ദീപക് മേനോന്-
ഭ്രമകല്പനകളുടെ ലോകമാണ് സിനിമ. ഓരോ സിനിമയും ഇത്തരത്തില്‍ ഉള്ള സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്നതും. അത് ലോക സിനിമ ആയാലും ഇന്ത്യന്‍ സിനിമ ആയാലും മലയാള സിനിമ ആയാലും അങ്ങിനെയൊക്കെ തന്നെ.
കൂടുതല്‍ കാലപ്പഴക്കം ഇല്ലാത്ത 'ജുറാസിക് പാര്‍ക്', അടുത്തിടെ വന്ന 'അവതാര്‍' എന്നീ ലോക സിനിമ മുതല്‍ നമ്മുടെ സ്വന്തം 'ബാഹുബലി' വരെ ഇത് പോലെ ഒരു സ്ഥലവും ജീവികളും (മനുഷ്യരടക്കം) ഉണ്ടോ അല്ലെങ്കില്‍ ഉണ്ടായിരുന്നോ എന്ന് കാണികളെ അതിശയിപ്പിച്ചുക്കളയും എന്നതില്‍ ഉപരി അല്പസ്വല്പം അവന്റെ ഉപബോധമനസ്സിലേക്ക് ചില സന്ദര്‍ഭങ്ങളും ആശയങ്ങളും അറിയാതെ കയറി കുടിപാര്‍ക്കുകയും ചെയ്യും. അതാണ് സിനിമ എന്ന മാധ്യമത്തിന്റെ ശക്തി.
സിനിമയിലൂടെ മനുഷ്യമനസ്സില്‍ കയറി പറ്റിയ ഒരു പാട് മാറാരോഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ക്യാന്‍സര്‍. ചില രോഗങ്ങള്‍ അത് മാനസികമായാലും ശാരീരികമായാലും സിനിമയില്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത പേരുകള്‍ ഉപയോഗിച്ച് പ്രേക്ഷകരെ ഉത്ക്കണ്ഠാകുലരാക്കി അവസാനം ഏതെങ്കിലും നായക കഥാപാത്രം രക്ഷകനായി വരുന്ന രീതിയില്‍ സിനിമ നീണ്ടുപോകും. അതുപോലെ സിനിമയില്‍ ഉപയോഗപ്പെടുത്തുന്നത് ചില സ്ഥലങ്ങളും സ്ഥലനാമങ്ങളും ആണ്.
'തേന്മാവിന്കൊമ്പത്ത്' കാണുമ്പോള്‍ ഇത് പോലൊരു നാടും നാട്ടുകാരും ഉണ്ടോ എന്ന് വരെ നമ്മളെ സംശയിപ്പിക്കും. അവിടുത്തെ ജനങ്ങളെ പരിഹസിക്കുന്ന പല പരാമര്‍ശങ്ങളും അരോചകമാണ് എന്നിരിക്കെ മലയാളികള്‍ ആ സങ്കല്പലോകത്തെയും അവിടെ ഉള്ള സംഭവവികാസങ്ങളേയും സ്വീകരിച്ചു, വിജയിപ്പിച്ചു.
ഇത് പോലെ 'ചിത്രം' എന്ന സിനിമയില്‍ കാട്ടില്‍ വസിക്കുന്നവര്‍ മുടി മുറിക്കാന്‍ പഴനിക്ക് പോകാന്‍ പോലും ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആണ് എന്നൊരു ധ്വനി ഉണ്ട്. (അന്നത്തെ കാലം അറിയില്ല, ഇന്ന് ഏതായാലും ആദിവാസികള്‍ അത്ര ദരിദ്രരല്ല. അങ്ങനെ ഏതെങ്കിലും ആദിവാസി ഉണ്ടെങ്കില്‍ അവന്റെ അവകാശങ്ങളെ അവനില്‍ എത്തിക്കാതെ അത് ഒരു ഉളുപ്പും ഇല്ലാതെ അവന് കാണ്‍കെ തന്നെ തിന്നു വീര്‍ക്കുന്ന ചില നാട്ടു പ...ികള്‍ കാരണം കൊണ്ട് മാത്രമാണ്).
ഇത് പോലെ, ചില പ്രയോഗങ്ങളില്‍ ഒന്നാണ് 'അട്ടപ്പടിക്കാരന് ലുലു മാള്‍ കണ്ടപോലെ', 'അട്ടപ്പാടിക്ക് സ്ഥലം മാറ്റും', 'ഇവനേത് അട്ടപ്പാടിക്കാരനാ' തുടങ്ങിയവ.
