അഞ്ജു അഷറഫ്-
കൊച്ചി:
വോഗ് ഇന്ത്യ മാഗസിന്റെ പുതിയ കവര്‍ ചിത്രം കേരളത്തിന്റെ ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചറുടെതാണ്. കേരളത്തില്‍ നിന്ന് വിരലിലെണ്ണാവുന്ന വ്യക്തികള്‍ മാത്രമേ ഇതുവരെ വോഗ് ഇന്ത്യ മാസികയുടെ കവര്‍ ചിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളു. ഫാഷന്‍, സംസ്കാരം, ജീവിതശൈലി എന്നീ വിഷയങ്ങളില്‍ ഊന്നല്‍ നല്കുന്ന മാഗസിന്റെ 2019 ഒക്ടോബര്‍ മാസം കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് മലയാളത്തിന്റെ ജെന്റില്മാന് ഹീറോ ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ നായിക നയന്‍താരയും തെലുങ്ക് യങ് ഡൈനാമിക് ഹീറോ മഹേഷ് ബാബുവും ചേര്‍ന്നുള്ള ചിത്രമാണ്.
കൃത്യം ഒരു വര്‍ഷത്തിനുശേഷമാണ് ഒരു മലയാളിയുടെ മുഖം കവര്‍ ചിത്രമായി വോഗ് ഇന്ത്യ മാഗസിന് നല്‍കുന്നത്. പന്ത്രണ്ടാമത് ആനിവേഴ്സറി സ്പെഷ്യല്‍ പതിപ്പ് സൂപ്പര്‍ സൗത്ത് എന്ന സബ്ടൈറ്റിലോട്കൂടിയാണ് ദുല്‍ഖര്‍ സല്മാന്, നയന്‍താര, മഹേഷ് ബാബു എന്നിവരുടെ കവര്‍ചിത്രം എത്തിയത്.
സിനിമയും ശ്രീമതി ടീച്ചറും തമ്മില്‍ എന്ത് ബന്ധം എന്ന് സംശയിക്കുന്നവര്‍ ഉണ്ടാകാം. അവരോട് മാത്രമായി ഒരു കാര്യം പറയാം. ഓര്‍മ്മയുണ്ടോ കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ പലഭാഗങ്ങളിലായി പടര്‍ന്നുകയറിയ നിപ്പാ വൈറസ് എത്രയോ പേരുടെ ജീവന് കൊണ്ടുപോയി. നിപ്പാ വാര്‍ഡിലെ നഴ്സ് ലിനി പുതുശ്ശേരി കേരളത്തിന്റെ വേദനയായി മാറിയില്ലേ.
മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും നേതൃത്വത്തില്‍ ഒരു നാട് ഒന്നായി പരിശ്രമിച്ചതിന്റെ ഫലമായി നിപ്പയെ പിടിച്ചുകെട്ടാന്‍ സാധിച്ചു. ആഷിക് അബു സംവിധാനം ചെയ്ത 'വൈറസ്' എന്ന സിനിമയില്‍ നിപ്പാ പനിയെ കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. ആ സിനിമയില്‍ രേവതി അവതരിപ്പിച്ച കഥാപാത്രം ഓര്‍മ്മപ്പെടുത്തുന്നത് ശൈലജ ടീച്ചറേയാണ്. ടീച്ചറുടെ നിരന്തരമായ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കിയാണ് കഥാപാത്ര സൃഷ്ടിച്ചിരിക്കുന്നത്.
നിപ്പയുടെ അലകള്‍ അടങ്ങും മുമ്പ് എത്തിയ കൊറോണവൈറസ് ലോകമാകെ ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടിരിക്കെ കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്ത ധീരയും പോരാളിയുമായ കേരളത്തിന്റെ ആരോഗ്യ മന്ത്രിയെയാണ് വോഗ് ഇന്ത്യ മാഗസിന് കവര്‍ചിത്രം നല്കി ആദരിച്ചത്.
പകര്‍ച്ചവ്യാധിയെ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഐക്യരാഷ്ട്രസഭയുടെ ആദരം ശൈലജ ടീച്ചര്‍ക്ക് നേരത്തേ ലഭിച്ചിരുന്നു. ആഗോളതലത്തില്‍ പകര്‍ച്ചവ്യാധിയോട് കൃത്യമായി പ്രതികരിച്ച ചുരുക്കം ചില നേതാക്കളില്‍ ഒരാളായി ശൈലജ ടീച്ചര്‍ ഇപ്പോഴും അറിയപ്പെടുന്നു. 'ഭയപ്പെടേണ്ട സമയമല്ല, ഭയത്തെക്കാള്‍ കൂടുതല്‍ ഇടപെടുകയാണ് വേണ്ടതെ'ന്ന ടീച്ചറുടെ ഉറച്ച നിലപാടിനെ ആദരിച്ചു കൊണ്ടാണ് മാഗസിന് കവര്‍ ചിത്രം നല്‍കിയത്.
ശൈലജ ടീച്ചറുടെ കവര്‍ ചിത്രവുമായി 'വോഗ്' മാഗസിന്റെ നവംബര്‍ ലക്കം പുറത്തിറങ്ങിയ ഉടനെ അഭിനന്ദനം അറിയിച്ചുകൊണ്ട് തെന്നിന്ത്യന്‍ ചലച്ചിത്ര നടി നയന്‍താരയാണ് ഫേസ്ബുക്കില്‍ ആദ്യ കുറിപ്പ് ഇട്ടത്. തൊട്ടുപിന്നാലെ എത്തിയ ഫഹദ് ഫാസിലിന്റെ കുറിപ്പും വൈറലായി. ചലച്ചിത്ര മേഖലയില്‍ നിന്നുമാത്രമല്ല മറ്റു പല മേഖലയില്‍ നിന്നും അനവധി ആളുകള്‍ ഷൈലജ ടീച്ചര്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. വോഗ് ഇന്ത്യ മാഗസിന് കവര്‍ ചിത്രം ടീച്ചര്‍ക്ക് മാത്രമല്ല കേരളത്തിനു ലഭിച്ചവലിയ ആദരവാണ്... അംഗീകാരമാണ്.
മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്കും സിനിമാ ന്യൂസ് ഏജന്‍സിയുടെ അഭിനന്ദനങ്ങള്‍. മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ കരുത്തുറ്റ ചുവടുകള്‍ വയ്ക്കാന്‍ സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.