Editor- MM Kamath
കൊച്ചി :
ആസിഫ് അലിയും മംമ്ത മോഹന്‍ദാസും വീണ്ടും ഒന്നിക്കുന്ന 'മഹേഷും മാരുതിയും' എന്ന സിനിമയുടെ ചിത്രീകരണം ജനുവരി 23 ന് മാളയില്‍ ആരംഭിക്കും.
'ഒരു കുട്ടനാടന്‍ ബ്ലോഗ്' എന്ന ചിത്രത്തിനു ശേഷം സേതു കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്.
മാരുതി കാറിനെ കേന്ദ്രകഥാപാത്രമാക്കി ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയാണ് സേതു 'മഹേഷും മാരുതിയും' ഒരുക്കുന്നത്.
സത്യന് അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന ചിത്രത്തിനുശേഷം ആസിഫും മംമ്തയും വീണ്ടും ഒരുമിക്കുകയാണ് 'മഹേഷും മാരുതിയും' എന്ന ചിത്രത്തിലൂടെ.
ഗൗരി എന്നാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടിരുന്നത് കല്യാണി പ്രിയദര്‍ശനായിരുന്നു.
കഴിഞ്ഞവര്‍ഷമാണ് ചിത്രം ആരംഭിക്കാനിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഷൂട്ടിംഗ് നീണ്ടുപോയതിനെ തുടര്‍ന്നുണ്ടായ ഡേറ്റ്ക്ലാഷ് കാരണമാണ് മംമ്തയെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്.
മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍. ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചിത്രത്തില്‍ ആസിഫ് അവതരിപ്പിക്കുന്ന മഹേഷ് എന്ന കഥാപാത്രത്തിന്റെ അച്ഛന് പത്മനാഭന് എന്ന കഥാപാത്രത്തെയാണ് മണിയന്‍പിള്ള രാജു അവതരിപ്പിക്കുന്നത്.
ഇതൊരു ട്രയാങ്കിള്‍ ലൗ സ്റ്റോറിയാണ്. ഒരു യുവാവിന് പെണ്‍കുട്ടിയോടും കാറിനോടും പ്രണയം തോന്നുന്നതും ഈ യുവാവ് അവരില്‍ ആരെ സ്വന്തമാക്കുമെന്നതുമൊക്കെയാണ് ചിത്രത്തിന്റെ കഥ.
മാരുതികാര്‍ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായതുകൊണ്ടുതന്നെ മാരുതി ഉദ്യോഗും ഈ സിനിമയുടെ ഒഫീഷ്യല്‍ പാര്‍ട്ട്ണറാണ്. ഇതാദ്യമായിട്ടായിരിക്കും ഒരു കോര്‍പ്പറേറ്റ് കമ്പനി മലയാളസിനിമയുടെ ഭാഗമാകുന്നത്.
ഈ സിനിമയ്ക്കുവേണ്ടി 1983 മോഡല്‍ ഒരു പുതുപുത്തന്‍ മാരുതി 800 കാര്‍ തന്നെ കമ്പനി സെറ്റ് ചെയ്ത് നല്‍കിയിരുന്നു.
ഷിജു, ജയകൃഷ്ണന്, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി കൂടാതെ ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
സംഗീത സംവിധാനം- കേദാര്‍, ഛായാഗ്രഹണം- ഫയിസ് സിദ്ധിഖ്, കലാസംവിധാനം- ത്യാഗു-, കോസ്റ്റ്യൂം ഡിസൈന്‍- സ്റ്റെഫി, മേക്കപ്പ്- പ്രദീപ് രംഗന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- അലക് ഇ. കുര്യന്.
Online PR - CinemaNewsAgency.Com