സത്യത്തില്‍ അട്ടപ്പാടിക്കാര്‍ മാള്‍ കണ്ടതിനു ശേഷമായിരുന്നു പല മലയാളികളും മാള്‍ എന്ന് കേട്ടത് തന്നെ. അട്ടപ്പാടിയില്‍ നിന്നും വെറും മുപ്പത് കിലോമീറ്റര്‍ മാത്രമാണ് കോയമ്പത്തൂര്‍ എന്ന മെട്രോ സിറ്റിയിലേക്ക് ഉള്ളത്. അട്ടപ്പാടിക്കാര്‍ അവരുടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ ആശ്രയിക്കുന്നത് കോയമ്പത്തൂരിനെ ആണ്.
ഒരു കാലത്ത് കൊച്ചിയില്‍ ഉളളവര്‍ പോലും അവരുടെ വണ്ടികള്‍ക്കുള്ള സ്പേയര് പാര്‍ട്ട്സുകള്‍ തിരഞ്ഞ് പോയിരുന്നതും കേരളത്തില്‍ കിട്ടാത്ത പല ഇലക്ട്രോണിക്സ് സാധനങ്ങള്‍ തേടി പോയിരുന്നതും 'കൊവൈ' ആണെന്ന് ഓര്‍ക്കണം.
സ്ഥലങ്ങള്‍ തമ്മില്‍ കിലോമീറ്ററുകള്‍ ദൂരം ഉണ്ടെങ്കിലും തരക്കേടില്ലാത്ത പട്ടണസൗകര്യങ്ങള് ഗ്രാമീണ സൗന്ദര്യത്തോടൊപ്പം ലഭിക്കുന്ന ഇടമാണ് അട്ടപ്പാടി.
വിദ്യാഭ്യാസം നേടിയ യുവതീ യുവാക്കളും ഇന്നിവിടെ ധാരാളമായി ഉണ്ട്. ഒന്ന് കൂടി മനസ്സിലാക്കുക, അട്ടപ്പാടിക്കാര്‍ എന്ന് പറഞ്ഞാല്‍ അത് ആദിവാസികള്‍ മാത്രമല്ല, കൂടാതെ പണ്ട് ഉണ്ടായിരുന്ന ആദിവാസികള്‍ അല്ല ഇന്ന് കേരളത്തില്‍ ഉള്ളത്, പ്രത്യേകിച്ച് അട്ടപ്പാടിയില്‍.
'Life With Nano' എന്ന പേരില്‍ YouTube ല്‍ ഉള്ള ഒരു ചാനലില്‍ അട്ടപ്പാടിയിലെ മദ്യനയത്തെക്കുറിച്ച് പറയുന്ന വീഡിയോ കണ്ടതാണ് മേല്പറഞ്ഞ കാര്യങ്ങള്‍ പറയാനിടയാക്കിയ സാഹചര്യം.
മേല്‍പ്പറഞ്ഞ പോലെ അട്ടപ്പാടിയെ കുറിച്ചുള്ള തെറ്റിദ്ധാരണകളില്‍ ചിലതാണ്: അട്ടപ്പാടിയില്‍ ആദിവാസികള്‍ മാത്രമാണ് ജീവിക്കുന്നത്. അവിടം മൊത്തം കാടാണ്. വനമായത് കൊണ്ടും ആദിവാസികളുടെ ഉന്നമനത്തിനും വേണ്ടി അട്ടപ്പാടി മദ്യനിരോധന മേഖലയാണ് എന്ന് തുടങ്ങി സിനിമയിലൂടെയും അല്ലാതെയും മലയാളി മനസ്സില്‍ അട്ടപ്പാടി ഇന്നും നേരം വെളുത്തിട്ടില്ലാത്തവരുടെ നാടാണ്.
'അയ്യപ്പനും കോശിയും' എന്ന സിനിമയും മുന്‍പ് പറഞ്ഞപോലെ കുറേ അബദ്ധ ധാരണകള്‍ മലയാളി മനസ്സിലേക്ക് ഊട്ടി ഉറപ്പിക്കാന്‍ സാധിച്ചു എന്ന് പറയുന്നതായിരിക്കും ശരി. സിനിമയില്‍ പറയുന്ന മദ്യനിരോധനത്തിന്റെ ശരിയും തെറ്റും നിയമവും വളരെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് 'Life With Nano' എന്ന ചാനലില്‍. ഒപ്പം തന്നെ ഒരു സൈനികന്റെ മദ്യം സൂക്ഷിക്കാനുള്ള അവകാശങ്ങളെക്കുറിച്ചോ രാജ്യം കാത്തുസൂക്ഷിച്ച ജവാന്റെ അധികാരങ്ങളെക്കുറിച്ചോ ആരും പരാമര്‍ശിക്കുന്നില്ല എന്നും ചാനലില്‍ ചൂണ്ടി കാണിക്കുന്നു.
