CNA
കൊച്ചി:
പോരാട്ട വഴികളുടെ ചരിത്രപശ്ചാത്തലത്തില്‍ മലയാളികളുടെയും തമിഴരുടെയും വീരപാരമ്പര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും കഥ പറയുന്ന അസാധാരണമായ ഒരു തമിഴ് ചലച്ചിത്രമാണ് 'വീരവണക്കം'.
വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില്‍ വി. നാഗേന്ദ്രന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഈ തമിഴ് ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും പ്രദര്‍ശനത്തിന് സജ്ജമായിക്കഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചെന്നൈയില്‍ വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര സാഹിത്യ സാംസ്കാരിക മാധ്യമരംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തുകൊണ്ട് 'വീരവണക്ക'ത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.
കാലമെത്ര കഴിഞ്ഞാലും മലയാളികളും തമിഴരും മാത്രമല്ല ഭാരതീയരാകെ ഈ ചിത്രത്തെ ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്നും പോയകാലത്തിന്റെയും വരുംകാലത്തിന്റെയും ഹൃദ്യമായ ഓര്‍മ്മപ്പെടുത്തല്‍ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നുവെന്നും ചിത്രം കണ്ടവര്‍ ഒരുപോലെ അഭിപ്രായപ്പെട്ടു.
ജാതിയുടെ പേരില്‍ കടുത്ത വിവേചനങ്ങളും ആക്രമണങ്ങളും നേരിടുന്ന തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലെ കീഴ്ജാതിക്കാരുടെ രക്ഷകനായി എത്തുന്നത് മറ്റൊരു ഗ്രാമത്തിലുള്ള മേല്‍ജാതിയില്‍പെട്ട ദീനദയാലുവും കരുത്തനുമായ രാജമഹേന്ദ്രന് എന്ന ധനികനാണ്.
എം.എ യ്ക്ക് ഒന്നാം റാങ്ക് നേടിയ ഒരു ദളിത് വിദ്യാര്‍ത്ഥിയെ പ്രണയത്തിന്റെ പേരു പറഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ അവന്റെ അമ്മയുള്‍പ്പെടെ കൊലചെയ്യപ്പെടുകയും ഗ്രാമവാസികളാകെ ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജമഹേന്ദ്രന് അവിടെയെത്തി അവരെ ആശ്വസിപ്പിക്കുകയും ധൈര്യം പകരുന്നതിനായി അധ:സ്ഥിതരുടെ ഉജ്ജ്വലമായ പോരാട്ട ചരിത്രങ്ങളുറങ്ങുന്ന കേരളത്തിന്റെ മണ്ണിലേക്കു കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു. തന്റെ മുത്തച്ഛന്റെ ആത്മമിത്രമായിരുന്ന സഖാവ് പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടകഥകള്‍ മനസ്സിലാക്കുമ്പോള്‍ അവരില്‍ വലിയ മാറ്റങ്ങളുണ്ടാകും എന്നു രാജമഹേന്ദ്രന് ഉറപ്പുണ്ടായിരുന്നു. 1940കളുടെ തുടക്കത്തില്‍ തമിഴ്നാട്ടിലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവും ഗാന്ധിയനുമായ വേലായുധം എന്ന രാജമഹേന്ദ്രന്റെ മുത്തച്ഛനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറിയും ധീരപോരാളിയുമായ പി കൃഷ്ണപിള്ളയും കന്യാകുമാരി ജില്ലയിലെ എടലാകുടി ജയിലില്‍ ഒരേസമയം തടവില്‍ കഴിഞ്ഞിരുന്നു.
പി. കൃഷ്ണപിള്ളയോടൊപ്പം നിരവധി പോരാട്ടങ്ങളില്‍ പങ്കെടുത്ത ചിരുതയെന്ന 97 വയസ്സുള്ള ഒരമ്മ പഴയകാല അനുഭവങ്ങള്‍ ആ ഗ്രാമവാസികളോടു പങ്കുവയ്ക്കുന്നു.
ജാതിപരമായ ഉച്ചനീചത്വങ്ങളും ജന്മിത്തവും ബ്രിട്ടീഷ് ദിവാന് ഭരണവുമൊക്കെ നിലനിന്നിരുന്ന ഒരു സാമൂഹ്യാവസ്ഥയെ മാറ്റിമറിച്ച് പുതിയൊരു കേരളത്തെ സൃഷ്ടിച്ചതില്‍ സഖാവ് പി.കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ വിപ്ലവത്തിന്റെ ആവേശജ്വാലകള്‍ അവരിലേക്കും പകരുന്നു.
തമിഴ്നാട്ടിലെ എടലാക്കുടി ജയിലില്‍ കഴിയവേ പി.കൃഷ്ണപിള്ളയ്ക്ക് ഒരു പെണ്‍കുട്ടിയുമായി അവിചാരിതമായുണ്ടായ സൗഹൃദം പ്രണയമായി മാറുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളുമെല്ലാം ആ അമ്മ അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നു. ഒളിവിലും തെളിവിലും ജയിലിലുമെല്ലാം സഖാവ് പി.കൃഷ്ണപിള്ള കാട്ടിയ ധീരതയുടെയും സഹനത്തിന്റെയും ഇച്ഛാശക്തിയുടെയും ചരിത്രം ഗ്രാമവാസികളില്‍ ആശ്ചര്യവും ആവേശവും നിറയ്ക്കുന്നു.
