മത്സര നാടകങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി കാലാകാലങ്ങളായി തുടര്‍ന്ന് പോരുന്ന ജൂറി അളവുകോലുകളെ തൃപ്തിപ്പെടുത്തിയാലെ കപ്പടിക്കൂ എന്നുള്ള മത്സരരംഗത്തെ പ്രായോഗിക സാഹചര്യമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള Content എന്ന പേരില്‍ മുദ്രാവാക്യങ്ങള്‍ കലാസൃഷ്ടിയായി വാഴ്ത്തപ്പെടുന്ന മത്സര വേദിയില്‍, അത് കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് നടത്തുന്ന സ്ത്രീ ശാക്തീകരണ സിനിമാ സംരംഭമാണെങ്കില്‍ പോലും ക്രാഫ്റ്റിനേക്കാള്‍ മുന്‍തൂക്കം നേടുക എപ്പൊഴും വിഷയഭാണ്ഡങ്ങളാണ്.
അപ്പോള്‍ വിജയം വരിക്കാന്‍ സ്ത്രീശാക്തീകരണം എന്ന propaganda തിരക്കഥയുടെ തലയിലണിഞ്ഞേ പറ്റൂ. അത് സിനിമയാകുമ്പോള്‍ പിന്നെയും കൂടുതല്‍ പൊലിപ്പിച്ചേ പറ്റൂ. വിവര്‍ത്തനത്തില്‍ ചോര്‍ന്നുപോകുന്നതാണ് കവിത എന്ന് പറയുംപോലെ മത്സര വിജയം നേടാനുള്ള ഫോര്‍മുല ഒപ്പിക്കലില്‍ ക്രാഫ്റ്റ് കൈമോശം വരുന്നു.
കെ എസ് എഫ് ഡി സി സ്ത്രീകള്‍ക്ക് വേണ്ടി വര്‍ഷം തോറും നടത്തി വരാറുള്ള തിരക്കഥ സമര്‍പ്പിച്ചുള്ള സിനിമ നിര്‍മ്മാണ മത്സരത്തില്‍ വിജയികള്‍ക്ക് ഒന്നരക്കോടി രൂപ വീതമാണ് നല്‍കുന്നത്. മ്യുസിക് വീഡിയോകളിലൂടെയും ഡോക്യൂമെന്ററികളിലൂടെയും ശ്രദ്ധേയയായ ശ്രുതി ശരണ്യം എന്ന സംവിധായിക മത്സരത്തില്‍ രണ്ടിലൊരാളായി വിജയം നേടിയതും സിനിമയുടെ പേരിടലില്‍ പോലും ആ propaganda കൊടിനാട്ടിക്കൊണ്ട് തന്നെ 'ബി മുപ്പത്തി രണ്ട് മുതല്‍ നാല്പതിനാല് വരെ'. കൊള്ളാം, ബുദ്ധിമതി.
ഇത്രയുമായിരുന്നു സിനിമ കാണുംവരെയുള്ള എന്റെ മനസ്സിലിരിപ്പ്. സിനിമ കണ്ടിറങ്ങുമ്പോള്‍ ആവേശപൂര്‍വ്വം ആ നശിച്ച മനസ്സ് ഒരാവശ്യവുമില്ലാതെ പഴയ സിനിമാ കാഴ്ചകളിലേക്ക് താരതമ്യം തേടിയലഞ്ഞു.
മിസ്റ്റര്‍ ആന്റ് മിസ്സസ് അയ്യര്‍..
36 ചൗരംഗീ ലെയ്ന്‍..
15 പാര്‍ക്ക് അവന്യു..
ബംഗാളി സംവിധായിക അപര്‍ണ്ണ സെന്‍...
ആണ് കാമനകള്‍ സൃഷ്ടിച്ച ചലച്ചിത്ര ആസ്വാദനത്തിന്റെ തുടര്‍ച്ചയാണല്ലോ എന്ന തിരിച്ചറിവോടെ തന്നെയായിരുന്നു ഇവിടെ ഏറെ ആഘോഷിക്കപ്പെട്ട പല വനിതാ സംവിധായകരുടെ പെണ് ചിത്രങ്ങളും കണ്ട് എന്നിലെ ചലച്ചിത്ര വിദ്യാര്‍ത്ഥി കയ്യടിച്ചത്. പക്ഷെ ഇതാ എല്ലാ അര്‍ത്ഥത്തിലും പെണ് ചിന്തയുടെ റിപ്പബ്ലിക്കില്‍ ഒരു ചലച്ചിത്ര പിറവി സാധ്യമായിരിക്കുന്നു.
