സിനിമയുടെ അകവും പുറവും... നിങ്ങള്ക്കറിയേണ്ടതും അറിയിക്കേണ്ടതും...
നിങ്ങള്‍ക്ക് ഞങ്ങളെ എഴുതി അറിയിക്കാവുന്നതാണ്.
സി.എന്‍.എ.യുടെ പുതിയ സെഗ്മെന്റ് നിങ്ങള്‍ക്കായി ആരംഭിക്കുകയാണ്.
എന്ന്,
നീത, ഇ-റിപ്പോര്‍ട്ടര്‍, സി.എന്‍.എ.
Email: neetareporter@gmail.com
ആരാണ് ഈ 'പി.ആര്.ഒ.'?
ആരാണ് ഈ 'പി.ആര്.ഒ.'? സിനിമയില്‍ ഈ പി.ആര്.ഒ.മാര്‍ക്ക് എന്താണ് പണി? പലരും ചോദിക്കുന്നു....
സിനിമാ പോസ്റ്ററിലും തിയേറ്ററിലും 'പി.ആര്.ഒ.' (PRO- Public Relation Officer) എന്ന് എഴുതിക്കാണിക്കുന്നുണ്ട്. പക്ഷേ പ്രേക്ഷകരുടെ സംശയം തീരുന്നില്ല. സിനിമയില്‍ പി.ആര്.ഒ.യ്ക്ക് എന്താണ് ഡ്യൂട്ടി? ഇന്ന് സിനിമയില്‍ പി.ആര്.ഒ. വര്‍ക്കുകള്‍ ഏറി വരുമ്പോഴും പി.ആര്.ഒ.മാരുടെ പണി സംബന്ധിച്ച് സംശയം തന്നെ.
ഇക്കുറി നമുക്ക് അതിനെക്കുറിച്ചാവാം ചര്‍ച്ച. സിനിമയുടെ ഏറ്റവും പരമപ്രധാനമായ മേഖല കൈകാര്യം ചെയ്യുന്നവരാണ് പി.ആര്.ഒ.മാര്‍.
സിനിമയുടെ ആത്മാവിനെ വെളിച്ചം കാണിക്കുന്നത് സത്യത്തില്‍ പി.ആര്.ഒ. മാര്‍ തന്നെയാണ്.
വളരെ സത്യസന്ധമായി ആത്മാര്‍ത്ഥതയോടെയും കൃത്യനിഷ്ടയോടെയും ചെയ്യേണ്ട ഒരു കര്‍മ്മം തന്നെയാണ് പി.ആര്.ഒ. വര്‍ക്ക്. ഏറെ ക്രിയേറ്റിവിറ്റി അനിവാര്യമായ ജോലി കൂടിയാണ് പി.ആര്.ഒ.യുടേത്. എന്നാല്‍ ഈ പറഞ്ഞതെല്ലാം ഏത് പി.ആര്.ഒ.യ്ക്കുണ്ടെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തേണ്ടി വരും.
ഒരു സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് മുതല്‍ റിലീസ് കഴിഞ്ഞ് ചിത്രത്തിന്റെ റിവ്യൂ വരെ പി.ആര്.ഒ. സിനിമയുടെ ഒപ്പം നടന്ന് ജോലി ചെയ്യേണ്ടയാളാണ്.
താന്‍ ഏറ്റെടുത്ത ജോലി വളരെ ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കേണ്ട ബാധ്യത പി.ആര്.ഒ.യ്ക്കുണ്ട്. തന്റെ സിനിമ ഏതെല്ലാം രീതിയില്‍ പ്രേക്ഷകരിലേക്കെത്തിക്കാം, എത്രമാത്രം സര്‍ഗ്ഗാത്മകമായി ആ ചിത്രത്തെക്കുറിച്ച് പൊതുസമൂഹത്തിലേക്ക് പകര്‍ത്താം എന്നൊക്കെ ആ പി.ആര്.ഒ. ചെയ്യേണ്ടതുണ്ട്.
വളരെ ഉത്തരവാദിത്വമുള്ള ജോലി തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മലയാളസിനിമയില്‍ അങ്ങനെയൊരു പി.ആര്.ഒ. വര്‍ക്ക് നടക്കുന്നുണ്ടോ എന്ന് സംശയമാണ്.
