അഞ്ജു അഷറഫ്-
കൊച്ചി:
പപ്പടത്തില്‍ പോലും ജാതിയുടെയും മതത്തിന്റെയും വര്‍ണ്ണത്തിന്റെയും ചിഹ്നങ്ങള്‍ കാണുന്ന സമകാലീന സമൂഹത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ശക്തമായ ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ജിതിന് ഐസക്ക് തോമസും സംഘവും 'അറ്റന്ഷന് പ്ലീസ്' എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. IFFK കൊച്ചിയില്‍ മൂന്നാം ദിവസം പ്രദര്‍ശിപ്പിച്ച ചിത്രങ്ങളിലൊന്നാണ് 'അറ്റന്ഷന് പ്ലീസ്'.
സാധാരണഗതിയില്‍ സിനിമ തുടങ്ങി ചിരിച്ചും രസിച്ചും കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരില്‍ പെട്ടെന്ന് ഭയത്തിന്റെയും ആകാംഷയുടെയും വിത്തുപാകി ഇനി എന്താകും എന്ന ചിന്തഉണര്ത്തുകയാണ് സംവിധായകന്. അടുത്ത രംഗത്തിനായി കാത്തിരിക്കുന്നവരുടെ മുന്നിലേക്കാണ് ജാതി ചിന്തയ്ക്കെതിരെയുള്ള ശക്തമായ നിലപാട് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നത്. പ്രേക്ഷകര്‍ക്കും അതിലൂടെ സഞ്ചരിക്കേണ്ടിവരുരുന്നു. അത്ര തീഷ്ണമായി രംഗ ചിത്രീകരണം നടത്തിയിരുന്ന ഒരു സിനിമ. സാധാരണ കുടുംബ പശ്ചാത്തലമുള്ള ആത്മ മിത്രങ്ങളായ അഞ്ചു ചെറുപ്പക്കാര്‍.
സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് അതി തീവ്രമായി ആഗ്രഹിക്കുന്നവര്‍. കുടംബം പോറ്റാന്‍ മോഹങ്ങള്‍ ഉപേക്ഷിച്ച് ഓരോരോ ജോലി ചെയ്തു ജീവിക്കുന്ന നാലുപേര്‍. അവര്‍ക്കിടയില്‍ സ്വന്തം സിനിമ മോഹങ്ങളെ കൈവിടാതെ കൊണ്ടുനടക്കുന്ന നായകന്. അയാളെ മറ്റ് നാലുപേര്‍ ചേര്‍ന്ന് ജാതിയില്‍ താഴ്ന്നവനായതുകൊണ്ടു മാത്രം തന്നെ വലിച്ചു താഴെയിടാന്‍ ശ്രമിക്കുന്നു എന്ന് നായകന് സംശയിക്കുന്നിടത്ത് സിനിമയുടെ ഗതിമാറുന്നു. അത് വെറും സംശയം മാത്രമല്ല എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തു ന്നതില്‍ സംവിധായകന് വിജയിച്ചു.
പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് വെറും എട്ടുദിവസം കൊണ്ട് ചിത്രീകരിച്ച ഈ സിനിമയെ ഒരിക്കലും ഒരു ചെറിയ സിനിമയെന്ന് വിളിക്കാനാവില്ല. സംവിധായകന് തന്നെയാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് . നിര്‍മ്മാണം കെ.എസ് ഹരികുമാര്‍. വിഷ്ണു ഗോവിന്ദ്, ഹരി ശ്രീജിത്ത്, ജിതിന് ആനന്ദ് മന്മഥന്, ആതിര കല്ലിങ്കല്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ക്യാമറ, എഡിറ്റിംഗ് ഹിമല്‍ മോഹന്‍. സംഗീതം അരുണ്‍ വിജയ്.