CNA
തിരു:
സ്ത്രീപക്ഷ നിലപാടുകളോടുള്ള ഐക്യദാര്ഢ്യമായി 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ 177 ചിത്രങ്ങളില് സ്ത്രീ സംവിധായകരുടെ 52 സിനിമകള് പ്രദര്ശിപ്പിക്കും.
വിവിധ അന്താരാഷ്ട്രമേളകളില് പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രങ്ങള് മേളയുടെ ആകര്ഷണമായിരിക്കും. സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങള്ക്ക് അംഗീകാരം നല്കുന്ന ഫീമെയില് ഗെയ്സ് എന്ന വിഭാഗം മറ്റൊരു പ്രത്യേകതയാണ്.
ഈ വര്ഷത്തെ ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് ജേതാവായ പ്രശസ്ത സംവിധായികയും തിരക്കഥാകൃത്തുമായ ആന് ഹ്യൂ, സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അര്ഹയായ പായല് കപാഡിയ,മേളയുടെ ക്യുറേറ്റര് ഗോള്ഡ സെല്ലം, ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാര്ദ് തുടങ്ങിയവരുടെ സാന്നിധ്യം മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ ഉദാഹരണങ്ങളാണ്.
കാമദേവന് നക്ഷത്രം കണ്ടു, ഗേള്ഫ്രണ്ട്സ്, വിക്ടോറിയ, അപ്പുറം എന്നീ സിനിമകള് മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളാണെന്ന പ്രത്യേകതയുമുണ്ട്.
തിരുവനന്തപുരം സെന്ട്രല് സ്റ്റേറ്റ് ലൈബ്രറിയിലെ ലൈബ്രേറിയനായ ശോഭന പടിഞ്ഞാറ്റിലിന്റെ ആദ്യ ചിത്രമാണ് ഗേള്ഫ്രണ്ട്സ്. ഒരു ട്രാന്സ് വുമണിന്റെയും അവരുടെ സ്ത്രീ സുഹൃത്തുക്കളുടെയും കഥയാണ് ചിത്രത്തിന്റെ പ്രമേയം. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാത്ഥിനിയായ ആദിത്യ ബേബിയുടെ ആദ്യ ചിത്രമാണ് 'കാമദേവന് നക്ഷത്രം കണ്ടു'.പൗരുഷത്തിന്റെ പരമ്പരാഗത സങ്കല്പ്പങ്ങളെ ചോദ്യം ചെയ്യുന്ന ചിത്രം പൂര്ണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിട്ടുള്ളത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന്റെ സഹായത്തോടെ പുറത്തിറങ്ങിയ ശിവരഞ്ജിനിയുടെ സിനിമയായ വിക്ടോറിയ ബ്യൂട്ടിപാര്ലര് ജീവനക്കാരിയായ യുവതിയുടെ ജീവിത സംഘര്ഷങ്ങളാണ് ചിത്രീകരിക്കുന്നത്.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏക മലയാളി വനിതാസാന്നിധ്യമായ ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമ അന്ധവിശ്വാസം , ലിംഗ വിവേചനം എന്നീ വിഷയങ്ങള് ചര്ച്ച ചെയ്യുന്നു.
അന്താരാഷ്ട്ര തലത്തില് നിരവധി പ്രശംസകള് ഏറ്റുവാങ്ങിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് എല്ബോ, മെമ്മറീസ് ഓഫ് എ ബര്ണിങ് ബോഡി, ഫ്രഷ്ലി കട്ട് ഗ്രാസ്സ്, ഹൂ ഡൂ ഐ ബിലോങ്ങ് ടു,ബാന്സോ, ഏപ്രില്, ഇഫ് ഒണ്ലി ഐ കുഡ് ഹൈബര്നേറ്റ്, ടോക്സിക്.ജര്മന് സംവിധായികയായ ആസ്ലി ഒസാര്സ്വെന് സംവിധാനം ചെയ്ത എല്ബോ അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്പ്പെട്ട ചിത്രമാണ്. തന്റെ ജന്മദിനത്തിലുണ്ടായ അപ്രതീക്ഷിത സംഭവ വികാസങ്ങളെ തുടര്ന്ന് ജന്മനാട് വിട്ടു പോകേണ്ടി വരുന്ന ഹേസല് എന്ന പെണ്കുട്ടിയുടെ യാത്രയാണ് സിനിമയുടെ പശ്ചാത്തലം. സ്ത്രീ ലൈംഗികത ചര്ച്ച ചെയ്യുന്ന മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി അന്റണെല്ല സുദസാസി ഫര്ണിസാണ് സംവിധാനം ചെയ്തത്.
അര്ജന്റനീയന് സംവിധായികയും തിരക്കഥാകൃത്തുമായ സെലിന മുര്ഗയുടെ ചിത്രമാണ് ഫ്രഷ്ലി കട്ട് ഗ്രാസ്സ്. ഒരു സര്വകലാശാലയ്ക്കുള്ളില് അധ്യാപകരും വിദ്യാര്ത്ഥികളും തമ്മില് നടക്കുന്ന സങ്കീര്ണമായ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.ബ്രദര്ഹുഡ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ മെര്യം ജൂബൂര് സംവിധാനം ചെയ്ത ചിത്രമാണ് ഹൂ ഡു ഐ ബിലോംഗ് ടു.
