CNA
കൊച്ചി:
വിവിധ ഭാഷകളിലെ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും. 19ന് നടക്കുന്ന
കേരളത്തിന്റെ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേഴ്സിനെ നേരിടും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ടീമുകളാണ് സി സി എല്ലില്‍ മാറ്റുരയ്ക്കുന്നത്.
ആകെ 19 മത്സരങ്ങളാണ് ഇത്തവണ സി സി എല്ലില്‍ ഉണ്ടാവുക. മാര്‍ച്ച് 19ന് ഹൈദരാബാദിലാണ് ഫൈനല്‍ മത്സരം. എല്ലാ മത്സരങ്ങളും വാരാന്ത്യങ്ങളിലായിരിക്കും. പാര്‍ലെ ബിസ്ക്കറ്റാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഇപ്രാവശ്യത്തെ ടൈറ്റില്‍ സ്പോണ്സര്.
ഇത്തവണത്തെ സിസിഎല്ലിന് പുതിയ മത്സര ഘടന
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ 2023 എഡിഷന് ഒരു പുതിയ മത്സരഘടനയുമായാണ് എത്തുന്നത്. ആരാധകര്‍ക്കും കാണികള്‍ക്കും കൂടുതല്‍ ആവേശവും ആനന്ദവും പകരുന്ന തരത്തിലാണ് പുതിയ മത്സരഘടന വിഭാവനം ചെയ്തിരിക്കുന്നത്. ടെസ്റ്റ് മത്സരങ്ങളുടെയും ട്വന്റി-20 മത്സരങ്ങളുടെയും ഒരു സംയോജിത രൂപമാണ് പുതിയ ഘടനയില്‍ ഉള്ളത്. അതനുസരിച്ച് ആദ്യം ഇരു ടീമുകളും 10 ഓവര്‍ വീതം ബാറ്റ് ചെയ്യും. തുടര്‍ന്ന് ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും 10 ഓവര്‍ ബാറ്റ് ചെയ്യും.
പിന്നീട് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അടുത്ത ടീമിന് വീണ്ടും ബാറ്റിംഗ് അനുവദിക്കുകയും ചെയ്യുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകള്‍ക്ക് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവസരം ലഭിക്കും എന്നതാണ് പുതിയ ഘടനയുടെ പ്രധാന സവിശേഷത. അതോടൊപ്പം കാണികള്‍ക്കും ആരാധകര്‍ക്കും ത്രസിപ്പിക്കുന്ന ഒരു മത്സരം വീക്ഷിക്കുവാന്‍ അവസരം ലഭിക്കും എന്നതും പുതിയ മത്സര രീതിയെ ആകര്‍ഷകമാക്കുന്നു.
മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന സി സി എല്ലില്‍ മലയാളത്തെ പ്രതിനിധീകരിക്കുന്നത് C3 കേരള സ്ട്രൈക്കേഴ്സ് ആണ്. മലയാളത്തിലെ പ്രമുഖ നടന്മാര് അണിനിരക്കുന്ന C3 കേരള സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസിഡറും കുഞ്ചാക്കോ ബോബന് ആണ്.
ടീം അംഗങ്ങള്‍ -
ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്, രാജീവ് പിള്ള, അര്ജുന് നന്ദകുമാര്‍, വിവേക് ഗോപന്, മണിക്കുട്ടന്, സിജു വില്‍സണ്‍, ഷഫീഖ് റഹ്മാന്, വിനു മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, നിഖില്‍ മേനോന്, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ത്ഥ് മേനോന്, ജീന്‍ പോള്‍ ലാല്‍.
ടീം വനിത അംബാസിഡര്‍മാര്‍ - ദീപ്തി സതി, പ്രയാഗ മാര്ട്ടിന്.
കേരള സ്ട്രൈക്കേഴ്സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് കേരള സ്ട്രൈക്കേഴ്സ്. കഴിഞ്ഞ കാലങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് ടീം ആരാധകരുടെ ഹൃദയങ്ങളില്‍ ഇടംനേടിയത്. സി സി എല്‍ 2014, 2017 വര്‍ഷങ്ങളില്‍ റണ്ണേഴ്സ് അപ്പായ കേരള സ്ട്രൈക്കേഴ്സ് ഇക്കുറിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആകെയുള്ള എട്ട് ടീമുകളില്‍ കേരള സ്ട്രൈക്കേഴ്സിനെ വ്യത്യസ്തരാക്കുന്നത് ടീമിന്റെ കെട്ടുറപ്പും താരങ്ങളുടെ മികവുമാണ്.
മലയാളത്തിന്റെ അഭിമാനമായ പത്മശ്രീ മോഹന്‍ലാല്‍, മുന്‍കാല തെന്നിന്ത്യന്‍ ചലച്ചിത്ര താരം രാജ്കുമാര് സേതുപതി, നടിയും സംവിധായികയുമായ ശ്രീപ്രിയ സേതുപതി,നാഗാര്‍ജുന്‍ സേതുപതി, പി എം ഷാജി, ജയ്സണ്‍, മിബു ജോസ് നെറ്റിക്കാടന് എന്നിവരാണ് കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സഹ ഉടമകള്‍.
C3 -സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്
ക്രിക്കറ്റിനോട് ആഭിമുഖ്യമുള്ള മലയാളത്തിലെ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയാണ് C3. 2010 ല്‍ ആരംഭിച്ച C3 ഇതിനോടകം നിരവധി സെലിബ്രിറ്റി ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും C3 പങ്കാളികളായിട്ടുണ്ട്.
Online PR - CinemaNewsAgency.Com