CNA
തൃശ്ശൂര്‍:
കോവിഡ് മഹാമാരി നാമാവശേഷമാക്കിയ മെഗാസ്റ്റേജ് ഈവന്റുകള്‍ക്ക് പുനരുജ്ജീവനം നല്കി തൃശൂരില്‍ പ്രൗഡഗംഭീരമായ ബിഗ് സ്ക്രീന്‍ അവാര്‍ഡ് നിശ അരങ്ങേറി.
'ബിഗ് സ്ക്രീന്‍ അവാര്‍ഡ്സ് 2022' ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള കേരളത്തിലെ ആദ്യ സിനിമ അവാര്‍ഡ് നിശ ബിഗ് സ്ക്രീന്‍ അവാര്‍ഡ് 2022, യുസഫ് ലെന്‍സ്മാന്റെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ യാഥാര്‍ഥ്യമായപ്പോള്‍ അത് കേരളത്തിലെ ഏറ്റവും താരനിബിഢവും സാങ്കേതികത്തികവും ഒത്തിണങ്ങിയ അരങ്ങായി മാറി.
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച അവാര്‍ഡ് നിശയില്‍ സംവിധായകന് സിദ്ധിഖിന്റെ അദ്ധ്യക്ഷതയില്‍, കഴിഞ്ഞ 3 വര്‍ഷത്തെ സിനിമാ പുരസ്കാരങ്ങളാണ് വിതരണം ചെയ്യപ്പെട്ടത്.
കാലിക സിനിമാനായകനിരയിലെ പ്രധാനികളായ ബിജു മേനോന്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ക്കൊപ്പം മനോജ് കെ ജയന്, ശങ്കര്‍ രാമകൃഷ്ണന്, മൂര്‍ ('കള' ഫെയിം), സുധീഷ്, ഇര്‍ഷാദ്, ജോണി ആന്റണി, രമേശ് പിഷാരടി, ഗൗരി നന്ദ, കോട്ടയം രമേശ്, കലേഷ് രാമാനന്ദ് ('ഹൃദയം' ഫെയിം), മാളവിക, തുടങ്ങി മലയാള സിനിമയിലെ എക്കാലത്തെയും മുന്‍നിര പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മലയാളക്കരയിലേയ്ക്ക് മിന്നല്‍പ്പിണര്‍ പ്രകടനം കൊണ്ട് പ്രേക്ഷക ഹൃദയം കവര്‍ന്ന മിന്നും താരം ഗുരു സോമസുന്ദരം അവാര്‍ഡ് നിശയിലെ പ്രധാന ആകര്‍ഷണമാകുകയായിരുന്നു. ആദ്യമായി ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുകയാണെന്ന അനുഭവം പ്രേക്ഷകരോട് പങ്കുവച്ച ഗുരു സോമസുന്ദരം മിന്നല്‍ മുരളിയിലെ ഹിറ്റ് ഡയലോഗുകള്‍ വേദിയില്‍ പറഞ്ഞപ്പോള്‍ നിര്‍ത്താത്ത കരഘോഷത്തോടെയാണ് ജനം വരവേറ്റത്ത്. കേരളക്കരയിലെ ജനം നല്കുന്ന വരവേല്പ്പിന് ഹൃദയത്തിന്റെ ഭാഷയില്‍ ഗുരു സോമസുന്ദരം നന്ദി പറഞ്ഞു.
സിനിമയും മാധ്യമങ്ങളും പ്രേക്ഷകനും തമ്മിലുള്ള ഇഴയെടുപ്പത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന, സിനിമയുടെ ടൈറ്റില്‍ കാര്‍ഡുകളിലൂടെ സുപരിചിതമായ, മലയാള ചലച്ചിത്ര പിആര്‍ഒ എഎസ് ദിനേശ്, കര്‍മ്മരംഗത്തെ സമര്‍പ്പണ മനോഭാവത്തിന് എക്സലന്‍സ് ഇന്‍ സിനിമ ബിഗ് സ്ക്രീന്‍ പുരസ്കാരം ഏറ്റുവാങ്ങി.
മരിക്കാത്ത ഓര്‍മ്മകളുമായി ശ്രോതാക്കളുടെ മനസ്സില്‍ ജീവിക്കുന്ന ലതാ മങ്കേഷ്കര്‍, എസ് പി ബാലസുബ്രഹ്മണ്യം, ബപ്പി ലഹിരി എന്നിവരുടെ സാന്നിധ്യം അറിയിച്ചു കൊണ്ട് പ്രശ്സ്ത പിന്നണി ഗായകന് അഫ്സലും സംഘവും അവതരിപ്പിച്ച 'സമര്‍പ്പണ ഗാനങ്ങള്‍' ഏറെ ശ്രദ്ധേയമായി.
