CNA
തിരു:
ഒരു വിവാഹബന്ധം തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കാത്ത ദമ്പതികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന് ബന്ധം അവസാനിപ്പിച്ചാലുണ്ടാകുന്ന സാമൂഹികമായ വെല്ലുവിളികളും ചിലപ്പോഴൊക്കെ നീണ്ട കാലയളവ് ആവശ്യമായി വരുന്ന നിയമ പോരാട്ടങ്ങളും ആയിരിക്കാം. എന്നാല്‍ ഇതിന് എല്ലാം കാരണമാകുന്ന മാര്യേജ് സര്‍ട്ടിഫിക്കറ്റ് എന്ന നിയമരേഖയില്‍ ഒരു കാലാവധി നിശ്ചയിക്കുന്ന തീയതി ഉണ്ടെന്ന അവസ്ഥയില്‍, ബന്ധം തുടരാന്‍ താല്പര്യം ഇല്ലെങ്കില്‍ ആ സെര്‍ട്ടിഫിക്കറ്റ് പുതുക്കി എടുക്കേണ്ടതില്ല എന്നൊരു നിയമവുമുണ്ടെങ്കില്‍ എന്താകും ഇന്ത്യന്‍ വിവാഹ സമ്പ്രദായങ്ങളും കുടുംബബന്ധങ്ങളും? ഇതാണ് നവാഗതനായ ജോ ജോസഫ് രചനയും സംവിധാനവും ചെയ്തിരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചര്‍ ചിത്രമായ 'പി ഡബ്ള്യു ഡി' മുന്നോട്ട് വയ്ക്കുന്ന ആശയം.
ചിത്രത്തിന്റെ തുടക്കം മുതല്‍ കഥാപാത്രങ്ങളുടെ കുറിക്ക് ഒപ്പിച്ച് എഴുതിയിരിക്കുന്ന നര്‍മ്മ സംഭാഷണങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ മതത്തെയും പരാമര്‍ശിക്കുന്നുണ്ട്. എങ്കിലും വിവാഹ സെര്‍ട്ടിഫിക്കറ്റിലെ കാലാവധി എന്ന ആശയം ആണ് പ്രധാനമായും ചിത്രത്തില്‍ ചര്‍ച്ച ചെയുന്നത്.
മലയാള സിനിമയില്‍ ഇതുവരെ കാണാത്തതും എന്നാല്‍ പഴയകാല പ്രിയദര്ശന്, ഫാസില്‍ തുടങ്ങിയവരുടെ സിനിമകളെ ഓര്‍മിപ്പിക്കുന്നതുമായ ഊട്ടിയിലെ ഒരു ലൊക്കേഷനാണ് കഥയ്ക്ക് പശ്ചാത്തലമാകുന്നത്. ബ്രിട്ടീഷ് വനിതാ സിനിമാട്ടോഗ്രാഫര്‍ സൂസന് ലംസഡന്‍ ആദ്യമായി ദൃശ്യഭാഷ ഒരുക്കിയിരിക്കുന്ന ഇന്ത്യന്‍ സിനിമ കൂടിയാണ് പി ഡബ്ള്യു ഡി. സിദ്ധാര്‍ത്ഥ പ്രദീപിന്റെ സംഗീതവും, ശ്യാം ശശിധരന്റെ എഡിറ്റിംഗും ചിത്രത്തിന്റെ ആസ്വാദ്യത ഉയര്‍ത്തുന്നുണ്ട്. ഒരിക്കലും നടക്കാത്ത കഥ പറയാന്‍ സ്ഥിരം കാണുന്ന കാഴ്ചകള്‍ സിനിമയില്‍ കാണിക്കാന്‍ പാടില്ല എന്ന പ്രിയദര്ശന് ആശയം ഉള്‍ക്കൊണ്ട് കൂടി ആണ് ഊട്ടിയിലെ സ്വപ്നതുല്യമായ ഒരു എസ്റ്റേറ്റില്‍ ചിത്രം പൂര്‍ണ്ണമായും ചിത്രീകരിച്ചിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നര്‍ ആയ സിനോയ് ജോസഫ് നിര്‍വ്വഹിച്ചിരിക്കുന്ന സൗണ്ട് ഡിസൈനും കേരള സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ ആയ ലിജു പ്രഭാകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന കളറും ചിത്രത്തിനു വളരെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നു.
ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ അത് പ്രേക്ഷകരെ അലോസരപ്പെടുത്താന്‍ സാധ്യതയുണ്ട്. എങ്കിലും ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം ഭാവിയില്‍ ആണെങ്കിലും ചര്‍ച്ച ചെയ്യപ്പെടും എന്നത് തീര്‍ച്ചയാണ്. സൈന പ്ളേയിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
പിആര്‍ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com