സി എന്‍ എ-
ചെന്നൈ:
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നു. ബോളിവുഡ് താരം കങ്കണ റണാവത് ആണ് 'തലൈവി'യില്‍ ജയലളിതയായി വേഷമിടുന്നത്. എഎല്‍ വിജയ് ആണ് 'തലൈവി' സംവിധാനം ചെയ്യുന്നത്.
കങ്കണ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ 'തലൈവി'യുടെ ലൊക്കേഷനിലെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'ജയ അമ്മയുടെ ചരമദിനത്തില്‍, 'തലൈവി' എന്ന ഞങ്ങളുടെ സിനിമയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നു... എന്റെ ടീമിന് എല്ലാ നന്ദിയും. പ്രത്യേകിച്ചും ഞങ്ങളുടെ ടീമിന്റെ നേതാവ് വിജയ് സാറിനോട്... ഈ സിനിമ പൂര്‍ത്തിയാക്കാന്‍ അതിമാനുഷനെ പോലെയാണ് അദ്ദേഹം പണിയെടുക്കുന്നത്. ഇനി ഒരാഴ്ച്ച കൂടി...' എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
'ബാഹുബലി', 'മണികര്‍ണിക' എന്നീ മെഗാ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് 'തലൈവി'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'തലൈവി' തമിഴിലും, തെലുങ്കിലും, ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക.
പ്രമുഖ തെന്നിന്ത്യന്‍ താരം അരവിന്ദ് സ്വാമി എം ജി ആര് ആയി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്.
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം- ജിവി പ്രകാശ് കുമാര്‍, ഛായാഗ്രഹണം- നീരവ് ഷാ, എഡിറ്റിംഗ്- ആന്റണി, ആക്ഷന്‍- സില്‍വ.
ഇതിന് മുന്‍പ് ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രമുഖ സംവിധായകന് മിഷ്കിന്റെ അസോസിയേറ്റ് പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി' എന്ന ചിത്രവും 'തായ്: പുരട്ചി തലൈവി' എന്നപേരില്‍ മുതിര്‍ന്ന സംവിധായകന് ഭാരതിരാജയുടെ ചിത്രവുമാണ് പ്രഖ്യാപിച്ചിരുന്നത്.
നിത്യ മേനോനാണ് 'ദി അയണ്‍ ലേഡി'യില്‍ ജയലളിതയായി അഭിനയിക്കുന്നത്.