സി എന്‍ എ-
തിരു:
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ (മുഹമ്മദ് അബ്ദുല്‍ ഖാദര്‍ 72) അന്തരിച്ചു.
കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡക്കല്‍ കോളേജ് ആശുപത്രിയില്‍ ചകിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച 12.15 ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.
1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി ജനിച്ച മുഹമ്മദ് അബ്ദുല്‍ ഖാദര്‍ 1973ല്‍ ആണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്.
1973 ല്‍ വിജയനിര്‍മല സംവിധാനം ചെയ്ത 'കവിത' എന്ന സിനിമയിലടെയായിരുന്നു ചലച്ചിത്രരംഗത്തെ തുടക്കം.
'കാറ്റുവിതച്ചവന്‍' എന്ന ചിത്രത്തിലെ 'നീ എന്റെ പ്രാര്‍ത്ഥന കേട്ടു', 'മഴവില്ലിനജ്ഞാതവാസം' തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി മാറി. തുടര്‍ന്ന് 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍', 'ശരറാന്തല്‍ തിരിതാഴും', 'സിന്ദൂര സന്ധ്യയ്ക്ക് മൗനം', 'ഏതോ ജന്മ കല്പനയില്', 'മൗനമേ നാണമാവുന്നു മേനി നോവുന്നു', 'ചിത്തിരത്തോണിയില്‍', 'മലരും കിളിയും ഒരു കുടുംബം' തുടങ്ങി മലയാളികള്‍ എക്കാലവും നെഞ്ചേറ്റുന്ന ആയിരത്തി ഇരുന്നൂറിലേറെ നിത്യ ഹരിതഗാനങ്ങള് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന എണ്‍പതുകളില്‍ മാത്രം എണ്ണൂറോളം പാട്ടുകള്‍ അദ്ദേഹം രചിച്ചു.
ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീത ജീവിതത്തിന്റെ തന്നെ ഭാഗമാണ്.
പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു അദ്ദേഹം.
'തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്', 'കസവിന് തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി' എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. 'കളിവീണ, പാടുവാന്‍ പഠിക്കുവാന്‍' (കവിതാ സമാഹാരം), 'ചിത്തിരത്തോണി' (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ആമിന, മക്കള്‍: തുഷാര, പ്രസൂന.
ഖബറടക്കം ചൊവ്വാഴ്ച പൂവച്ചല്‍ കുഴിയറ കോണം ജമാഅത്ത് ഖബറിസ്ഥാനില്‍.