ന്യൂസ് ഡെസ്ക്-
കൊച്ചി :
മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ യുവനായകന്മാരും ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യുന്നവരും ചെറിയ ആര്‍ട്ടിസ്റ്റുകള്‍ വരെ അണിനിരന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന ചരിത്ര സംഭവമായിരുന്നു ജോഷി സംവിധാനം ചെയ്ത 'ട്വന്റി 20' എന്ന സിനിമ. ഒരു ഭാഷയിലെ അറിയപ്പെടുന്ന മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും അണിനിരന്ന ലോക സിനിമയിലെ തന്നെ ആദ്യത്തെ അനുഭവമായിരിക്കും അമ്മയ്ക്കു വേണ്ടി നടന് ദിലീപ്, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ട്വന്റി 20.
12വര്‍ഷങ്ങള്‍ക്ക് ശേഷം 'ട്വന്റി 20' യുടെ രണ്ടാംഭാഗം വരുന്നു, ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്നു, ആ സിനിമയില്‍ ഭാവന ഉണ്ടാവില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ പലപ്പോഴായി വന്നു കഴിഞ്ഞു. ഈ വാര്‍ത്തയുടെ അടിസ്ഥാനമെന്താണ്? എവിടെ നിന്നാണ് ഈ വാര്‍ത്ത ഉണ്ടായതെന്ന് അമ്മ സംഘടനയിലെ അംഗങ്ങള്‍ക്കോ 'ട്വന്റി 20' സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവര്‍ക്കോ അറിയില്ല.
'ട്വന്റി 20'യുമായി ചേര്‍ത്ത് ഭാവനയുടെ പേരില്‍ നടി പാര്‍വതിയും ഡബ്ല്യുസിസി അംഗങ്ങളും ഉയര്‍ത്തിയ ആക്ഷേപങ്ങളും ബഹളങ്ങളും കേരളം കണ്ടതാണ്. കേട്ടതാണ്. അമ്മയുടെ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരെ മോശമായ രീതിയില്‍ പ്രതികരിക്കുകവരെ ഉണ്ടായി. മലയാളത്തിന്റെ അതികായനായ സംവിധായകന് ജോഷി ഒരുക്കിയ 'ട്വന്റി 20'യുടെ തിരക്കഥ എഴുതിയത് ഉദയകൃഷ്ണ-സിബി കെ തോമസ് ആണ്. നമ്മള് ആലോചിക്കുകയും പറയാത്തതുമായ ഒരു വാര്‍ത്തയാണിതെന്ന് അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും പറഞ്ഞു. ഇത്തരം വാര്‍ത്തകളൊക്കെ ആരുടെ ഭാവനയില്‍ വരുന്നതാണ്? 'ട്വന്റി 20'യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടേയില്ല. സംവിധായകനായ ജോഷി സാറോ തിരക്കഥാകൃത്തായ എനിക്കോ രണ്ടാം ഭാഗത്തെക്കുറിച്ച് അറിയില്ല. അങ്ങനെ ഒരു സിനിമ വരുന്നുണ്ടെങ്കിലല്ലേ ഭാവനയുടെ കാര്യം തീരുമാനിക്കേണ്ടതുള്ളു. ഒരു ദിവസം രാവിലെ മുതല്‍ എന്റെ ഫോണില്‍ വിളിച്ച് ഭാവന മരിച്ചോ.. ഭാവന മരിച്ചോ.. എന്ന് ആളുകള്‍ ചോദിച്ചു കൊണ്ടിരുന്നു. കൊറോണക്കാലമായതുകൊണ്ട് വീടിനു പുറത്തിറങ്ങി അധികം നടക്കാത്തതു കൊണ്ട് നാട്ടില്‍ ഉണ്ടാകുന്ന പുകിലുകള് ഒന്നും കാര്യമായി അറിയില്ലായിരുന്നു. ഭാവന മരിച്ചു എന്ന ചോദ്യം ആദ്യം കേട്ടപ്പോള്‍ ഒരു ഞടുക്കം ഉണ്ടായി. പിന്നീട് സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം, 'ട്വന്റി20'ക്ക് രണ്ടാംഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. മറ്റാര്‍ക്കെങ്കിലും അങ്ങനെയൊരു താല്പര്യം വന്നിട്ടുണ്ടാകാം. അതൊക്കെ എങ്ങനെ നടക്കും എന്നകാര്യം ഇപ്പോള്‍ പറയാനാവില്ലെന്ന് തിരക്കഥാകൃത്തായ ഉദയ കൃഷ്ണ പറഞ്ഞു.
ഇപ്പോള്‍ ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് നമ്മളാരും ആലോചിച്ചിട്ടില്ല. അമ്മയില്‍ ചര്‍ച്ചയും നടത്തിയിട്ടില്ല. മാത്രമല്ല 'ട്വന്റി 20'യുടെ റൈറ്റ്സ് ദിലീപിന്റെ കയ്യിലാണ്. അതുകൊണ്ടുതന്നെ അമ്മ 'ട്വന്റി 20'യുടെ രണ്ടാം ഭാഗം എടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അമ്മ ഒരു കാര്യം ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ഇടവേള ബാബു സിനിമ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.