മികച്ച നായികയ്ക്കുള്ള ബിഗ് സ്ക്രീന്‍ അവാര്‍ഡ് 2022 നേടിയ ദര്‍ശന രാജേന്ദ്രന് സംഗീത സംവിധായകന് ഹിഷാമിനൊപ്പം വേദിയില്‍ 'ദര്‍ശനാ' എന്ന ഹിറ്റ് ഗാനം പാടിയപ്പോള്‍ ആയിരങ്ങള്‍ ഏറ്റുപാടി. അതുപോലെ 2021ലെ സോങ് ഓഫ് ദി ഇയര്‍ ആയ 'മിന്നല്‍ മുരളി'യിലെ 'ഉയിരേ' സംഗീത സംവിധായകന് ഷാന്‍ റഹ്മാന്റെ നേതൃത്വത്തില്‍ മിഥുന് ജയരാജ്, നാരായണി ഗോപന് എന്നിവര്‍ ചേര്‍ന്ന് പാടിയത്, കോരിത്തരിപ്പോടെയാണ് സദസ്സ് കേട്ടിരുന്നത്. 'മിന്നല്‍മുരളി' യിലൂടെ പ്രേക്ഷകമനം കവര്‍ന്ന ബാലതാരം വസിഷ്ട് ഉമേഷ്, 'മിന്നല്‍മുരളി'യിലെ തന്നെ ഗാനം വേദിയില്‍ ആലപിച്ചപ്പോള്‍ പ്രേക്ഷകരൊന്നടങ്കം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. അതെ വര്‍ഷത്തെ വോയിസ് ഓഫ് ദി ഇയര്‍ ആയ പ്രസീദ ചാലക്കുടി 'ഉള്ളൂല്ലേരിയി' ലൂടെ വേദിയില്‍ പ്രകമ്പനം സൃഷ്ടിച്ചു.
'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ തന്റെ ഹിറ്റ് ഗാനം പാടി വേദിയില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ച ആട്ടപ്പാടിയില്‍ നിന്നെത്തിയ നാഞ്ചിയമ്മ അകാലത്തില്‍ വിട്ട് പിരിഞ്ഞ സംവിധായകന് സച്ചിയെ നിഷ്കളങ്കമായ സ്നേഹത്തോടെ അനുസ്മരിച്ചത് സദസ്സിന്റെ വേദനയായി.
കൈതപ്രം, ഗോപി സുന്ദര്‍, അല്‍ഫോണ്‍സ് ജോസഫ്, കൈലാസ് മേനോന്, ഹിഷാം അബ്ദുള്‍ വഹാബ്, ഹരിശങ്കര്‍, ബി.കെ.ഹരിനാരായണന്, അന്‍വര്‍ അലി, സുജാത മോഹന്‍, നിത്യാ മാമന്, മെറില്‍ ആന്‍ മാത്യു തുടങ്ങി പ്രശ്സ്ത ഗായകരും സംഗീത സംവിധായകരും, രചയിതാക്കളും ഒത്തുചേര്‍ന്ന അസുലഭ വേദിയില്‍ മെഗാഹിറ്റുകളായ പല ഗാനങ്ങളും അവയുടെ യഥാര്‍ത്ഥ ശില്പികളില് നിന്നും പ്രേക്ഷകര്‍ക്ക് നേരിട്ട് അനുഭവിക്കാനായി.
തൃശൂര്‍ കളക്ടര്‍ ഹരിത വി നായര്‍ തന്റെ ഇഷ്ട ഗായികയായ സുജാത മോഹനനു അവാര്‍ഡ് നല്കാനെത്തിയപ്പോള്, കളക്റ്ററോട് രണ്ട് വരി പാടാന്‍ സുജാത സ്നേഹത്തോടെ ആവശ്യപ്പെട്ടു. കളക്ടര്‍ പാട്ട് രണ്ട് വരിയിലൊതുങ്ങിയില്ല എന്ന് മാത്രമല്ല 'മണിച്ചിത്രത്താഴി'ലെ പാടാന്‍ ഏറെ പ്രയാസമുള്ള 'ഒരുമുറൈ വന്ത് പാര്‍ത്തായാ' എന്ന ഗാനം പ്രൊഫഷണല്‍ ഗായകരെ വെല്ലുന്ന മികവില്‍ വേദിയില്‍ അവതരിപ്പിച്ചത് നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്യര്‍ സ്വീകരിച്ചത്.
