അഞ്ജു അഷ്റഫ്-
മമ്മൂട്ടി നായകനായി അഭിനയിച്ച 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ജി. മാര്‍ത്താണ്ഡന്‍ എന്ന യുവസംവിധായകന്റെ തുടക്കം. പ്രശസ്തരായ പല സംവിധായകരുടെയും കീഴില്‍ വര്‍ഷങ്ങളോളം സഹസംവിധായകനായി പ്രവര്‍ത്തിച്ചു പരിശീലനം നേടിയ ശേഷമാണ് സ്വതന്ത്ര സംവിധായകനാകുന്നത്. ഇന്നത്തെ സിനിമയ്ക്ക് ആവശ്യമില്ലാത്തതും ഈ പരിചയസമ്പന്നതയാണ്. 2013ല്‍ 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' സംവിധാനം ചെയ്യുമ്പോള്‍ 19 വര്‍ഷത്തെ ചലച്ചിത്ര ജീവിത പാഠങ്ങളായിരുന്നു മാര്‍ത്താണ്ഡന്റെ കൈമുതല്‍. ആദ്യ സിനിമയ്ക്ക് ഗംഭീരമായ വരവേല്‍പ്പ് ലഭിച്ചു. 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസി'നെ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. 2015ല്‍ രണ്ടാമത്തെ മമ്മൂട്ടി ചിത്രമായ 'അച്ഛാദിന്‍' ഒരുക്കി. വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെപോയ ചിത്രമായിരുന്നു 'അച്ഛാദിന്‍'.
'ഞാന്‍ സഹസംവിധായകനായിരുന്ന കാലത്ത് മമ്മൂക്കയുടെ സിനിമയിലാണ് അധികവും വര്‍ക്ക് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹവുമായി നല്ലൊരു അടുപ്പമുണ്ടായിരുന്നു. സ്വന്തമായി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സൂചിപ്പിച്ചപ്പോള്‍ നമുക്ക് ചെയ്യാം വേഗം കഥ റെഡിയാക്കിക്കോന്ന് പറഞ്ഞു. വലിയ സപ്പോര്‍ട്ട് തന്ന ആളാണ് മമ്മുക്ക'യെന്നു സംവിധായകന് ജി. മാര്‍ത്താണ്ഡന്‍ സി എന്‍ എയോട് പറഞ്ഞു.
'തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിനോട് സംഭവം പറയുകയും മമ്മൂട്ടി സാറിന് പറ്റിയ സ്ക്രിപ്റ്റ് റെഡിയാക്കുകയും ചെയ്തു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഇന്റര്‍നാഷണലിന്റെ അന്നത്തെ ട്രഷറര്‍ ഫൈസല്‍ ലത്തീഫാണ് സിനിമ നിര്‍മ്മിച്ചത്. മുടി നീട്ടി വളര്‍ത്തിയ ഒരു പുത്രന്റെ കഥയായതുകൊണ്ട് മുടിയനായ പുത്രനെന്നു പേരിടുകയും അത് പെട്ടെന്ന് വാര്‍ത്തയാവുകയും അടുത്ത സുഹൃത്തുക്കളില്‍ പലരും വിളിച്ച് ആപേര് ശരിയല്ല മാറ്റണമെന്ന് പറഞ്ഞപ്പോള്‍ മുടിയനായപുത്രനെ ഒഴിവാക്കി 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്നാക്കി. മമ്മൂക്കയോട് കഥ പറയുന്ന സമയത്ത് നമ്മള് പ്ലാന്‍ ചെയ്തത് നാടക പ്രസ്ഥാനവുമൊക്കെയായി ബന്ധപ്പെട്ടുനില്ക്കുന്ന ഒരു സംവിധായകന്റെ വേഷമായിരുന്നു. കഥകേട്ട് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ മമ്മുക്ക തിരക്കഥാകൃത്ത് ബെന്നിചേട്ടനെ വിളിച്ചു കഥയില്‍ ഒരു ട്വിസ്റ്റ് വേണമെന്നും യേശുക്രിസ്തുവിന്റെ വേഷം ഞാന്‍ ചെയ്താല്‍ എങ്ങനെ ഉണ്ടാകുമെന്നും ചോദിച്ചു. ബെന്നി ചേട്ടന് അപ്പോള്‍ തന്നെ ഒക്കെ പറഞ്ഞു. മമ്മൂക്ക അങ്ങനെ പറയണമെങ്കില്‍ എന്തെങ്കിലും കാര്യം ഉണ്ടാകും. യേശുക്രിസ്തുവായി മമ്മുക്ക വരുമ്പോള്‍ കഥ മൊത്തം മാറുകയാണ്. മമ്മൂക്കയും തിരക്കഥാകൃത്ത് ബെന്നി ചേട്ടനും തമ്മിലുള്ള ആത്മബന്ധവും അവരുടെ കെമിസ്ട്രിയും ഭയങ്കരമാണ്. ഷൂട്ടിംഗ് തുടങ്ങുന്നതിനും വളരെ മുമ്പേ യേശുക്രിസ്തുവിന്റെ ശരീരഘടനയിലേക്ക് എത്താനുള്ള തയ്യാറെടുപ്പുകള്‍ മമ്മൂക്ക നടത്തിയിരുന്നു. ശരീരത്തില്‍ മുറിവുകളുമായി കുരിശില്‍ കിടക്കുന്ന മമ്മുക്കയെകണ്ടാല് ശരിക്കും യേശുക്രിസ്തുവിനെ പോലെ ഫീല്‍ ചെയ്തിരുന്നുവെന്ന് ഒരുപാട് ആളുകള്‍ പറഞ്ഞു.' 'രണ്ടാമത്തെ സിനിമയിലും നായകന് മമ്മൂക്കയായിരുന്നു. ആ സിനിമ ഉദ്ദേശിച്ച രീതിയില്‍ വിജയമായില്ല. 'അച്ഛാദിന്‍' ഒരു ചെറിയ പടമായിരുന്നു. മമ്മുക്കയുടെ മാസ് പടം പ്രതീക്ഷിച്ചു വന്നവര്‍ക്ക് ചെറിയ പടം ഉള്‍ക്കൊള്ളാന്‍ കഴിയാതെപോയി. എനിക്ക് വലിയ സങ്കടമായിപ്പോയി. അതിനുശേഷം മമ്മൂക്ക ഇല്ലാതെ രണ്ടു പടം ചെയ്തു.
അടുത്ത സിനിമ എപ്പോഴാണ്. ആരായിരിക്കും നായകന്...?
'ഇനിയൊരു മമ്മൂക്ക പടം ചെയ്യണം... സിനിമയുടെതായഎല്ലാ ചേരുവളുമുള്ള നല്ലൊരു മാസ് പടമാണ് ലക്ഷ്യം. കഥകള്‍ കേള്‍ക്കുന്നുണ്ട്. സ്വന്തമായി കഥ ആലോചിക്കുകയും എഴുതുകയുമൊക്കെചെയ്യുന്നുണ്ട്. ചില സംഭവങ്ങള്‍ ശരിയായി വരുമ്പോ മറ്റു ചില കാര്യങ്ങള്‍ ശരിയാകാതെ വരും. അങ്ങനെ ആലോചിച്ചും തിരുത്തിയും വീണ്ടും തിരുത്തിയും ഇപ്പോഴും വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ശക്തമായ മാസ് കഥയ്ക്ക് വേണ്ടിയുള്ള ശ്രമത്തിലാണ്. ഈ കോവിഡ് കാലത്ത് സിനിമയില്ല, സിനിമ തീയേറ്ററില്ല... വല്ലാത്തൊരു വിഷമ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. അവരൊക്കെ ഉണ്ടല്ലോ എന്ന തോന്നലിലാണ് ഇപ്പോഴും ജീവിക്കുന്നത്. നമ്മുടെ പ്രതീക്ഷയാണ് അവര്‍.'