സി എന്‍ എ
ചെന്നൈ:
മലയാള ചലച്ചിത്ര നടി ചിത്ര അന്തരിച്ചു. 56 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.
1965 ഫെബ്രുവരി 25 ന് കൊച്ചിയിലായിരുന്നു ചിത്രയുടെ ജനനം.
മലയാള ചിത്രങ്ങളായ കല്യാണപ്പന്തല്‍, തമിഴ് ചിത്രങ്ങളായ അപൂര്‍വ രാഗങ്ങള്‍, അവള് അപ്പടിതാന് തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. സിനിമയില്‍ തിരക്കിലായതോടു പഠനം പത്താം ക്ലാസില്‍ വച്ച് ഉപേക്ഷിക്കുകയായിരുന്നു.
ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ മലയാള ഹിറ്റ് ചിത്രം.
1990കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടര്‍ന്നു ദീര്‍ഘകാലത്തേക്ക് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
18 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ല്‍ തമിഴ് ചിത്രം 'ബെല്‍ ബോട്ടം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയിരുന്നു. തമിഴ് സീരിയല്‍ രംഗത്തിലൂടെ സജീവമായി തുടരുകയും ചെയ്തു.
അമരം, ദേവാസുരം, പൊന്നുച്ചാമി, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, നാടോടി, അദൈ്വതം, ഏകലവ്യന്, കമ്മിഷണര്‍ എന്നീ മലയാള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളടക്കം നൂറിലധികം സിനിമകളില്‍ ചിത്ര അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമയില്‍ ശിവാജി ഗണേശന്, കമല്‍ ഹാസന്, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു.
വിജയരാഘവനാണ് ഭര്‍ത്താവ്. ഏക മകള്‍ മഹാലക്ഷ്മി.
സംസ്കാരം ചെന്നൈ സാലിഗ്രാമത്തില്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക്.