സി എന്‍ എ-
കൊച്ചി:
ഐ എം വിജയന് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുറുമ്പ ഭാഷയിലുള്ള ഇന്ത്യയില്‍നിന്നുള്ള ആദ്യസിനിമയായ 'മ്....(സൗണ്ട് ഓഫ് പെയിന്‍) ഓസ്കാര്‍ 2021 ന്റെ പരിഗണന പട്ടികയിലേക്ക്.
തേന്‍ ശേഖരണം ഉപജീവനമാര്‍ഗ്ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പ്പെട്ട ഒരു ആദിവാസി കുടുംബനാഥന് വനത്തിലെ തേനിന്റെ ദൗര്‍ലഭ്യം മൂലം നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. പ്രശ്നങ്ങളോടും പ്രതിസന്ധികളോടുമുള്ള അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും, സാഹചര്യങ്ങളുമായി പിന്നീട് എങ്ങനെ പൊരുത്തപ്പെടുന്നുവെന്നതിനെയും വിവരിക്കുന്നതാണ് തുടര്‍ന്നുള്ള കഥാതന്തു.
കാലാവസ്ഥാവ്യതിയാനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ് 'മ്...' ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചലച്ചിത്ര സംവിധായകന് ഇത്തരമൊരു ശ്രമം നടത്തുന്നത്.
പ്രശസ്ത ചലച്ചിത്ര സംവിധായകന് വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സംസ്കൃത ഭാഷയിലുള്ള 'നമോ', 'നേതാജി' (ഇരുള) തുടങ്ങിയ ചലച്ചിത്രങ്ങള്‍ രണ്ടായിരത്തി പത്തൊന്‍പതിലും ഇരുപതിലും ഇഫി ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്‍പത്തിയൊന്ന് മണിക്കൂറുകള്‍ കൊണ്ട് 'വിശ്വഗുരു' എന്ന സിനിമ പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ റിലീസ് ചെയ്തതിന് ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് വിജീഷ് മണി. ഏറ്റവും മികച്ച പരിസ്ഥിതി പ്രാധാന്യമുള്ള മലയാള ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് അദ്ദേഹത്തിന്റെ 'പുഴയമ്മ' എന്ന ചിത്രത്തിന് 2018 ല്‍ ലഭിച്ചിരുന്നു. ആദ്യാവസാനം പുഴയില്‍ ചിത്രീകരിക്കപ്പെട്ട സിനിമയ്ക്കുള്ള ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഓസ്കാറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 'ഡാം 999' എന്ന ചിത്രത്തിന്റെ സംവിധായകനായ ഡോ. സോഹന്‍ റോയ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഗ്രാമി അവാര്‍ഡ് ജേതാവായ അമേരിക്കന്‍ സംഗീത പ്രതിഭ എഡിന് മോള, നാടന്‍ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവര്‍ ചിത്രത്തിനുവേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്. ജുബൈര്‍ മുഹമ്മദ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്. പ്രകാശ് വാടിക്കല്‍ തിരക്കഥയും ദേശീയ അവാര്‍ഡ് ജേതാവ് ബി. ലെനിന് ചിത്രത്തിന്റെ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ക്യാമറ ആര്. മോഹന്‍, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. പ്രശസ്ത താരം വിയാന്‍ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റര്‍.
രണ്ടായിരത്തി ഇരുപത്തിയൊന്ന് ആദ്യ പകുതിയോടെയാണ് കേരളത്തില്‍ ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ലോസ് എഞ്ചല്‍സില്‍ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്ന ഗാതര് ഫിലിംസ് അവരുടെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഫെബ്രുവരി 20 മുതല്‍ 27 വരെ ചിത്രം പ്രദര്‍ശിപ്പിക്കും.