Editor- MM Kamath
തിരു:
പ്രശസ്ത ഗാനരചയിതാവ് ബിച്ചുതിരുമല (80) അന്തരിച്ചു.
തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം ഗാനങ്ങള്‍ അദ്ദേഹം എഴുതി.
രാകേന്ദു കിരണങ്ങള്‍, വാകപ്പൂമരം ചൂടും, മൈനാകം, ഓലത്തുമ്പത്തിരുന്ന്, ആലിപ്പഴം, തേനും വയമ്പും തുടങ്ങി മലയാളികളുടെ ഓര്‍മയില്‍ എന്നും നിലനില്‍ക്കുന്ന പാട്ടുകള്‍ അദ്ദേഹത്തിന്റെ തൂലികയിലൂടെയാണ് ജനിച്ചത്.
സി.ജെ. ഭാസ്കരന് നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്.
ബി. ശിവശങ്കരന് നായര്‍ എന്നാണ് ബിച്ചുതിരുമലയുടെ യഥാര്‍ഥ പേര്.
പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന് ദര്ശന് രാമന് എന്നിവരാണ് സഹോദരങ്ങള്‍.
1972ല്‍ പുറത്തിറങ്ങിയ 'ഭജ ഗോവിന്ദം' എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല മലയാള സിനിമാരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ചു.
ശ്യാം, എ.ടി. ഉമ്മര്‍, രവീന്ദ്രന്, ജി. ദേവരാജന്‍, ഇളയരാജ എന്നീ പ്രശസ്ത സംഗീത സംവിധായകരുമായി ചേര്‍ന്ന് എഴുപതുകളിലും എണ്‍പതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.
പ്രമുഖ സംഗീത സംവിധായകനായ എ.ആര്. റഹ്മാന് മലയാളത്തില്‍ ഈണം നല്കിയ ഏക ചിത്രമായ 'യോദ്ധ'യിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്.
മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്കാരം രണ്ടുതവണ ലഭിച്ചിട്ടുണ്ട്.
ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകന് സുമന് ശങ്കര്‍ ബിച്ചു(സംഗീത സംവിധായകന്).