സുരേന്ദ്രന് കൊച്ചുവേലു, ഈ പേര് മലയാളക്കരക്ക് അത്ര സുപരിചിതമല്ലെങ്കിലും ഇന്ദ്രന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ അറിയാത്തവരായി ആരുമുണ്ടാവില്ല.
1956 മാര്‍ച്ച് 12 ന് കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ഒരു സാധാരണ കുടുംബത്തില്‍ ഭൂജാതനായ ഇന്ദ്രന്‍സ് മലയാളം സിനിമ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുന്നു.
1981 ല്‍ 'ചൂതാട്ടം' എന്ന സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഇന്ദ്രന്‍സ് ആ ചിത്രത്തില്‍ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെക്കുന്നത്, ആ ചിത്രത്തിന്റെ നിര്‍മ്മാതാവായ TMN ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. ശേഷം ഒട്ടനവധി സിനിമകളില്‍ ആ മേഖലക്കായി പ്രവര്‍ത്തിക്കാന്‍ ഇന്ദ്രന്‍സിന് കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രന്‍സ് എന്ന നടന് മലയാള മനസ്സില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായകമായി.
ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭിരുചി മനസ്സിലാക്കി തൊണ്ണൂറുകളില്‍ ഒരുപാട് സിനിമകളിലേക്ക് സംവിധായകര്‍ അദ്ദേഹത്തിന്റെ പേരെഴുതി ചേര്‍ത്തു.
1993ല്‍ രാജസേനന് സംവിധാനം ചെയ്ത് ജയറാം, ശോഭന, ജഗതി ശ്രീകുമാര്‍ നരേന്ദ്ര പ്രസാദ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്തു സൂപ്പര്‍ ഹിറ്റായ 'മേലെ പറമ്പില്‍ ആണ്‍വീട്' എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്തു ഫലിപ്പിക്കാന്‍ ഇന്ദ്രന്‍സ് എന്ന നടന് സാധിച്ചു.
പിന്നീട് 1994ല്‍ രാജസേനന്റെ തന്നെ സംവിധാനത്തില്‍ പിറന്ന 'സി.ഐ.ഡി ഉണ്ണികൃഷ്ണന് BA B.ed' എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സ് എന്ന കൊമേഡിയന്‍ മലയാള സിനിമ മേഖലയില്‍ വ്യക്തമായി തന്നെ കാലുറപ്പിക്കുന്നത്. തൊണ്ണൂറുകളിലും രണ്ടായിരത്തില്‍ തുടക്കത്തിലും ഇന്ദ്രന്‍സ് തമാശ ചിത്രങ്ങളുടെ അഭിവാജ്യഘടമായിരുന്നു. 'പഞ്ചാബി ഹൗസ്', 'മാനത്തെ കൊട്ടാരം', 'വധു ഡോക്ടറാണ്', 'മലപ്പുറം ഹാജി മഹാനായ ജോജി', 'ആദ്യത്തെ കണ്മണി', 'അനിയന് ബാവ ചേട്ടന് ബാവ' എന്നിവയൊക്കെ അതില്‍ ചിലതു മാത്രം.
എന്നാല്‍ തമാശ മാത്രമല്ല, അല്പം സ്വല്പം ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് 2004ല്‍ ടി.വി. ചന്ദ്രന്റെ സംവിധാനത്തില്‍ പിറന്ന് ദിലീപ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച 'കഥാവശേഷന്' എന്ന ചിത്രത്തിലെ ഒരു കള്ളന്റെ കഥാപാത്രത്തിലൂടെ നമുക്ക് കാണിച്ചു തന്നു.
2009ല്‍ 'രഹസ്യ പോലീസ്' എന്ന സിനിമയില്‍ കഥയുടെ അവസാനത്തിലേക്ക് വില്ലനായും തിളങ്ങാന്‍ അദ്ദേഹത്തിനായി. 2013ല്‍ 'പൊട്ടാസ് ബോംബ്' എന്ന ചിത്രതിലും വില്ലനായി അദ്ദേഹം തകര്‍ത്തഭിനയിച്ചു.
2014 ല്‍ മാധവ് രാമദാസിന്റെ സംവിധാന മികവില്‍ സുരേഷ്ഗോപി ജയസൂര്യ എന്നിവര്‍ അഭിനയിച് ആശുപത്രികളില്‍ ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന അന്യായങ്ങളുടെ കഥ വിളിച്ചോതുന്ന 'അപ്പോത്തിക്കിരി' എന്ന സാമൂഹ്യ പ്രസക്തിയുള്ള സിനിമയിലെ അഭിനയത്തിന് അക്കൊല്ലത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രത്യേക ജൂറി പരാമര്‍ശത്തിന് ഇന്ദ്രന്‍സ് എന്ന പ്രതിഭ അര്‍ഹനായി. അവിടുന്നങ്ങോട്ട് സ്വഭാവ നടനായിട്ടാണ് നമ്മള് ഓരോരുത്തരും അദ്ദേഹത്തെ കാണാന്‍ തുടങ്ങുന്നത്.
