സി എന്‍ എ-
കൊച്ചി:
ചലച്ചിത്രതാര സംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ചുകൊണ്ടുള്ള നടി പാര്‍വതി തിരുവോത്തിന്റെ കത്ത് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചു. കൊച്ചിയില്‍ മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. നടന് ബിനീഷ് കൊടിയേരിയോട് വിശദീകരണം തേടാനും തീരുമാനിച്ചു. നിലവിലുള്ള കേസുകളുടെ പശ്ചാത്തലത്തില്‍ ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നും സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു. തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി മറ്റ് ചില അംഗങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് വിശദീകരണം തേടുന്നത്. കുറ്റാരോപിതനായ വ്യക്തിക്ക് പറയാനുള്ളത് കൂടി കേട്ടശേഷം അമ്മയുടെ തീരുമാനം ഉണ്ടാകും.
അമ്മയിലെ അംഗങ്ങളുടെ ഇന്‍ഷുറന്‍സ് തുക 3ല്‍ നിന്ന് 5 ലക്ഷമായും അപകട ഇന്‍ഷുറന്‍സ് 10ല്‍ നിന്ന് 12 ലക്ഷമായും ഉയര്‍ത്തും. അമ്മയുടെ സാമ്പത്തികഭദ്രതക്കായി ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്റ്റേജ് ഷോകള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ ഒരു സിനിമ നിര്‍മിക്കാനും തീരുമാനിച്ചു. അമ്മ നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതേയുള്ള. അമ്മയുടെ കൊച്ചിയിലെ പുതിയ ഓഫീസ് കെട്ടിടം ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചതായും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.