കൊച്ചി :
'കേട്ടോടാ... രാവുണ്ണി...' 'എടാ, സി.ബി.ഐ യ്യേ...'എന്നൊക്കെയുള്ള നീട്ടിയുളള ആ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും, അത് പ്രതിഭാശാലിയായ നടന് പ്രതാപചന്ദ്രനാണെന്ന്.

'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ 'നാരായണ'നെ ഓര്‍ക്കാത്തവര്‍ ഉണ്ടാകില്ല. അതുപോലെ 'സംഘം' എന്ന ചിത്രത്തിലെ 'കുറുപ്പ്', കൂടാതെ, 'തനിയാവര്‍ത്തനം', 'കോട്ടയം കുഞ്ഞച്ചന്' അങ്ങനെ മുന്നൂറ്റന്പതോളം മലയാള ചലചിത്രങ്ങളിലും 20ല്‍ അധികം തമിഴ് ചിത്രങ്ങളിലും അനശ്വരമായ വേഷങ്ങള്‍ പ്രതാപചന്ദ്രന് അവതരിപ്പിച്ചു. മാത്രമല്ല, അഞ്ചോളം സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും സിനിമകള്‍ക്ക് കഥ എഴുതുകയും ചെയ്തു.

2004 ഡിസംബര്‍ 16നാണ് അദ്ദേഹം തന്റെ അറുപത്തിമൂന്നാമത്തെ വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. 2003ല്‍ പുറത്തിറങ്ങിയ 'ജനകീയം' എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി പ്രതാപചന്ദ്രന് അഭിനയിച്ചത്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ പ്രതാപചന്ദ്രന്റെ മകളാണ് പ്രതിഭ പ്രതാപചന്ദ്രന്. അച്ഛന്റെ അഭിനയ വഴിയില്ലൂടെയാണ് പ്രതിഭയും. സിനിമാ പാരമ്പര്യമുണ്ടെങ്കിലും, നല്ല കഥാപാത്രങ്ങളിലൂടെ സ്വയം ഒരു മികച്ച നടിയായി മലയാള സിനിമയില്‍ അറിയപ്പെടാനാണ് പ്രതിഭ ആഗ്രഹിക്കുന്നത്.

സിനിമകളില്‍ സജീവമാകുന്നതിന് മുന്‍പ് സ്വന്തമായി നിര്‍മ്മിച്ച 'എന്നും എനിക്കൊപ്പം' എന്ന ഹൃസ്വചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് പ്രതിഭ പ്രതാപചന്ദ്രന് ക്യാമറക്ക് മുന്നിലെത്തുന്നത്.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്ത അര്ജുന് സര്‍ജയുടെ 'സീത പായനം' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ വേഷം ചെയ്തു.
പിന്നീട്, ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാനു സംവിധാനം ചെയ്ത 'ബെസ്റ്റി' എന്ന ചിത്രത്തില്‍ നായികയുടെ അമ്മ വേഷം ചെയ്തു.
കൂടാതെ, ആസിഫ് അലി നായകനായ 'ആഭ്യന്തര കുറ്റവാളി'യിലും കഥാപാത്രത്തെ അവതരിപ്പിച്ചു.
നടന് ചേര്‍ത്തല ജയന് സംവിധാനം ചെയ്ത 'കിറ്റ് ക്യാറ്റ്', മഹേഷ് കേശവ് സംവിധാനം ചെയ്യുന്ന ധ്യാന്‍ ശ്രീനിവാസന് ചിത്രം '11:11' എന്നിവയാണ് റിലീസിനൊരുങ്ങുന്ന സിനിമകള്‍. കൂടാതെ 'അകലെ' എന്ന പരമ്പരയില്‍ പ്രധാവേഷവും ചെയ്തു. ഇതിനോടകം തന്നെ സിനിമയുമായി ബന്ധപ്പെട്ട പല മാധ്യമ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പ്രതിഭ സജീവമായി പങ്കെടുത്തിട്ടുണ്ട്.

ജൂണ്‍ 19ന് പ്രദര്‍ശനത്തിനെത്തുന്ന 'സത്യത്തില്‍ സംഭവിച്ചത്' എന്ന സിനിമയില്‍ പ്രതിഭ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ് മേനോന്, ദില്‍ഷാന, ദിലീഷ് പോത്തന്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്മാന്, ജയകൃഷ്ണന്, വിജിലേഷ്, സിനോജ് വര്‍ഗീസ്, ശിവന് സോപാനം, പുളിയനം പൗലോസ്, ജി സുരേഷ് കുമാര്‍, ഭാസ്കര്‍ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പാര്‍വതി രാജന് ശങ്കരാടി, സുഷമ അജയന്, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
എഡിറ്റര്‍- സുനീഷ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- അമ്പിളി കോട്ടയം, കല- കെ കൃഷ്ണന്‍കുട്ടി, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്, സ്റ്റില്‍സ്- ശിവന് മലയാറ്റൂര്‍, പരസ്യകല- ആര്‍ട്ടോകാര്‍പ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ലിനു ആന്റണി, ബിജിഎം- മധു പോള്‍, വിഎഫ്എക്സ്- ടിറ്റോ, അജീഷ് പി തോമസ്, നൃത്ത സംവിധാനം- ഇംതിയാസ് അബൂബക്കര്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ രാമവര്‍മ്മ, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com