സി എന്‍ എ-
ചെന്നൈ:
ബോളിവുഡില്‍ വമ്പന്‍ വിജയം നേടിയ 'അന്ധാദുന്‍' എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ പ്രശാന്തും സിമ്രാനും അഭിനയിക്കുന്നു. ജെ.ജെ. ഫെഡറിക് ആണ് സംവിധായകന്. ഹിന്ദിയില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ സിമ്രാന് ചെയ്യുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രന് സംവിധാനം ചെയ്യുന്ന അന്ധാദുന്റെ മലയാളം റീമേക്കില്‍ പൃഥ്വിരാജാണ് നായകന്. മലയാളത്തിന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിച്ചേക്കും.
ഹിന്ദിയില്‍ വളരെ മനോഹരമായി തബു ചെയ്തു വെച്ചിരിക്കുന്ന അതേ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കേണ്ടി വരുന്നത് വലിയ ഉത്തരവാദിത്വമാണെന്ന് സിമ്രാന് പറഞ്ഞു. 'പ്രേക്ഷകരെ സ്വാധീനിക്കുകയും വലിയ വിജയം നേടുകയും ചെയ്ത സിനിമയാണ് 'അന്ധാദുന്‍'. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. അത്രയും പ്രാധാന്യം ആ സിനിമയ്ക്കുള്ളതുകൊണ്ടാണ് വിവിധ ഭാഷാ പ്രേക്ഷകരിലേക്ക് എത്തിയത്. തബു അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ കഥാപാത്രത്തെ പുനരാവിഷ്കരിക്കുക, ധീരവും വെല്ലുവിളി നിറഞ്ഞതുമാണ്. എന്നാലും ആ കഥാപാത്രത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. വലിയൊരു ചലഞ്ച് ഏറ്റെടുക്കുകയാണ്. അഭിനയ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഞാന്‍ വലിയ ആവേശത്തിലാണ്. സിനിമയിലുടനീളം കടന്നു വരുന്ന... ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വേറിട്ടൊരു കാഴ്ചയും അനുഭവമായിരിക്കും ഈ കഥാപാത്രം. ശരീരഭാരം കുറക്കുകയും പിയാനോ വായിക്കാന്‍ പരിശീലിക്കുകയും ചെയ്ത പ്രശാന്ത് കുറച്ചുകാലമായി ഈ സിനിമക്കു വേണ്ടി തയ്യാറെടുക്കുകയായിരുന്നു. ഇതിനുമുമ്പ് പല സിനിമകളിലും ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പ്രശാന്തിനോടൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെ'ന്നും സിമ്രാന് പറയുന്നു.
2021 ന്റെ തുടക്കത്തില്‍ അന്ധാദുന്ന്റെ തമിഴ്ഷൂട്ടിംഗ് ആരംഭിക്കും.