കേരളം ഇതുവരെ കിതച്ചും നരച്ചും തര്‍ക്കിച്ചും സമരം ചെയ്തും ആര്‍ജ്ജിച്ച പൊതുബോധത്തിന്റെ സമകാലീന ശിഖിരത്തില്‍ നിലയുറപ്പിച്ച്, ഒരു തരത്തില്‍ പറഞ്ഞാല്‍ Half way opening സങ്കേതത്തിലാണ് 'ബി മുപ്പത്തി രണ്ട് മുതല്‍ നാല്പതിനാല് വരെ' എന്ന ചലച്ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും എന്നാണ് എനിക്കനുഭവപ്പെട്ടത്.
ക്ളീഷേ എന്നും ക്രിഞ്ചെന്നും കേള്‍പ്പിക്കാതെ ശ്രുതി ശരണ്യം തന്റെ കന്നിസൃഷ്ടിയെ ടീന്സ്പൂണ് ഫീഡിങ്ങിന് മുതിരാതെ മികച്ച സാങ്കേതിക മികവുള്ള, ക്രാഫ്റ്റുള്ള സിനിമയാക്കി മാറ്റി പ്രദര്‍ശന ശാലകളിലെത്തിച്ചിരിക്കുന്നു.
ഉഗ്രനൊരു സല്യൂട്ട്..
തിരക്കഥയില്‍ ഒരു സീന്‍ Half way opening ആയി തുടങ്ങാന്‍ പല കാരണങ്ങളുണ്ടെങ്കിലും പ്രധാനമായും അത് പ്രേക്ഷകര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ സിനിമയിലെ പുതിയ കഥാപാത്രങ്ങളോട് പറയേണ്ട ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന രചനാ കൗശലമാണ്. പ്രേക്ഷകര്ക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്ത ശേഷം കേള്‍വിക്കാരനായ കഥാപാത്രത്തിന്റെ Reaction വെച്ച് സീന്‍ പകുതിയില്‍ ആരംഭിക്കുന്ന സിനിമാറ്റിക്ക് രീതി എത്രയോ സിനിമകളില്‍ നമ്മള് കണ്ട് പരിചയിച്ചതാണല്ലോ.
സമകാലിക ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന ബോഡി പൊളിറ്റിക്സും ജെന്‍ഡര്‍ പൊളിറ്റിക്സുമൊക്കെ കേന്ദ്ര പ്രമേയമായി തുളച്ചുകയറുന്ന സിനിമയില്‍ വ്യത്യസ്ത ജീവിതാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന ആറു കഥാപാത്രങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ കേരളീയ പൊതുസമൂഹം ഇതുവരെ ഉള്‍ക്കൊണ്ട സാമൂഹിക വളര്‍ച്ചയുടെ പൊളിറ്റിക്കല്‍ മൈതാനത്താണ് ശ്രുതി ശരണ്യം തന്റെ ആദ്യ സിനിമയുടെ പതാക നാട്ടിയിരിക്കുന്നത്. പ്രേക്ഷകരുടെ ബോധ നിലവാരത്തെയും ഓര്‍മ്മകളെയും ബഹുമാനിച്ചു കൊണ്ടാണ് അത് പാറിപറക്കുന്നത്. അധികം പിന്നാമ്പുറ കഥകളിലേക്ക് സഞ്ചരിച്ച് വിരസമാകാതെ, കഥാപാത്രങ്ങളുടെ മാനസിക, വൈകാരിക, പ്രതലങ്ങളെ സജീവമാക്കിയുള്ള ചലച്ചിത്ര ആഖ്യാനം.
ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായ അനാര്‍ക്കലി മരയ്ക്കാര്‍ അവതരിപ്പിക്കുന്ന സിയ, പ്ലസ് ടു പഠനത്തിനിടെ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്ന റെയ്ന രാധാകൃഷ്ണന് വേഷമിട്ട നിധി എന്നീ കഥാപാത്രങ്ങളോട് ആഭിമുഖ്യം തോന്നാനും അവരുടെ നോവേറ്റ് വാങ്ങാനും ഇവരുടെ ഫ്ളാഷ്ബേക്ക് കഥാപരിസരം ശ്രുതി പറഞ്ഞതുമില്ല; നമുക്ക് അറിയണമെന്ന് തോന്നിയതുമില്ല.
ശരീരത്തിനുള്ളില്‍ രണ്ട് പോരാട്ടങ്ങളാണ് രമ്യ നമ്പീശന് നേരിടേണ്ടിവന്നിട്ടുണ്ടാവുക. ഒന്ന് ക്യാന്‍സര്‍ ബാധിച്ച് മുലകള്‍ നീക്കം ചെയ്ത മാലിനിയുടെ ജീവിതത്തിനുള്ളിലെ വൈകാരിക പോരാട്ടം. രണ്ട് അടിയുറച്ചുപോയ അഭിനയത്തിന്റെ പഴയകാല ബോഡി ലാംഗ്വേജിനെ കുടഞ്ഞെറിയാനുള്ള തന്നിലെ അഭിനേത്രിയുടെ നവീകരണ പോരാട്ടം. അഭിനേതാക്കളെല്ലാം ഒന്നിനൊന്ന് പടികയറി ലക്ഷ്യത്തിലെത്തുന്ന കാഴ്ച്ച എന്ത് മനോഹരമാണ്. കൃഷ കുറുപ്പ് അവതരിപ്പിച്ച റേച്ചല്‍ എന്ന അഭിനയ മോഹിയായ പെണ്‍കുട്ടി ഒരു പ്രതിസന്ധി ഘട്ടത്തില്‍ സിനിമ സഹസംവിധായകനായ കൂട്ടുകാരന് തനിക്കൊപ്പം നില്ക്കില്ലെന്നറിഞ്ഞപ്പോള് തെല്ലിടര്‍ച്ചയോടെ ഓടിവന്ന് റോഡരികിലെ മതിലില്‍ വിരല്‍ കുത്തിയുരസുമ്പോള് എന്റെ മനസ്സ് പൊടിഞ്ഞത് അഭിനയപ്പെരുക്കതിന്റെ പുതിയ പ്രയോഗങ്ങളില്‍ വെന്ത് പോയിട്ടാവാം. വേലക്കാരി ജയയായി വന്ന അശ്വതിയും, ഹോട്ടലിലെ ഹോസ്പിറ്റാലിറ്റി സ്റ്റാഫ് ഇമാനായി വന്ന സറിന് ഷിഹാബും ഇനിയും കുറേക്കാലം ഇവിടെ അഭിനേതാക്കളായി കാണുമെന്നുറപ്പുണ്ട്.
പുരുഷ കഥാപാത്രങ്ങള്‍ക്ക് ജീവന് പകര്‍ന്ന ഹരീഷ് ഉത്തമനും, ജിബിന്‍ ഗോപിനാഥും, സജിന്‍ ചെറുകയിലും പതിവ് പോലെ മികച്ചു നിന്നു. ചലച്ചിത്ര പഠിതാവും സുഹൃത്തുമായ ശ്രീകല എസ് കുറ്റിപ്പുഴയും ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചതില്‍ ഏറെ സന്തോഷം.
ഓ.. സജിതാ മഠത്തില്‍..
കഥാപാത്ര സൃഷ്ടികൊണ്ടും പ്രകടനം കൊണ്ടും സജിതാ മഠത്തില്‍ സിനിമയുടെ ജീവനാകുന്ന നിമിഷങ്ങളുണ്ട്.
സാങ്കേതിക കലാകാരന്മാരും സംവിധായികയ്ക്കൊപ്പം കട്ടയ്ക്ക് കൂടെയുണ്ട് . ശ്രുതി - സുധീപ് പാലനാട് കോംബോ ഒരിക്കല്‍ കൂടി സംഗീത വഴികളില്‍ വൈകാരികത വിതാനിച്ചു.
