അഞ്ജു അഷറഫ്-
കൊച്ചി :
മിമിക്രി കലാകാരന്മാരുടെ ജീവിതത്തെ ആസ്പദമാക്കി വൈശാഖ് കരിവെള്ളൂര്‍ സംവിധാനം ചെയ്ത 'അയ്യൂബ്' എന്ന ഷോര്‍ട്ട് ഫിലിം തരംഗമാകുന്നു. ടീം ചിരിമ പയ്യന്നൂരിന്റെ ബാനറില്‍ രഞ്ജിത്ത് ചെറുതാഴം നിര്മിചിരിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ രചന സുല്‍ഫി കവ്വായി ആണ്. ലാല്‍ ചേര്‍ത്തല രചിച്ചു പ്രവീണ്‍ വിജയന് സംഗീതം നല്കി കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍രാജ് ആലപിച്ചിരിക്കുന്ന ഗാനം ഇതിനോടകം ജനം ഏറ്റെടുത്തു കഴിഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ മാടക്കാല്‍ എന്ന ദ്വീപില്‍ താമസിക്കുന്ന ഗോകുല്‍ രാജ് ജന്മനാ രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത കൊച്ചു കലാകാരനാണ്. കാഴ്ചയില്ലെങ്കിലും ഈ പത്തുവയസ്സുകാരന് പഠനത്തിലും ലോക വിവരത്തിലുംമിടുക്കനാണ്. സംഗീതവും സംഗീത ഉപകരണങ്ങള്‍ വായിക്കാനുമുള്ള കഴിവ് അപാരം. നിരവധി വേദികളിലും സിനിമയിലും പാടിയിട്ടുള്ള ഗോകുല്‍രാജിന്റെ ആലാപനശൈലി വ്യത്യസ്തമായ ഒന്നാണ്. തൃക്കരിപ്പൂര്‍ ഇളമ്പച്ചി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ഗോകുല്‍രാജ് 2018 ല്‍ കേരള സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരം നേടിയിട്ടുണ്ട്.