2018 ല് പുറത്തിറങ്ങിയ ഈ ചിത്രത്തില് തന്റെ മകനോടുള്ള സ്നേഹത്തിന്റേയും അവന്റെ ജീവിതത്തെക്കുറിച്ചു ള്ള അന്വേഷണത്തിന്റെയും ഇടയില് വീര്പ്പു മുട്ടുന്ന ഒരു ടുണീഷ്യന് സ്ത്രീയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്.
പോര്ച്ചുഗീസ് സംവിധായികയായ മാര്ഗ്ഗ റിദ കാര്ഡോസോയുടെ ബാന്സോ, ഒരു ദ്വീപിലെ രോഗികളെ പരിചരിക്കുന്ന അഫോന്സോ എന്ന ഡോക്ടറുടെ കഥപറയുന്നു.
ജോര്ജിയന് സംവിധായികയും എഴുത്തുകാരിയുമായ ഡീകുലുംബെഗാഷ്വിലിയുടെ ചിത്രമാണ് ഏപ്രില്. ദുഃഖം, സഹിഷ്ണുത, മനുഷ്യബന്ധങ്ങളുടെ സങ്കീര്ണതകള് എന്നീ വിഷയങ്ങള് കൈകാര്യം ചെയ്യുന്ന ഈ ചിത്രം വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില് പ്രത്യേക ജൂറി പുരസ്കാരവും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില് മികച്ച ചിത്രത്തിനുള്ള നാമനിര്ദേശവും നേടിയിട്ടുണ്ട്.
സ്വന്തം കുടുംബം പോറ്റാന് ഉത്സി എന്ന ആണ്കുട്ടി അനുഭവിക്കുന്ന യാതനകളും കഷ്ടപ്പാടുകളുമാണ് സോള്ജര്ഗല് പുറവദേശ് സംവിധാനം ചെയ്ത ഇഫ് ഒണ്ലി ഐ കുഡ് ഹൈബര്നേറ്റ് എന്ന സിനിമ ചര്ച്ച ചെയ്യുന്നത്.
13 വയസ്സുള്ള രണ്ട് പെണ്കുട്ടികള് തങ്ങളുടെ വിരസമായ നഗരജീവിതത്തില് നിന്ന് പുറത്ത് കടക്കാന് ശ്രമിക്കുന്ന സോലെ ബ്ല്യൂ വൈറ്റിന്റെ ലിത്വാനിയന് സിനിമയാണ് ടോക്സിക്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളായ ലോകാര്ണോ, സ്റ്റോക്ഹോം,ചിക്കാഗോ എന്നീ ചലച്ചിത്രമേളകളില് നിരവധി പുരസ്കാരങ്ങള് ഈ ചിത്രം നേടി.
ഇവ കൂടാതെ മറ്റു വനിതാ സംവിധായകരുടെ ചിത്രങ്ങളായ ഈസ്റ്റ് ഓഫ് നൂണ്, ലിന്ഡ, ആന് ഓസിലേറ്റിങ് ഷാഡോ, സെക്കന്റ് ചാന്സ്, ഓള് വി ഇമാജിന് ആസ് ലൈറ്റ്, ഫയര്, ജൂലി റാപ്സോഡി, ബോട്ട് പീപ്പിള്, ഐറ്റീന് സ്പ്രിങ്സ്, എ സിമ്പിള് ലൈഫ്, ദി പോസ്റ്റ് മോഡേണ് ലൈഫ് ഓഫ് മൈ ആന്റ്, വെന് ദി ഫോണ് റാങ്, ഡെസേര്ട്ട് ഓഫ് നമീബിയ, ലവബിള്, മൂണ്, സിമാസ് സോങ്, ഹനാമി, ഹോളി കൗ, ദി ലോങ്ങസ്റ്റ് സമ്മര്, ദി ലൈറ്റ്ഹൗസ്, ഷുഡ് ദി വിന്ഡ് ഡ്രോപ്പ്, പരാജ്നോവ് സ്കാന്ഡല്, എ ഷെഫ് ഇന് ലൗ, ബ്യൂ ട്രവെയില്, ദി സബ്സ്റ്റന്സ്, വെര്മിഗ്ലിയോ, വില്ലേജ് റോക്സ്റ്റാര്സ് 2, ദി ഔട്രന്, ഇന് ദി ലാന്ഡ് ഓഫ് ബ്രദേഴ്സ്, സുജോ, ഐ ആം നവേംന്ക, ദി ആന്റിക്ക്, പിയേഴ്സ്, ഫോര്മോസ ബീച്, ഷാഹിദ്, സാവേ മരിയാ, മൈ ഫേവറൈറ്റ് കേക്ക്, ദി ടീച്ചര്, ചിക്കന് ഫോര് ലിന്ഡ എന്നീ ചിത്രങ്ങളും പ്രദര്ശനത്തിലുണ്ടാവും.
Website: https://iffk.in/
Online PR - CinemaNewsAgency.Com