ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിര്‍മ്മാണ-വിതരണ രംഗങ്ങള്‍ക്കു പുറമേ സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്.
അതിന്റെ ആദ്യ മുന്നോടിയായി നാല്‍പ്പതിനായിരം ചതുരശ്രയടിചുറ്റളവില്‍ ഒരു സ്റ്റുഡിയോ ഫ്ളോര്‍ ഒരുക്കുന്നു. സൗത്ത് ഇന്‍ഡ്യയിലെ ഏറ്റവും വലിയ മോഡുലര്‍ ഫ്ളോര്‍ ആയിരിക്കുമിത്.
കൊച്ചിയിലെ പുക്കാട്ടുപടിയില്‍ നാല്പതോളം ഏക്കര്‍ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോര്‍ നിര്‍മ്മിക്കുന്നത്. ഗോകുലത്തിന്റെ തന്നെ ഭൂമിയിലാണ് ഈ സ്റ്റുഡിയോ ഫ്ളോര്‍ നിര്‍മ്മിക്കുന്നത്.
ഗോകുലം മൂവീസിന്റെ ബാനറില്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബൃഹ്ത്തായ 'കടമറ്റത്ത് കത്തനാര്' എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ സ്റ്റുഡിയോ ഫ്ളോര്‍ ഒരുക്കുന്നത്. ഇന്‍ഡ്യയില്‍ ആദ്യമായി വെര്‍ച്വല്‍ സാങ്കേതിക വിദ്യയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ചെന്നൈയില്‍ ഗോകുലത്തിന്റെ വലിയ സ്റ്റുഡിയോ ഫ്ളോര്‍ നിലവിലുണ്ട്. തമിഴ്, തെലുങ്കു സിനിമകള്‍ ഇവിടെ സ്ഥിരമായി ചിത്രീകരിച്ചു പോരുന്നുമുണ്ട്.
എന്നാല്‍ ഇന്‍ഡ്യയിലെ തന്നെ ആദ്യത്തെ വ്യത്യസ്ത സംരംഭമായ 'കടമറ്റത്ത് കത്തനാറി'നു വേണ്ടി ആധുനിക സാങ്കേതിക വിദ്യകള്‍ അടങ്ങുന്ന സ്റ്റുഡിയോ ഫ്ളോര്‍ തന്നെ ആകട്ടെയെന്ന് ഗോകുലം ഗ്രൂപ്പിന്റെ ചെയര്മാന് കൂടിയായ ഗോകുലം ഗോപാലന് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇത് കേരളത്തിനു തന്നെ ഒരു നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല ഇന്‍ഡ്യയിലെ എല്ലാ ഭാഷകളിലുമുള്ള വന്‍കിട ചിത്രങ്ങള്‍ക്ക് ഈ ഫ്ളോര്‍ ഉപകരിക്കും വിധത്തിലുള്ള കാഴ്ച്ചപ്പാടിലൂടെയാണ് ഈസ്റ്റുഡിയോ ഫ്ളോര്‍ നിര്‍മ്മിക്കുന്നത്.
ജയസൂര്യ നായകനാകുന്ന 'കടമറ്റത്ത് കത്തനാറി'ന്റെ പ്രീ-പൊഡക്ഷനുകള്‍ ആരംഭിച്ചു. ഇതിനു വേണ്ടി ഏറ്റവും ആധുനിക മികവുകള്‍ ഉള്‍ക്കൊള്ളുന്ന ആരി അലക്സ ക്യാമറ വാങ്ങുകയും ഇതു പയോഗിച്ച് ഒരാഴ്ച്ചയോളം നീണ്ടു നിന്ന ടെസ്റ്റ് ചിത്രീകരണം കൊച്ചിയിലെ ത്രീ ഡോട്ട് സ്റ്റുഡിയോയില്‍ നടക്കുകയും ചെയ്തിരുന്നു.
മറ്റൊരു ചിത്രവും കമിറ്റ് ചെയ്യാതെ ജയസൂര്യ മാനസ്സികമായും ശാരീരികമായും ഒരുക്കങ്ങള്‍ നടത്തിപ്പോരുകയാണ് ഇതിലെ കത്തനാറെ അവതരിപ്പിക്കുവാനായി.
മാന്ത്രിക ജാലവിദ്യ ഒരു വൈദികന് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഒരു ദൃശ്യവിസ്മയത്തിലത്തിലൂടെ പ്രേക്ഷകന്റെ മുന്നിലെത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ആധുനിക സാങ്കേതിക മികവോടെ, വന്‍ മുതല്‍ മുടക്കോടെയാണ് കടമറ്റത്ത് കത്തനാറെ അണിയിച്ചൊരുക്കുന്നതെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കഷ്ണമൂര്ത്തിയും അറിയിച്ചു.
'മങ്കി പെന്‍', 'ജോ& ബോയ്', 'ഹോം' എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനാണ് സംവിധായകനായ റോജിന്‍ തോമസ്.
സെറ്റ് രൂപകല്‍പ്പനക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത് രാജീവനാണ്.
മലയാളത്തിനു പുറമേ ഇന്ത്യയിലെ വന്‍കിട ഭാഷാചിത്രങ്ങളിലേയും അഭിനേതാക്കളും അണിനിരക്കുന്ന ഈ ചിത്രം ഒരു പാന്‍ ഇന്‍ഡ്യന്‍ സിനിമയായിരിക്കും.
പുതുവര്‍ഷത്തില്‍ ചിത്രീകരണം ആരംഭിക്കുംവിധത്തില് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
സിദ്ദു പനയ്ക്കലാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com