അനില്‍ വി. നാഗേന്ദ്രന് സംവിധാനം ചെയ്ത 'വസന്തത്തിന്റെ കനല്‍വഴികളില്‍' എന്ന മലയാള ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'വീരവണക്കം'.
ആദ്യസിനിമയിലെ ഏതാനും ഭാഗങ്ങള്‍ ഫ്ലാഷ് ബാക്കായി 'വീരവണക്ക'ത്തില്‍ കാണിക്കുന്നുമുണ്ട്. അനില്‍ വി.നാഗേന്ദ്രന്റെ ആദ്യ തമിഴ് ചലച്ചിത്രത്തിന് പ്രിവ്യൂ ഷോയില്‍ ലഭിച്ച ഊഷ്മളമായ അഭിനന്ദനങ്ങള്‍ തിയേറ്ററുകളില്‍ വന്‍ വരവേല്പായി മാറുമെന്നതിന്റെ സൂചനയാണ്.
ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നിറയെ ആരാധകരുള്ള സമുദ്രക്കനിയും ഭരത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വീരവണക്കം'.
റൊമാന്റിക്ആക്ഷന് ഹീറോ പരിവേഷത്തില്‍ നിന്നും അതിശക്തമായ ഒരു ക്യാരക്ടര്‍ വേഷത്തിലേക്കുള്ള ഭരത്തിന്റെ മാറ്റം ഈ ചിത്രത്തിന്റെ ശ്രദ്ധേയ ഘടകങ്ങളിലൊന്നാണ്.
അതുപോലെ 'വീരവണക്ക'ത്തിലെ പല അഭിനേതാക്കളെയും തങ്ങളിതുവരെ ചെയ്ത ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാക്കി മാറ്റുന്നതില്‍ സംവിധായകന് വിജയിച്ചിരിക്കുന്നു. 94ാം വയസ്സില്‍ പി.കെ. മേദിനി അവതരിപ്പിച്ച കഥാപാത്രം അവിസ്മരണീയമാണ്.
സഖാവ് പി.കൃഷ്ണപിള്ളയായി സമുദ്രക്കനിയും രാജമഹേന്ദ്രനായി ഭരത്തും ചിരുതയായി പി.കെ.മേദിനിയും അവിസ്മരണീയ പ്രകടനമാണ് വീരവണക്കത്തില്‍ കാഴ്ചവയ്ക്കുന്നത്. റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദര്‍ശ്,
ഭീമന് രഘു, ഫ്രോളിക് ഫ്രാന്‍സിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരുടെ പ്രകടനങ്ങള്‍ തമിഴ് പ്രേക്ഷകരെ മാത്രമല്ല ഏവരെയും അത്ഭുതപ്പെടുത്തും.
ഇതിഹാസ ഗായകന് ടി.എം. സൗന്ദര് രാജന്റെ മകന് ടി.എം.എസ് സെല്‍വകുമാര്‍ ഹൃദ്യമായ ടൈറ്റില്‍ ഗാനം പാടിക്കൊണ്ട് ആദ്യമായി ചലച്ചിത്രപിന്നണി ഗാനലോകത്തേക്ക് വരുന്നുവെന്നതും വീരവണക്കത്തിന്റെ പ്രത്യേകതയാണ്.
ഛായാഗ്രഹണം- ടി.കവിയരശ്, സിനു സിദ്ധാര്‍ത്ഥ്, എഡിറ്റിംഗ്- ബി .അജിത് കുമാര്‍, അപ്പു ഭട്ടതിരി, സംഘട്ടനം- മാഫിയ ശശി, സംഗീതം- പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, ജെയിംസ് വസന്തന്, സി.ജെ. കുട്ടപ്പന്, അഞ്ചല്‍ ഉദയകുമാര്‍, സഹസംവിധാനം- രാംകുമാര്‍, മുരളി നെട്ടാത്ത്, പശ്ചാത്തല സംഗീതം- വിനു ഉദയ്,
വസ്ത്രാലങ്കാരം- ഇന്ദ്രന്‍സ് ജയന്, പളനി, മേക്കപ്പ്- പട്ടണം റഷീദ്, നേമം അനില്‍, കലാ സംവിധാനം- കെ.കൃഷ്ണന്‍കുട്ടി, സൗണ്ട് ഡിസൈന്‍- എന്‍. ഹരികുമാര്‍,
സൗണ്ട് ഇഫക്സ്- എന്‍. ഷാബു, കളറിസ്റ്റ്- രമേഷ് അയ്യര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അരുണ്‍ വിജയ്, നിര്‍മ്മാണം- വിശാരദ് ക്രിയേഷന്‍സ്.
അടുത്ത മാസം തമിഴ്നാട്ടിലെയും കേരളത്തിലെയും തിയേറ്ററുകളില്‍ 'വീര വണക്കം' പ്രദര്‍ശനത്തിനെത്തും.
പി ആര് ഒ- ഗുണ, എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com