CNA
കൊച്ചി:
മുംബൈ ഇന്‍ഡി ഫിലിം സൊസൈറ്റി നടത്തിയ ആറാമത് മുംബൈ ഇന്‍ഡി ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയായി റോട്ടന്‍ സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നര്‍മ്മം കലര്‍ത്തി ചിത്രീകരിച്ച ഈ സിനിമ തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണുദേവ് ആണ്.
റോട്ടന്‍ സൊസൈറ്റിക്ക് ഇതിനോടകം തന്നെ 130 ല്‍ പരം ഇന്റര്‍നാഷനല്‍ ഫിലിം അവാര്‍ഡുകള്‍ ലഭിച്ചു കഴിഞ്ഞു.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമല്‍ സ്വരൂപിന്റെ നേതൃത്വത്തിലുള്ള ജൂറി പാനല്‍ ആണ് റോട്ടന്‍ സൊസൈറ്റിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
റോട്ടന്‍ സൊസൈറ്റി സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ ഒരു കലാ സൃഷ്ടിയാണെന്നും സിനിമ അവസാനിച്ചതിനുശേഷവും കാഴ്ചക്കാരന്റെ മനസ്സില്‍ തങ്ങിനില്ക്കുന്ന നിമിഷങ്ങള്‍ റോട്ടന്‍ സൊസൈറ്റി സൃഷ്ടിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഒരു റിപ്പോര്‍ട്ടറുടെ കയ്യിലുള്ള ക്യാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയില്‍ ലഭിക്കുകയും തുടര്‍ന്ന് ആ ഭ്രാന്തന് കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ ക്യാമറയിലൂടെ പകര്‍ത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇന്‍ഡിപെന്‍ഡന്റ് സിനിമകളുടെ ഇടയില്‍ ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്ന ഈ സിനിമ 2026 ല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും.
ടി സുനില്‍ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോള്‍ പ്രതിനായകനായി എത്തുന്നത് പ്രിന്‍സ് ജോണ്സണ് ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാല്‍, സുരേഷ് എം വി, ഗൗതം എസ് കുമാര്‍, ബേബി ആരാധ്യ, ജിനു സെലിന്, രാജേഷ് അറപ്പുരയില്‍, ജയചന്ദ്രന് തലയല്‍, വിപിന്‍ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവന്, അഭിഷേക് ശ്രീകുമാര്‍, സ്നേഹല്‍ റാവു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന് ആണ് റോട്ടന്‍ സൊസൈറ്റിയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഒപ്പം സ്നേഹല്‍ റാവു , ഷൈന്‍ ഡാനിയേല്‍ എന്നിവര്‍ കോ പ്രൊഡക്ഷന്‍ ചെയ്തിരിക്കുന്നു. പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയില്‍ സൌണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സൌണ്ട് എഫക്ട്സ് നിര്‍വഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈന്‍ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ എസ് ആണ്. പ്രജിന് ഡിസൈന്‍സ് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്.
ചിത്രത്തിന്റെ പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com