സി എന്‍ എ-
ചെന്നൈ:
'മാസ്റ്റര്‍' എന്ന സിനിമ യുടെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ. രംഗദാസ് എന്നയാളാണ് രംഗത്തെത്തിയിരിക്കുന്നത്. 'മാസ്റ്റര്‍' ജനുവരി 13 പൊങ്കലിന് റിലീസ് ചെയ്യാനിരിക്കെയാണ് ആരോപണവുമായി രംഗദാസ് എത്തിയിരിക്കുന്നത്.
തന്റെ കഥ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 2017 ഏപ്രില്‍ 7 നാണ് കഥ രജിസ്റ്റര്‍ ചെയ്തതെന്നും രംഗദാസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ തെളിവുകള്‍ പുറത്തുവിടുമെന്നും രംഗദാസ് പറഞ്ഞു.
2020 ഏപ്രില്‍ ഒമ്പതിന് റിലീസ് ചെയ്യേണ്ട സിനിമയായിരുന്നു മാസ്റ്റര്‍. കോവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ച സിനിമ പിന്നീട് ഡിസംബറില്‍ ഒ ടി ടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന രീതിയില്‍ ചര്‍ച്ച ഉണ്ടാവുകയും തിയേറ്റര്‍ ഉടമകളുടെ അഭ്യര്‍ത്ഥനമാനിച്ച് വിജയ്യും മാസ്റ്ററിന്റെ നിര്‍മ്മാതാക്കളും തീയേറ്ററില്‍ തന്നെ സിനിമ റിലീസ് ചെയ്യുകയുള്ളൂ എന്ന് ഉറപ്പു നല്‍കുകയും ചെയ്തു. തമിഴ്നാട്ടിലെ മുഴുവന്‍ തീയേറ്ററുകളിലും ഓപ്പോസിഷനില്ലാതെ വിജയ്യുടെ ചിത്രം മാത്രം പ്രദര്‍ശിപ്പിക്കാമെന്ന് തിയേറ്റര്‍ ഉടമകള്‍ സമ്മതിക്കുകയും ചെയ്തു.
ഒരുപക്ഷേ തമിഴ്നാടിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു തീരുമാനം ഉണ്ടാവുന്നത്. പൂര്‍ണമായും ഒരു നടന്റെ ചിത്രം മാത്രം പ്രദര്‍ശിപ്പിക്കുന്നത്. 'മാസ്റ്റര്‍' പൊങ്കലിന് റിലീസ് ചെയ്യാനിരിക്കെ ആരോപണവുമായി എത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന എതിര് ശബ്ദവും ഉയര്‍ന്നു കഴിഞ്ഞു.
'കൈതി'ക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്യും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.