കൊച്ചി :
ഇന്ത്യയിലെ പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5, പുതിയ മലയാളം ഒറിജിനല്‍ സീരീസായ 'മുത്തശ്ശി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.
സിംഗിള്‍ ടേക്ക് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന 'മുത്തശ്ശി'യുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നന്ദുലാല്‍ എം.എസ് ആണ്.
അമിത് ചക്കാലക്കല്‍, അഖില ഭാര്ഗവന്, കെ പി എ സി ലീല, ഓര്ഹാന് ഹൈദര്‍, രാജേഷ് ശര്‍മ്മ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മുത്തശ്ശി' ജൂലൈ 3, മുതല്‍ സീ5 മലയാളത്തില്‍ എക്സ്ക്ലൂസീവായി പ്രദര്‍ശനത്തിനെത്തും.
കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന കഥ, പുരാതന ദുഷ്ടശക്തിയുടെ ശാപത്തില്‍ നിന്ന് മകനെ രക്ഷിക്കാനായി ഒരു അമ്മ നടത്തുന്ന ജീവന്മരണ പോരാട്ടമാണ് സീരീസ് ദൃശ്യവല്‍ക്കരിക്കുന്നത്.
മിത്തോളജിക്കല്‍ ഹൊറര്‍ ഡ്രാമയായാണ് ഈ സീരീസ് പ്രേക്ഷകരിലേക്ക് സംവിധായകന് അവതരിപ്പിക്കുന്നത്. താന്‍ ജീവനതുല്യം സ്നേഹിക്കുന്ന മകനെ സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കുള്ള ഒരമ്മയുടെ പോരാട്ടമാണ് 'മുത്തശ്ശി'.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ സമ്പന്നമായ നാടോടിക്കഥകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് 'മുത്തശ്ശി' ഒരുക്കിയിരിക്കുന്നത്. 'വെറുമൊരു ഹൊറര്‍ എന്നതിനപ്പുറം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥയാണ് 'മുത്തശ്ശി'' എന്ന് ZEE5യുടെ മാര്‍ക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയര്‍ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യര്‍ പറഞ്ഞു.
'ഒരു സൂപ്പര്‍നാച്ചുറല്‍ ത്രില്ലറിന്റെ എല്ലാ ഘടകങ്ങളും ഈ സീരീസിനുണ്ടെങ്കിലും, അതിന്റെ ഹൃദയം എന്നത് സങ്കല്പ്പിക്കാന് കഴിയാത്ത സാഹചര്യങ്ങളെ നേരിടുന്ന ഒരു അമ്മയുടെ കഥയാണ്. മനസ്സില്‍ നിന്ന് വിട്ടുപോകാത്ത ഒരു ഭയപ്പെടുത്തുന്ന കാഴ്ചാനുഭവം 'മുത്തശ്ശി' നിങ്ങള്‍ക്ക് സമ്മാനിക്കു'മെന്ന് സംവിധായകന് നന്ദുലാല്‍ കൂട്ടിച്ചേര്‍ത്തു.
'മുത്തശ്ശി' ജൂലൈ 3, മുതല്‍ സീ5 മലയാളത്തില്‍ സ്ട്രീമിങ് ആരംഭിക്കും.