എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു.