അഞ്ജു അഷറഫ്-
കൊച്ചി:
ജയറാമിന്റെ അതുല്യമായ അഭിനയ മികവുകൊണ്ട് ശ്രദ്ധേയമായ 'നമോ:' എന്ന സംസ്കൃത സിനിമ ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
'നേതാജി' എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പനോരമയില്‍ ഇടം നേടിയ സംവിധായകന് വിജിഷ് മണിഒരുക്കിയ സംസ്കൃത ചിത്രമാണ് 'നമോ:'.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രഗല്ഭരായ കലാകാരന്മാരാണ് ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.
'നമോ:' യുടെ ഛായാഗ്രഹണം ലോകനാഥനും, എഡിറ്റിങ്ങ് നിരവധി ദേശിയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ബി. ലെനിനും ആണ് നിര്‍വഹിച്ചിട്ടുള്ളത്. വിഖ്യാത സംഗീതജ്ഞന് പദ്മശ്രീ അനൂപ് ജലോട്ടയാണ് 'നമോ:'യുടെ സംഗീതം ഒരുക്കിയത്. യു. പ്രസന്നകുമാറും ഡോ: എസ്.എന്‍. മഹേഷ് ബാബുവും ചേര്‍ന്ന് എഴുതിയ തിരക്കഥയില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലുള്ള അതുല്യ നടീനടന്മാര് അഭിനയിച്ചിരിക്കുന്നു.
കൃഷ്ണകുചേല കഥയുടെ പശ്ചാത്തലത്തില്‍ മാതൃകാ ഭരണാധികാരിയും ലോകത്തിന് മാതൃകയാവുന്ന പ്രജയും എങ്ങനെയായിരിക്കണം എന്ന എക്കാലത്തും പ്രസക്തമായ വിഷയമാണ് 'നമോ:' ചര്‍ച്ച ചെയ്യുന്നത്.
സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം ഇതിനോടകം തന്നെ ചലച്ചിത്ര രംഗത്തെ പലരേയും അത്ഭുതപ്പെടുത്തുകയുണ്ടായി. സിനിമയുടെ ടീസര്‍ പ്രകാശനം ചെയ്തുകൊണ്ടു് തെലുങ്കു സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി പറഞ്ഞത് അവിശ്വസനീയമായ പ്രകടനമാണ് ജയറാം കാഴ്ചവെച്ചത് എന്നാണ്.
അസാധാരണവും അനായാസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ജയറാമിന്റ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ് 'നമോ:'യിലെ സുധാമ എന്ന കഥാപാത്രം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അഭിനയ ജീവിതത്തില്‍ അത്യപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഇത്തരമൊരു കഥാപാത്രത്തെ ഒരു നടന് സ്വയം മറന്ന് ആവിഷ്കരിക്കുമ്പോള്‍ പ്രേക്ഷകരും സുധാമയെന്ന കുചേല ബ്രാഹ്മണനോടൊപ്പം സഞ്ചരിക്കുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കൃത്യമായി തയ്യാറെടുത്ത ജയറാം തന്റെ ഭാരം ഇരുപത് കിലോയിലധികം കുറയ്ക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. സിനിമയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്ത മോഹന്‍ലാലും ജയറാമിന്റെ അഭിനയത്തെപ്രത്യേകം പ്രശംസിക്കുകയുണ്ടായി. എല്ലാ അര്‍ത്ഥത്തിലും ഭാരതീയ സംസ്കൃതിയുടെ മഹത്വം വിളംബരം ചെയ്യുന്ന ക്ലാസിക് സിനിമയാണ് നമോ എന്നും ഇന്ത്യന്‍ പനോരമയിലേക്ക് സെലക്ഷന് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും സംവിധായകന് വിജീഷ് മണി പറഞ്ഞു.