കുവൈറ്റിലെ കലാസാംസ്കാരിക രംഗത്ത് പ്രശസ്തനായ നാഷ് വര്‍ഗ്ഗീസ് ആണ് ബിഗ് സ്ക്രീന്‍ അവാര്‍ഡ്സ് ഇവന്റിന്റെ പ്രൊഡ്യൂസര്‍. അഡ്മിന് ഹെഡ് റസല്‍ പുത്തന്‍പള്ളി.
കേരളത്തിലെ പ്രമുഖപിന്നണി സംഗീതജ്ഞര്‍ അണിനിരന്ന ഡിഫ്രീക്ക് ബാന്‍ഡിന്റെ മാസ്മരിക ഫ്യൂഷന്‍ മ്യൂസിക്കിനൊപ്പം, ഹരിചരണ്‍, അഫ്സല്, വൈഷ്ണവ് ഗിരീഷ്, മിഥുന് ജയരാജ്, അക്ബര്‍ ഖാന്, അഖില ആനന്ദ്,ശ്രീനന്ദ, മെറില്‍ ആന്‍ മാത്യൂ, നിത്യാ മാമന്, അയ്റാന്‍, ഫവാസ് തുടങ്ങിയ നിരവധി പ്രശ്സ്ത ഗായകര്‍ മത്സരിച്ച് പാടിയത് മറക്കാനാകാത്ത അനുഭവമായി. മികച്ചഗായകനുള്ള ബഹുമതി നേടിയ ഷെഹബാസ് അമന്, തന്റെ ആകാശമായവളെ വേദിയില്‍ മനോഹരമായി പുനരവതരിപ്പിച്ചു.
സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി എന്നിവരും പതിവുപോലെ സദസ്സിനെ തമാശകളിലൂടെ പൊട്ടിച്ചിരിപ്പിച്ചു.
അവാര്‍ഡ് സ്വീകരിക്കാനെത്തിയ സംവിധായകന് രഞ്ജിത്തും സിദ്ദിഖും ബിഗ് സ്ക്രീന്‍ അവാര്‍ഡിന് എല്ലാവിധ ആശംസകളും അര്‍പ്പിച്ചു. സംവിധായകരായ അനൂപ് സത്യന്, റഷീദ് പാറക്കല്‍ തുടങ്ങിയവരും അവാര്‍ഡുകള്‍ കരസ്ഥമാക്കി.
മലയാളസിനിമയുടെ ചരിത്രനിമിഷങ്ങള്‍ കോര്‍ത്തിണക്കി യൂസഫ് ലെന്സ്മാന് സംവിധാനം ചെയ്ത രംഗപൂജ ദൃശ്യാനുഭവങ്ങളുടെ മാരിവില്‍ തീര്‍ത്തു. ക്രിയാത്മക സഹായം എന്‍ വി അജിത്.
സെറീനാസിന്റെ നേതൃത്വത്തില്‍ ചലച്ചിത്ര നടി ഗായത്രി സുരേഷിന്റേയും സിജാ റോസിന്റേയും നൃത്തങ്ങള്‍ അരങ്ങേറി. മറ്റൊരു പുരുഷനര്‍ത്തക സംഘമായ ഡിസോള്വിന്റേ സിനിമാ സ്പൂഫ് നൃത്തങ്ങളും പുതുമനിറഞ്ഞ അനുഭവമായി.
ലെന്‍സ്മാന്റെ നേതൃത്വത്തില്‍ ഫെഡറേഷന് ഓഫ് ഈവന്റ് മാനേജ്മെന്റ് അസ്സോസിയേഷന്(ഫെമ), ജെനീഷ് ഓസ്കാര്‍ ഈവെന്റ്സ് എന്നിവര്‍ സഹകരിച്ചൊരുക്കിയ അവാര്‍ഡ് നിശയില്‍ കല്യാണ്‍ സില്‍ക്സ്, ഐസിഎല്‍ ഫിന്‍കോര്‍പ്പ്, ഈവോ തെംസ്ബേ എന്നിവര്‍ പ്രധാന പ്രായോജകരായി. മലയാള സിനിമ മേഖലലക്ക് ബിഗ് സ്ക്രീന്‍ പുരസ്കാരരാവ് പുതിയൊരു ഉണര്‍വായി മാറി.
Online PR - CinemaNewsAgency.Com