2018 ല്‍ ഇന്ദ്രന്‍സ് എന്ന ബഹുമുഖ കലാകാരന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിശയില്‍, 2017 ല്‍ പുറത്തിറങ്ങിയ 'ആളൊരുക്കം' എന്ന ചിത്രത്തിലെ നടന പാടവത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു.
2019 ല്‍ സിങ്കപ്പൂര്‍ സൗത്ത് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തിന് 'മഞ്ഞവെയില്‍' എന്ന സിനിമയിലെ പകരംവെക്കാനില്ലാത്ത അഭിനയത്തിന് ലഭിക്കുകയും ചെയ്തു. ഇതേ ചിത്രത്തിന് തന്നെ, ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച കലാകാരനുള്ള (Outstanding Brtistic Achievement) പുരസ്കാരവും അദ്ദേഹത്തിന് നേടിക്കൊടുത്തു.
2020 ല്‍ മിഥുന് മാനുവല്‍ തോമസിന്റെ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലെര്‍ ഗണത്തില്‍ പെടുന്ന 'അഞ്ചാം പാതിരാ'യിലെ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറുടെ കഥാപാത്രത്തിലൂടെ അദ്ദേഹം മലയാളികളെ വിസ്മയിപ്പിച്ചു. ഒട്ടനവധി പ്രശംസകള്‍ ഏറ്റുവാങ്ങാനും സാധിച്ചു.
ഇപ്പോള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് റോജിന്‍ തോമസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച '#Home' എന്ന ചിത്രത്തിലെ സാധാരണക്കാരന് കുടുംബ നാഥനായ ഒലിവര്‍ ട്വിസ്റ്റ് ആയി ജീവിച്ചഭിനയിച് കയ്യടി നേടുകയാണ് അദ്ദേഹം. ഓരോ മനുഷ്യന്റെയും ഹൃദയത്തില്‍ തൊടാതെ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയാത്തതിനും കാരണം ഒലിവര്‍ ട്വിസ്റ്റ് ഒരു നനവായി നമ്മളില്‍ പടരുന്നത് തന്നെയാണ്. അത്രക്കേറെ മികച്ചതായിട്ടാണ് ഇന്ദ്രന്‍സ് ഈ ചിത്രത്തിന് വേണ്ടി അഭിനയം കാഴ്ച വെച്ചിരിക്കുന്നത്.
'#Home'എന്ന ചിത്രത്തിലെ തന്റെ അഭിനയ മികവിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാവുന്ന മറ്റൊരു ചിത്രമാണ് ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍.'
ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയില്‍ പൂര്‍ത്തിയായി. ഈ കോവിഡ് കാലത്ത് അബുദാബിയില്‍ തുടങ്ങി, ദുബായിയില്‍ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമാ കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ 'ആനന്ദം' ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രന്‍സ്, ആന്സന് പോള്‍, മിഥുന് രമേഷ് എന്നിവരെ കൂടാതെ അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്കുന്നു. ക്യാമറ: ഷിജു.എം.ഭാസ്കര്‍, എഡിറ്റിങ്: വിഷ്ണു വേണുഗോപാല്‍, പ്രൊജക്ട് ഡിസൈനര്‍: പ്രിജിന് ജയപ്രകാശ്, ആര്‍ട്ട്: രാഹുല്‍ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആര് പണിക്കര്‍, സൗണ്ട് ഡിസൈനര്‍: രജീഷ് കെ.ആര് (സപ്ത), സ്റ്റില്‍സ്: ശ്യാം മാത്യു, പി.ആര്.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ഇനിയും ഒരുപാട് ഒരുപാട് കഥാ മൂല്യമുള്ള കഥാപാത്രങ്ങളും ചിത്രങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുമ്പോഴും ലളിതമായ ഒരു പുഞ്ചിരിയോടെ തെല്ലും അഹങ്കാരമില്ലാതെ മലയാളികളോട് കൈകൂപ്പി നില്‍ക്കുകയാണ് ഇന്ദ്രന്‍സ് എന്ന നടനും ഒരു നല്ല മനുഷ്യനും.
Editor: MM Kamath
CinemaNewsAgency.Com