കാസര്‍ഗോഡ് :
കേരളത്തിലെ ആദ്യകാല ഫിലിം സൊസൈറ്റികളിലൊന്നായ കാസറഗോഡ് ഫിലിം സൊസൈറ്റി, അഞ്ച് പതിറ്റാണ്ടിലേറെയായി കാസര്‍കോടിന്റെ ചലച്ചിത്ര സംസ്കാര രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന സാംസ്കാരിക കൂട്ടായ്മയാണ്. സൊസൈറ്റിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന 'ബിയോണ്ട് ഫിഫ്റ്റി' ചലച്ചിത്ര പരമ്പരയിലെ ആറാമത് പരിപാടി 2026 ജൂലൈ 26 ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് കാസറഗോഡ് വിദ്യാനഗറിലെ അടഅജ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടക്കും.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് (KSFDC) നിര്‍മിച്ച് ശിവരഞ്ജിനി സംവിധാനം ചെയ്ത 'വിക്ടോറിയ' യാണ് പ്രദര്‍ശിപ്പിക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധേയ സാന്നിധ്യമായ ഈ ചിത്രം, 29ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFK) മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രെസി പുരസ്കാരം നേടിയതിനു പുറമെ, ഷാങ്ഹായ്, സോള്‍, കൊല്‍ക്കത്ത, ജാഫ്ന, സിനിക്വസ്റ്റ് (യു.എസ്.എ.) എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
സ്ത്രീജീവിതത്തിന്റെ അനുഭവങ്ങളെയും അതിജീവനത്തിന്റെ രാഷ്ട്രീയത്തെയും സൂക്ഷ്മമായി ആവിഷ്കരിക്കുന്ന ചിത്രമാണ് 'വിക്ടോറിയ'.
'വിക്ടോറിയ'യില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച, നടിയും എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ജോളി ചിറയത്ത് മുഖ്യാതിഥിയാകും. ചലച്ചിത്ര നിരൂപകന് പി. പ്രേമചന്ദ്രന് ചിത്രം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കും. സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് നടക്കുന്ന മുഖാമുഖം പരിപാടിയില്‍ സുജി മീത്തല്‍ ജോളി ചിറയത്തുമായി സംവദിക്കും.
തുടര്‍ന്ന്, പി. പ്രേമചന്ദ്രന് രചിച്ച 'പാലസ്തീന് മോണ്‍ അമോര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ജോളി ചിറയത്ത് നിര്‍വഹിക്കും. സി. ചെറിഷ്മ പുസ്തകം ഏറ്റുവാങ്ങും. കെ. വി. മണികണ്ഠദാസ് പുസ്തകം പരിചയപ്പെടുത്തും.
ചലച്ചിത്രാസ്വാദകരെയും സാംസ്കാരിക പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പരിപാടിയിലേക്ക് കാസര്‍ഗോഡ് ഫിലിം സൊസൈറ്റി സ്വാഗതം ചെയ്തു.
കാസര്‍ഗോഡ് ഫിലിം സൊസൈറ്റി പ്രസിഡന്റ്- ജി ബി വത്സന്, ജന. സെക്രട്ടറി- സുബിന് ജോസ്.
Online PR - CinemaNewsAgency.Com