സിനിമയില്‍ അയാളുടെ വക്കീല്‍ ആയാലും സിനിമ കണ്ട് review തള്ളിയ vloggers ആയാലും സ്ഥിതി ഒന്ന് തന്നെ. അത്തരം ഒരു ചിന്തയിലേക്ക് സാമാന്യ ബുദ്ധി ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ പ്രേക്ഷകരെ ഓരോരുത്തരെയും ആ സിനിമയുടെ തിരക്കഥ മനഃപ്പൂര്‍വമോ നിയമങ്ങള്‍ വിശകലനം ചെയ്യാതെയോ തയ്യാറാക്കിയതാണ്.
യാത്ര ഏതൊരു വ്യക്തിയുടെയും സന്തോഷമാണ്. മലയാളികള്‍ കൂടുതല്‍ യാത്ര പോകാന്‍ ഇഷ്ടപ്പെടുന്ന ഇടങ്ങള്‍ തണുപ്പുള്ള സ്ഥലങ്ങള്‍ ആണ്. എവിടേക്കാണോ യാത്ര അവിടെ എത്തി തമ്പടിച്ച് കഴിഞ്ഞാല്‍ അല്ലെങ്കില്‍ യാത്രയില്‍ തന്നെ രണ്ടെണ്ണം അടിച്ച് ഉലാസിക്കാത്ത മലയാളികള്‍ അപൂര്‍വ്വമാണ്.
ഒരു വ്യക്തിക്ക് യാത്രയില്‍ മദ്യപിക്കാമോ? മദ്യപിച്ച് യാത്ര ചെയ്യാമോ? തുടങ്ങി എത്ര ലിറ്റര്‍ വരെ മദ്യം കയ്യില്‍ സൂക്ഷിക്കാനുള്ള അവകാശം ഉണ്ട് എന്ന് വരെ അറിയാത്തവരാണ് നമ്മളില്‍ പലരും. അത് കൊണ്ട് തന്നെ, ഒരു യാത്രക്ക് ഒരുങ്ങുമ്പോള്‍ കൊക്കില്‍ ഒതുങ്ങാവുന്ന ഇടങ്ങള്‍ ഏതൊക്കെ എന്ന് തിരയുമ്പോള്‍ മദ്യനിരോധന മേഖല എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം അട്ടപ്പാടി എന്ന സുന്ദരഭൂമി ഒഴിവാക്കുന്ന ഒരുപാട് മലയാളികള്‍ ഉണ്ട്.
അട്ടപ്പാടി മദ്യനിരോധന മേഖലയാണോ? അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ട് പോകാമോ? എന്ന് തുടങ്ങി 'അയ്യപ്പനും കോശിയും' എന്ന സിനിമയിലൂടെ മലയാളി മനസ്സില്‍ കയറി കൂടിയ അബദ്ധ ധാരണകളെ പോളിച്ചടക്കുന്നുണ്ട് ഈ വീഡിയോ. കൂടെ തന്നെ കൃത്യമായി വിശകലനം ചെയ്ത് കൊണ്ട് നിയമം എന്തൊക്കെ ആണെന്നും നമുക്ക് മനസ്സിലാക്കിത്തരുന്നു. കൂടാതെ അട്ടപ്പാടിയിലെ ആകര്‍ഷണം നിറഞ്ഞ സ്ഥലങ്ങളെക്കുറിച്ചും ഈ ചാനല്‍ നമുക്ക് പറഞ്ഞു തരുന്നു.
ഇനി സിനിമ ചെയ്യുന്നവരെങ്കിലും വാസ്തവത്തിന്റെ നേര്‍ക്കാഴ്ച അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍, ഒരു ബേസും ഇല്ലാത്ത issues ആണ് ഊതി വീര്‍പ്പിക്കുന്നത് എങ്കില്‍ സിനിമ ഇറങ്ങിയതിന്റെ കൂടെ തന്നെ ഇത്തരം വീഡിയോ വന്ന് പൊളിഞ്ഞ് പോകാന്‍ സാധ്യത ഏറെയാണ്.
ദേശം, വര്‍ഗം, ജാതി, വര്‍ണം, ജെന്‍ഡര്‍ എന്നിവയെ അപഹാസ്യപ്പെടുത്താതെയും നുണകള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാതെയും ഇനി വരുന്ന സിനിമകളെങ്കിലും നമ്മോട് നീതി പുലര്‍ത്തും എന്ന് പ്രതീക്ഷിക്കാം... അല്ലെങ്കില്‍ 'Life With Nano' പോലുള്ള ചാനലുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച നമുക്ക് കാട്ടിത്തരും എന്ന് ആശ്വസിക്കാം...
NOTE: 'മദ്യപാനം ആരോഗ്യത്തിന് ഹാനീകരം'. ഇത് മദ്യപാനത്തിനെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ലേഖനമായിട്ട് കാണരുത്.