ഒന്നരക്കോടി രൂപ കിട്ടും എന്നൊക്കെ പറയുമെങ്കിലും സിനിമ ഉണ്ടാക്കാന്‍ കെ എസ് എഫ് ഡി സി സംവിധായികയ്ക്ക് ഒരു കോടി പത്ത് ലക്ഷമെ കയ്യില്‍ കൊടുക്കൂ. അത് വെച്ച് 21 ദിവസം കൊണ്ടാണ് ഈ ടീം ചിത്രം പൂര്‍ത്തീകരിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ സുദീപ് ഇളമണിന്റെ ഛായാഗ്രഹണം നമ്മളറിയാത്തവിധം ചിത്രാന്തരീക്ഷത്തില് ലയിച്ചു നിന്നതിന് മാത്രമല്ല ആ ചിത്രീകരണ വേഗതയ്ക്കും വേണം ഒരു കയ്യടി നല്കാന്. മഹേഷ് നാരായണന്റെ മേല്‍നോട്ടത്തില്‍ രാഹുല്‍ രാധാകൃഷ്ണന് നടത്തിയ എഡിറ്റിങ്ങ് ചിത്രത്തിലേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടായിരുന്ന ആന്തോളജി, ഡോക്യൂമെന്ററി നിഴലുകളെ വിരട്ടി ഓടിച്ചു.
വെറും നാല് ദിവസത്തെ ഷൂട്ട് കൊണ്ടാണ് ചിത്രത്തിലുടനീളം രമ്യ നമ്പീശന്റെ സാന്നിധ്യവും വൈകാരിക പിരിമുറക്കവും സംവിധായിക നിലനിര്‍ത്തിയത്. അനാര്‍ക്കലി മരയ്ക്കാരുടെ പൊടിമീശയും രമ്യ നമ്പീശന്റെ കീമോയ്ക്ക് ശേഷം മുടി ഊര്‍ന്നുപോയ ശിരസ്സും, ശേഷമുള്ള വിഗ്ഗുമെല്ലാം ഈ സാമ്പത്തിക, സമയ പരിമിതിക്കുള്ളിലാണ് മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് മിട്ട സാധ്യമാക്കിയതെന്നതും അഭിനന്ദനാര്‍ഹമാണ്.
പാല് ചുരത്തുന്ന,
മുറിച്ചു കളയേണ്ട,
കരിച്ചു കളയേണ്ട,
വളരാന്‍ കൊതിക്കുന്ന,
സമൃദ്ധമായ,
സര്‍വ്വം സാക്ഷിയായ മുലകളുടെ കഥയാണ് 'ബി മുപ്പത്തി രണ്ട് മുതല്‍ നാല്പതിനാല് വരെ'.
മുലയടങ്ങുന്ന മാറിടദേശം മാതൃത്വത്തിന്റെ പുണ്യ പൂങ്കാവനമായും ( ? ), അപാരമായ ലൈംഗിക ഊര്‍ജ്ജത്തിന്റെ ജി സ്പോട്ടായും പരിചയമുള്ള പലജാതി മനുഷ്യരുടെ മുമ്പിലേക്ക് മഹാഭാരമുള്ള തീക്കട്ട പോലെ മുല പേറിനടക്കുന്ന മനുഷ്യരുടെ ഉള്ള്പൊള്ളുന്ന ജീവിതം പറയുന്ന ഈ സിനിമയ്ക്ക് പ്രേക്ഷക സമൂഹത്തിന്റെ പിന്തുണ ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.
മൗത്ത് പബ്ലിസിറ്റിയിലൂടെ, ആസ്വാദന കുറിപ്പുകളിലൂടെ പ്രേക്ഷകരുടെ എണ്ണവും ഷോകളുടെ എണ്ണവും കൂടുന്നുവെങ്കിലും, ഉറപ്പില്ല ചങ്ങായി ഈ ചിത്രം എത്ര നാള് കൂടി തിയേറ്ററില്‍ തുടരുമെന്ന്. ആയതിനാല്‍ കാണാന്‍ താല്‍പ്പര്യമുള്ളവര്‍ തിയേറ്ററിലേക്ക് സമയബന്ധിതമായി പോകാന്‍ തയ്യാറാകുമല്ലോ.
ശ്രുതി ശരണ്യം, താങ്കള്‍ വരവറിയിച്ചു.
- ബൈജുരാജ് ചേകവര്‍.