Editor- MM Kamath
കൊച്ചി:
സൂഫിയും സുജാതയും എന്ന ചിത്രത്തിലെ 'വാതുക്കല് വെള്ളരി പ്രാവ്' എന്ന മനോഹരമായ പ്രണയ ഗാനത്തിന് നൃത്താവിഷ്ക്കാരം നിര്‍വ്വഹിച്ചതിന് ഡാന്‍സ് മാസ്റ്റര്‍ ലളിത ഷോബിക്ക് മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ഈ അവാര്‍ഡിന് കൂടുതല്‍ തിളക്കമുണ്ടാക്കിയത് ലളിത ഷോബിയുടെ മറ്റൊരു തീരുമാനമായിരുന്നു.
തന്നെ അവാര്‍ഡിന് അര്‍ഹയാക്കിയ 'സൂഫിയും സൂജാതയും' എന്ന ചിത്രത്തിന്റെ സംവിധായകന് അകാലത്തില്‍ അന്തരിച്ച ഷാനവാസ് നരണിപ്പുഴയോടുള്ള ആദര സൂചകമായി ലളിത ഷോബി ചെയ്തത് ഏറേ ശ്രദ്ധേയമായി.
തിരുവനന്തപുരത്ത് നിന്നും പുരസ്കാരവും വാങ്ങി കൊച്ചിയിലെത്തിയ ലളിത ഷോബി, സംവിധായകന് ഷാനവാസിന്റെ ഭാര്യ അസു ഷാനവാസ്, മകന് ആദം ഷാനവാസ് എന്നിവരില്‍ നിന്ന് പ്രതീകാത്മകമായി ആ മിന്നും പുരസ്കാരം വീണ്ടും ലളിത ഷോബി ഏറ്റുവാങ്ങി.
ചടങ്ങില്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷിബു ജി സുശീലനും സന്നിഹിതനായിരുന്നു.
തന്റെ സിനിമ സ്വപ്നം യാഥാര്‍ഥ്യം ആക്കിയിട്ട് കുറെ സിനിമകഥകള്‍ ഉള്ളില്‍ ഒതുക്കി സംവിധായകന് നരണിപ്പുഴ ഷാനവാസ് ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഷാനവാസിന്റെ ചിത്രത്തിലൂടെ അവാര്‍ഡ് കിട്ടിയപ്പോള്‍ ഷാനവാസിന്റെ കുടുംബത്തെ ഓര്‍ത്തതിലും... ചേര്‍ത്ത് നിര്‍ത്തിയതിലും... അംഗീകാരം കുട്ടിയുടെയും, പത്നിയുടെയും കൈകളില്‍ സമര്‍പ്പിക്കാന്‍ തോന്നിയ ഡാന്‍സ് മാസ്റ്റര്‍ ലളിത ഷോബിയുടെ മനസ്സിന് ഒരായിരം നന്ദി.....' - പി.ആര്.ഒ., എ എസ് ദിനേശ്.
ചെന്നൈ സ്വദേശിയായ ലളിത ഷോബിക്ക് മലയാളത്തില്‍ ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു.