CNA
തിരു:
മലയാളത്തിന്റെ 'അമ്പിളികല' ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലെത്തുന്നു.
പ്രേംനസീര്‍ സുഹൃത് സമിതിയുടെ രണ്ടാമത് ചിത്രത്തിലാണ് ജഗതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മകന് രാജ്കുമാറും ചിത്രത്തിലൊരു സുപ്രധാന വേഷത്തിലെത്തുന്നു.
തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ കവി പ്രഭാവര്‍മ്മ, ചിത്രത്തിന്റെ കഥ ഉദയ സമുദ്ര ചെയര്മാന് രാജശേഖരന് നായര്‍ക്ക് കൈമാറുകയുണ്ടായി. സമിതി സെക്രട്ടറി തെക്കന്‍ സ്റ്റാര്‍ ബാദുഷയാണ് ജഗതിയുടെ അഭിനയ തീരുമാനം അറിയിച്ചത്.
നിറഞ്ഞ പുഞ്ചിരിയോടെ ഇടത് കൈ വീശി ജഗതി വിശിഷ്ടാതിഥികളോടൊപ്പം പ്രഖ്യാപനം സ്വീകരിച്ചു. മകന് കൂടി തന്നോടൊപ്പം അഭിനയിക്കുന്നുവെന്നറിഞ്ഞപ്പോള്‍ ഇടത് കൈ കൊണ്ട് മകനെ അദ്ദേഹം അനുഗ്രഹിച്ചു.
ഭാസ്ക്കരന്‍ ബത്തേരിയുടേതാണ് തിരക്കഥ. മറ്റ് അണിയറ പ്രവര്‍ത്തകരെ ഉടന്‍ നിശ്ചയിക്കും. സെപ്തംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.
സമിതിയുടെ പ്രഥമ ചിത്രമായ 'സമാന്തരപക്ഷികളു'ടെ ടീസര്‍ പ്രകാശനം ജഗതി നിര്‍വ്വഹിച്ചു. മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ കുമാരി സ്നേഹയെ ജഗതി ആദരിച്ചു. നടന്മാരായ എം.ആര്. ഗോപകുമാര്‍, കൊല്ലം തുളസി, സംവിധായകന് ജഹാംഗീര്‍ ഉമ്മര്‍, ഗായിക ശ്യാമ, നിര്‍മ്മാതാക്കളായ ബിനു പണിക്കര്‍, നാസര്‍ കിഴക്കതില്‍, ഡിജിലാല്‍ ഊട്ടി, ശൈലാബീഗം സമിതി ഭാരവാഹികളായ സബീര്‍ തിരുമല, വാഴമുട്ടം ചന്ദ്രബാബു, പനച്ചമൂട് ഷാജഹാന്, ഗോപന് ശാസ്തമംഗലം, തേക്കടി രാജന്, ഷം നാദ്, അശ്വധ്വനി കമാല്‍, പീരു മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്ത പ്രചാരണം- അജയ് തുണ്ടത്തില്‍.