CNA
കൊച്ചി:
ഹോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്ചേഴ്സ്-എംജിഎം ലൈവ് ആക്ഷന്‍ ഫാന്റസി ചിത്രം 'മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്' ഔദ്യോഗിക മലയാളം പതിപ്പില്‍ നായക കഥാപാത്രമായ 'ഹീമാന്‍' ശബ്ദം നല്കി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദന്. എംജിഎം, സോണി പിക്ച്ചേഴ്സ് പോലുള്ള ഹോളിവുഡ് സ്റ്റുഡിയോസുമായി സഹകരിക്കുന്ന ആദ്യ മലയാള നടന് കൂടിയാണ് ഉണ്ണിമുകുന്ദന്. കോമിക്സുകളിലൂടെയും ടെലിവിഷന്‍ സ്ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാന്‍ കഴിഞ്ഞത് തന്റെ ജീവിതം പൂര്‍ണമാക്കിയ നിമിഷമാണെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ വ്യക്തമാക്കി. തൊണ്ണൂറുകളില്‍ വളര്‍ന്ന ഏതൊരു കുട്ടിയെയും പോലെ തനിക്കും ഹീമാന്‍ വെറുമൊരു കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നില്ലെന്നും അജയ്യമായ കരുത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായിരുന്നുവെന്നും ഉണ്ണി മുകുന്ദന് ഓര്‍ത്തെടുത്തു.
ഡബ്ബിങ് വേളയില്‍ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടപ്പോള്‍ താന്‍ തികച്ചും വികാരാധീനനായെന്നും ഒരു അഭിനേതാവാണെന്ന കാര്യം പോലും മറന്ന് ഹീമാന്റെ മാന്ത്രിക പ്രപഞ്ചത്തില്‍ അലിഞ്ഞുചേര്‍ന്ന ആ പഴയ കൊച്ചുകുട്ടിയായി മാറിയെന്നും താരം വെളിപ്പെടുത്തി. കുട്ടിക്കാലത്ത് ആരാധനയോടെ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന 'By the Power of Grayskull… I Have The Power!' (എന്റെ ഉള്ളിലുള്ള ആ ശക്തി കൂടി വാ) എന്ന വിഖ്യാതമായ വരികള്‍ ഡബ്ബിങ് തിയേറ്ററില്‍ ഉച്ചരിച്ച നിമിഷം വാക്കുകള്‍ക്ക് അപ്പുറത്തുള്ള അനുഭൂതിയായിരുന്നുവെന്നും ഉണ്ണി മുകുന്ദന് കൂട്ടിച്ചേര്‍ത്തു.
'സിനിമയുടെ വെള്ളിത്തിരകളിലും കോമിക്സിന്റെ താളുകളിലും ടെലിവിഷന്‍ സ്ക്രീനുകളിലും വിസ്മയം തീര്‍ത്ത, ലോകം കണ്ട ഏറ്റവും ജനപ്രിയനായ ആ ഇതിഹാസ നായകന് തന്റെ ശബ്ദം പകര്‍ന്നപ്പോള്‍ തൊണ്ണൂറുകളില്‍ വളര്‍ന്ന ഏതൊരു കുട്ടിയെയും പോലെ, തനിക്കും ഹീമാന്‍ വെറുമൊരു കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നില്ല; മറിച്ച്, അജയ്യമായ കരുത്തിന്റെയും അചഞ്ചലമായ ധീരതയുടെയും നീതിബോധത്തിന്റെയും യഥാര്‍ത്ഥ പൗരുഷത്തിന്റെയും പ്രതീകമായിരുന്നു. സിനിമയെന്ന മായാലോകത്തിലേക്ക് ഉണ്ണിയെ ആദ്യമായി ആകര്‍ഷിച്ചത് കുട്ടിക്കാലത്ത് കണ്ട ഇത്തരം അമാനുഷിക നായകന്മാരായിരുന്നു. കാലം കടന്നുപോയപ്പോള്‍ അവര്‍ വെറും 'കഥാപാത്രങ്ങള്‍' അല്ലാതായി മാറി. തന്റെ കുട്ടിക്കാലത്തിന്റെ, ഭാവനയുടെ, ആത്മാവിന്റെ തന്നെ ഒരു അവിഭാജ്യ ഘടകമായി അവര്‍ രൂപപ്പെടുകയായിരുന്നു.
ഹീമാന്റെ ഔദ്യോഗിക ശബ്ദമാകാന്‍ കഴിഞ്ഞതില്‍ താന്‍ അങ്ങേയറ്റം അനുഗ്രഹീതനാണെന്നും വൈകാരികമായി ഏറെ സന്തോഷത്തിലാണ് താനെന്നും ഉണ്ണി വ്യക്തമാക്കി. താന്‍ ഒരു സ്റ്റുഡിയോയില്‍ നില്ക്കുന്ന അഭിനേതാവാണെന്ന കാര്യം പോലും പലപ്പോഴും മറന്നുപോയി. വിടര്‍ന്ന കണ്ണുകളോടെ, വികാരഭരിതനായി, ഹീമാന്റെ ആ മാന്ത്രിക പ്രപഞ്ചത്തില്‍ അലിഞ്ഞുചേര്‍ന്ന ആ പഴയ കൊച്ചുകുട്ടിയായി വീണ്ടും മാറി.
'ഹീ മാന്റെ' മലയാളം പതിപ്പ് അതിന്റെ പൂര്‍ണ്ണമായ കരുത്തിലും ഗൃഹാതുരത്വത്തിലുമാണ് ഒരുക്കിയിരിക്കുന്നത്; കേരളത്തിലെ ഓരോ ഹീമാന്‍ ആരാധകന്റെയും ഹൃദയത്തില്‍ ഇത് ആഴത്തില്‍ പതിയും.
തലമുറകള്‍ നെഞ്ചിലേറ്റിയ ഇത്രയും പ്രിയപ്പെട്ട ഒരു കഥാപാത്രത്തെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിനും, ഇത് ഇവിടെ സാധ്യമാക്കിയതിനും സോണി പിക്ചേഴ്സിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനും ഉണ്ണി മുകുന്ദന് മറന്നില്ല. കൂടാതെ രുദ്രയിലെ ശേഖര്‍ജി, ഉദയ് ബ്രോ, ഗായത്രി എന്നിവരോടും കടപ്പെട്ടിരിക്കുന്നതായി താരം വ്യക്തമാക്കി.
Online PR - CinemaNewsAgency.Com