സി എന്‍ എ-
ചെന്നൈ:
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'കോബ്ര'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ക്രിസ്മസ് ദിനത്തിലാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. 'ഡിമോന്റെ കോളനി', 'ഇമൈക്കനൊടികള്‍' എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യുള്‍ റഷ്യയില്‍ ആയിരുന്നു. കോവിഡ് മൂലം മാസങ്ങളോളം നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം ഈ മാസം പുനരാരംഭിച്ചു.
പോസ്റ്ററില്‍ വളരെ തീവ്രമായ രൂപത്തിലുള്ള വിക്രമിനെ കാണാം. ചുറ്റിനും സംഖ്യകളാല്‍ തീര്‍ത്ത വലയവും. 'എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു ഗണിതശാസ്ത്ര പരിഹാരമുണ്ട്', എന്ന രസകരമായ അടിക്കുറിപ്പും കാണാം.
കോബ്രയില്‍ വിക്രമിന്റെ 20 ലധികം ലുക്കുകള്‍ ഉണ്ടെന്ന് മുമ്പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തുമെന്നാണ് പുറത്തുവന്ന വാര്‍ത്ത.
ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിക്രമിന്റെ ഏഴ് ലുക്കുകള്‍ വെളിപ്പെടുത്തിയിരുന്നു. പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന് ചിത്രത്തില്‍ അസ്ലാന് യില്‍മാസ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒക്ടോബറിലെ ഇര്ഫാന് പത്താന്റെ ജന്മദിനത്തില്, കോബ്രയില്‍ അദ്ദേഹത്തിന്റെ ലുക്കും പുറത്തിറങ്ങിയിരുന്നു.
കെഎസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാളിനി, പദ്മപ്രിയ തുടങ്ങിയ വന്‍താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൂടാതെ ബാബു ആന്റണിയും ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
എ.ആര്. റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോയും വയകോം 18 മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ് 'കോബ്ര'യുടെ നിര്‍മ്മാണം.