സി എന്‍ എ-
തിരു:
തലസ്ഥാനത്ത് ഇരുപത്തിയഞ്ചാമത് ഐ എഫ് എഫ് കെ ചലച്ചിത്രമേളയുടെ കൊടി ഉയര്‍ന്നു. ചലച്ചിത്ര പ്രവര്‍ത്തകരുടെയും ചലച്ചിത്ര ആസ്വാദകരുടെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന് അധ്യക്ഷനായിരുന്നു. മറ്റു നിരവധി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രഗത്ഭര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത സ്പീക്കര്‍ ശ്രീ ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റും ഇതോടൊപ്പം വായിക്കാം...
കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ ഉറ്റുനോക്കിയിരുന്ന 25ാമത് IFFK ക്ക് ഇന്ന് തുടക്കമായി.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ എ .കെ ബാലന് അദ്ധ്യക്ഷത വഹിച്ചു.
ഴാങ് ലുക് ഗൊദാര്‍ദിനു വേണ്ടി ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഏറ്റു വാങ്ങാനെത്തിയ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണനടക്കമുള്ള വിശിഷ്ടാതിഥികള്‍ വേദിയെ സമ്പന്നമാക്കി.
46 രാജ്യങ്ങളില്‍ നിന്നായി 80 ചലച്ചിത്രങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഈ മേള സിനിമയെ ഗൗരവമായി കാണുന്ന, സിനിമയുടെയും മേളയുടെയും പേരില്‍ സൗഹൃദം പങ്കിടുന്ന മലയാളികളുടെ ഉത്സവം തന്നെയാണ്.
കോവിഡിന്റെ പ്രതിസന്ധികളെ ഒടിടി പ്ലാറ്റ്ഫോമിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു സിനിമ. അല്ലെങ്കിലും ഏത് പ്രതിസന്ധിയിലും അതിജീവനത്തിനുള്ള ഊര്‍ജ്ജം പകരാന്‍ കലകള്‍ക്ക് സാധിക്കും. ഈ ചലച്ചിത്ര മേളയും അത്തരമൊരു ഊര്‍ജ്ജ പ്രവാഹമാകട്ടെ.
13000 ത്തോളം പേര് പങ്കെടുക്കാറുള്ള ഈ മേള ഇത്തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിങ്ങനെ നാലു വേദികളിലായിട്ടാണ് നടക്കുന്നത്.
ഭാഷയുടെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് സിനിമയുടെ വിശാലലോകം തുറന്നിട്ടു കൊണ്ട് മലയാളിയുടെ ദൃശ്യ സംസ്കാരത്തെ സമ്പന്നമാക്കാന്‍ എന്നത്തേയും പോലെ ഈ ഇരുപത്തഞ്ചാമത് IFFK ക്കും കഴിയട്ടെ.
അതിജീവനത്തിന്റെ പുതിയ വഴികളാവട്ടെ ഇത്തരം ഓരോ പ്രവര്‍ത്തനവും.