Editor- MM Kamath
കൊച്ചി:
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ബ്രഹ്മാണ്ഡ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും മുന്നേറുന്നു.
'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' തിയറ്ററുകളില്‍ റിലീസ് ചെയ്ത് കൃത്യം 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിജിറ്റല്‍ പ്ലാറ്റഫോമില്‍ റിലീസ് ആയിരിക്കുന്നത്.
ഏകദേശം 85-100 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച എപ്പിക് ഹിസ്റ്റോറിക്കല്‍ വാര് ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 26 കോടിയോളം രൂപ മരക്കാര്‍ ഇതുവരെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തിരക്കഥ അനി ശശിയും പ്രിയദര്‍ശനുമാണ് ചേര്ന്നെഴുതിയിരിക്കുന്നത്.
'സിനിമയ്ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളില്‍ ഞാന്‍ അതിശയിക്കുന്നു, ഒപ്പം എന്റെ ഓരോ ആരാധകര്‍ക്കും അവരുടെ സ്നേഹത്തിന് നന്ദി അറിയിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ നാവിക കമാന്‍ഡര്‍ എന്നറിയപ്പെടുന്ന, കേരള നാടോടിക്കഥകളില്‍ പ്രശസ്തനായ കുഞ്ഞാലി മരക്കാരുടെ ഐതിഹാസിക കഥ ജീവസുറ്റതാക്കുന്ന ഈ മഹോത്സവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അഭിമാനകരമായി കരുതുന്നു, ഇത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്' എന്നും മോഹന്‍ലാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രധാന നായിക വേഷങ്ങളില്‍ മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന് തുടങ്ങിയവരാണ് എത്തുന്നത്. സുനില്‍ ഷെട്ടി, പ്രഭു, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്വന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'.
ചിത്രം തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്കാരങ്ങളാണ് ഈ പ്രിയദര്ശന് ചിത്രം നേടിയിരുന്നു.
മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരത്തിന് പിറകെ, മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്, വി. സായ് എന്നിവര്‍ നേടിയിരുന്നു.
സിദ്ധാര്‍ഥ് പ്രിയദര്ശന് മികച്ച സ്പെഷ്യല്‍ എഫക്ടിനുള്ള പുരസ്കാരത്തിനും അര്‍ഹനായിരുന്നു.
കോപ്രൊഡ്യുസര്സ്- ഡോ: സിജെ റോയി, സന്തോഷ് ടി കുരുവിള, ഛായാഗ്രഹണം- തിരു, ഗാനരചന- ബികെ ഹരിനാരായണന്, ഷാഫി കൊല്ലം, പ്രിയദര്ശന്, സംഗീതം- റോണി റാഫേല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു സിറിള്‍, എഡിറ്റിംങ്- അയ്യപ്പന് നായര്‍, ആക്ഷന്‍- ത്യാഗരാജന്, കാസു നേദ (തായ്ലന്ഡ്), മേക്കപ്പ്- പട്ടണം റഷീദ്, പശ്ചാത്തലസംഗീതം- അങ്കിത് സൂരി, രാഹുല്‍ രാജ്, ലിയല് ഇവാന്‍സ് റോഡര്‍ (ലണ്ടന്‍), പ്രൊഡക്ഷന്‍ കണ്ട്രോളര്- സിദ്ധു പനക്കല്‍, പി.ആര്.ഒ.- എ.എസ്. ദിനേശ്.
Online PR - CinemaNewsAgency.Com