പഴയ കാല പി.ആര്.ഒ.മാര്‍ അന്നും ഇന്നും ഒരു വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നു. കാലത്തിന് അനുസരിച്ച് അവര്‍ മാറുന്നില്ല. സ്വയം വെട്ടിയ പാതയിലൂടെ അവര്‍ നടക്കുന്നു. പുതിയ തലമുറയ്ക്ക് മാതൃകയാക്കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. അത് അവരുടെ കുറ്റമല്ല. പിന്നെ അവര്‍ തെളിച്ചിട്ട വഴിയിലൂടെ ഒരോട്ട പ്രദക്ഷിണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതിനിടെ ന്യൂജെന്‍ തരംഗവുമായി ഓടിക്കൂടിയിട്ടുള്ള പി.ആര്.ഒ.മാര്‍ക്ക് സിനിമയിന്ന് ചാകരയാണ്. നിര്‍മ്മാതാക്കളെയും സംവിധായകരെയും അവിശ്വസനീയമായ കാര്യങ്ങള്‍ പറഞ്ഞുഫലിപ്പിച്ചും മോഹനവാഗ്ദാനങ്ങള്‍ നല്കി തള്ളിമറിച്ചും അവര്‍ ലക്ഷങ്ങള്‍ കൊയ്യുന്നു. ഓടിനടന്നാണ് അവര്‍ സിനിമ പിടിക്കുന്നത്.
ഒരു സിനിമയ്ക്ക് ഒരു പി.ആര്.ഒ മതി. എന്നാല്‍ ഇന്ന് അങ്ങനെയല്ല. മുന്നു, നാലും പി.ആര്.ഒ മാര്‍ ഉണ്ടാവുന്നു. നിര്‍മ്മാതാവ് അറിയതെവരെ പി.ആര്.ഒ. മാര്‍ ഉണ്ടാവുന്നു. ഒടുവില്‍ നിര്‍മ്മാതാവ് കുത്ത് പാള എടുക്കും. സിനിമയുടെ ശരിയായ വിവരം മധ്യമങ്ങള്‍ക്ക് കിട്ടുകയുമില്ല. ഓരോരുത്തരും അവര്‍ക്ക് അറിയും വിധം വാര്‍ത്തകള്‍ തട്ടി വിടും. അന്ധന് ആനയെ കണ്ട മാതിരി.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങിയ സിനിമയെക്കുറിച്ച് നാല് വര്‍ത്തകളാണ് പുറത്ത് വന്നത്. ശരിയേത് എന്ന് ഇപ്പോഴും അറിഞ്ഞിട്ടില്ല.
അതുപോലെ ഒരേ സിനിമയടെ വാര്‍ത്ത രണ്ടും മൂന്നും പി.ആര്.ഒ.മാരടെ പേരില്‍ വരുന്നു, സിനിമയുടെ ടൈറ്റില്‍ അനൗണ്സ്മെന്റിന്റേയും പൂജയുടേയും വാര്‍ത്തകള്‍ കൊടുത്ത പി.ആര്.ഒ. ആയിരിക്കില്ല സിനിമയുടെ റിലീസ് വാര്‍ത്തകള്‍ ചെയ്യുന്നത്. ഇങ്ങനെ ആര്‍ക്കും 'പി.ആര്.ഒ.' എന്ന് എഴുതി സിനിമകളെക്കുറിച്ച് എന്തുവാര്‍ത്തയും എങ്ങനെയും പത്രമാധ്യമങ്ങള്‍ക്ക് കൊടുക്കാവുന്ന അവസ്ഥയാണ് ഇന്ന് ഇവിടെ കാണുന്നത്. എന്ത് കഷ്ടമാണ് കാര്യങ്ങള്‍.
ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമയ്ക്ക് സ്വാഭാവികമായി കിട്ടുന്ന പബ്ലിസിറ്റി പോലും പുതിയ ചില പി.ആര്.ഒ.മാര്‍ തങ്ങളുടെ കച്ചവടമാക്കി മാറ്റുന്നു. ഒരു പ്രസ്സ് റിലീസ് എല്ലാ മീഡിയയ്ക്കും അയയ്ക്കുക എന്ന സാമാന്യ മാധ്യമ മര്യാദ പോലും ഇവരില്‍ ചിലര്‍ പാലിക്കാറില്ല. തങ്ങളുടെ കൈയ്യിലുള്ള മീഡിയകള്‍ക്കും തങ്ങള്‍ പറയുന്ന ഏത് വാര്‍ത്തയും എങ്ങനെയും പ്രസിദ്ധീകരിക്കുന്ന സ്വന്തം മീഡിയകള്‍ക്ക് മാത്രം ഇവര്‍ വാര്‍ത്തകള്‍ നല്കുന്നു. ഇത് സാരമായിബാധിക്കുന്നത് ആ സിനിമയ്ക്കും സിനിമയുടെ നിര്മ്മാതാവിനുമാണെന്ന കാര്യം പോലും ഇവര്‍ മറക്കുന്നു എന്നതാണ് സത്യം.
അതുപോലെ ഒട്ടുമുക്കാല്‍ പി.ആര്.ഒ.മാര്‍ക്കും അഡ്വാന്‍സ് അമൗണ്ട് പോലും ലഭിക്കാതെ (ആയിരം രൂപ പോലും ലഭിക്കാതെ) കയ്യില്‍ നിന്നും കാശെടുത്ത് സിനിമയ്ക്ക് വേണ്ടി ജോലിചെയ്യുകയും പിന്നീട് പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് വന്നതിനുശേഷം ഒരു രൂപ പോലും ലഭിക്കാതെ പോകുന്നവരുടെ എണ്ണവും കുറവല്ല.
സിനിമ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാകുന്ന സംശയം തീര്‍ക്കാനായി ഒന്നു വിളിച്ചാലോ ഇവര്‍ ഫോണ്‍ പോലും എടുക്കാറില്ല. ഇതിനിടെ സത്യസന്ധമായി പി.ആര്.ഒ. വര്‍ക്ക് ചെയ്യുന്ന ചുരുക്കം ചിലരും ഇത്തരം വമ്പന്‍ സ്രാവുകള്‍ക്കിടയില്‍ ഞെരിഞ്ഞമരുകയാണ്. അതുകൊണ്ടുതന്നെ ലക്ഷങ്ങള്‍ കൊണ്ട് അമ്മാനമാടുന്ന പി.ആര്.ഒ. വര്‍ക്കുകള്‍ക്ക് കടിഞ്ഞാണിട്ടേ പറ്റൂ. സോഷ്യല്‍ മീഡിയയില്‍ മാജിക്ക് കാട്ടി പ്രേക്ഷകരെ വെട്ടിലാക്കുന്ന ന്യൂജെന്‍ പി.ആര്.ഒ. വര്‍ക്കുകള്‍ക്കും മൂക്കുകയറിട്ടേ തീരൂ.
നല്ല സിനിമകള്‍ക്ക് നല്ല പബ്ലിസിറ്റി അനിവാര്യമാണ്. ഇന്ന് നമ്മുടെ സിനിമാ മേഖലയെ വളര്‍ത്തിക്കൊണ്ട് ഈ മേഖലയിലുള്ള എല്ലാവര്ക്കു ഒരുപോലെ നല്ല രീതിയില്‍ അത്തരം വര്‍ക്കുകള്‍ ലഭിക്കുവാനും വരുമാനം ലഭിക്കുവാനും സാധിക്കട്ടെ, തട്ടിപ്പും വെട്ടിപ്പും ഇനി വേണ്ട. സത്യസന്ധമായ സിനിമാ വാര്‍ത്തകള്‍ പ്രേക്ഷകരുടെയും വായനക്കാരുടെയും അവകാശമാണ്. അതിനുള്ള ചൂണ്ടുപലകകള്‍ വരേണ്ടിയിരിക്കുന്നു.
സിനിമാ രംഗത്തെ അപകടകരമായ പ്രവണതകളെ ഞങ്ങള്‍ ചുണ്ടിക്കാണിക്കുകയാണ്. ആരെയും ആക്ഷേപിക്കാനോ, വിമര്‍ശിക്കാനോ ഞങ്ങള്‍ ഒരുക്കമല്ല.
ഒരു പേസിറ്റീവ് ചിന്ത മുന്നോട്ട് വയ്ക്കുന്നു. ഈ വിഷയത്തില്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
നീത, ഇ-റിപ്പോര്‍ട്ടര്‍, സി.എന്‍.എ.
Email: neetareporter@gmail.com