മഹേഷ് എം കമ്മത്ത്-
കൊച്ചി:
തകര്‍പ്പന്‍ വിജയവുമായി നിവിന്‍ പോളിയുടെ ആദ്യ വെബ് സിരീസായ 'ഫാര്‍മ'.
പി ആര് അരുണ്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഫാര്‍മ' ഡിസംബര്‍ 19ന് ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്.
പേര് സൂചിപ്പിക്കുന്നതുപോലെ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ് ലോകം പശ്ചാത്തലമാക്കിയ സിരീസ് ആണ് ഇത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, മറാഠി, കന്നഡ, ബംഗാളി എന്നീ ഭാഷകളിലും സിരീസ് കാണാനാവും.
നിവിന്‍ അവതരിപ്പിക്കുന്ന കെ.പി. വിനോദ് എന്ന ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ജോലിയില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രമേയം. മെഡിക്കല്‍ റെപ്രസെന്റേറ്റീവ് നേരിടുന്ന ജോലി സമ്മര്‍ദ്ദവും സീരീസ് പ്രതിപാദിക്കുന്നത്.
പി.ആര്. അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച എട്ട് എപ്പിസോഡുകളുള്ള സീരീസ് 2024ല്‍ ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയില്‍ പ്രീമിയര്‍ ചെയ്തിരുന്നു. 'ഫൈനല്‍സ്' എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് പി ആര് അരുണ്‍.
നൂറുകണക്കിന് യഥാര്‍ഥ കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രോജക്റ്റാണ് 'ഫാര്‍മ' എന്നും താന്‍ ഈ പ്രൊജക്ട് ഹൃദയത്തോട് ഏറെ ചേര്‍ത്തുനിര്‍ത്തുന്ന ഒന്നാണെന്നും സംവിധായകന് പി ആര് അരുണ്‍ പറഞ്ഞു.
'സര്‍വ്വം മായ' പോലെത്തന്നെ 'ഫാര്‍മ'യും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. 'സര്‍വ്വം മായ'യും 'ഫാര്‍മ'യും നിവിന്‍ പോളിയുടെ തിരിച്ച്വരവായാണ് പ്രേക്ഷകര്‍ പറയുന്നത്.
പ്രമുഖ ബോളിവുഡ് താരം രജിത് കപൂറാണ് സിരീസില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്യാമപ്രസാദിന്റെ 'അഗ്നിസാക്ഷി'ക്ക് ശേഷം മലയാളം പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടുമെത്തുകയാണ് രജിത് കപൂര്‍ 'ഫാര്‍മ'യിലൂടെ. 'അഗ്നിസാക്ഷി'യിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.
നിവിന്‍ പോളിക്കും രജിത് കപൂറിനും പുറമെ ബിനു പപ്പു, നരേന്, ശ്രുതി രാമചന്ദ്രന്, വീണാ നന്ദകുമാര്‍, മുത്തുമണി, ആലേഖ് കപൂര്‍ തുടങ്ങിയവരും 'ഫാര്‍മ'യില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
അഭിനന്ദന് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്.
മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന് സേതുകുമാര്‍ ആണ് ഈ വെബ് സീരിസ് നിര്‍മ്മിക്കുന്നത്.
ലൈന്‍ പ്രൊഡ്യൂസര്‍- നോബിള്‍ ജേക്കബ്, എഡിറ്റിംഗ്- ശ്രീജിത് സാരംഗ്, കാസ്റ്റിങ്- വിവേക് അനിരുദ്ധ്, മേക്കപ്പ്- സുധി കട്ടപ്പന, കലാസംവിധാനം- രാജീവ് കോവിലകം, സൗണ്ട്- ശ്രീജിത്ത് ശ്രീനിവാസന്, വസ്ത്രാലങ്കാരം- രമ്യ അനസൂയ സുരേഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നോബിള്‍ ജേക്കബ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- സാഗര്‍, സ്റ്റില്‍സ്- സേതു അതിരപ്പിള്ളി, ഡിസൈന്‍- തോട്ട് സ്റ്റേഷന്.
Online PR - CinemaNewsAgency.Com