സി എന്‍ എ-
കൊച്ചി:
തുടര്‍ച്ചയായി രാത്രികളില്‍ മാത്രം ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യ ചിത്രം 'ചോരന്'. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ. എം. ആണ് നന്മനിറഞ്ഞ കള്ളന്റെ കഥ പറയുന്ന സിനിമ നിര്‍മ്മിക്കുന്നത്.
നവംബര്‍ 24ന് ആരംഭിച്ച ഷൂട്ടിംഗ് തുടര്‍ച്ചയായി പതിനഞ്ചു രാത്രികള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു ഈ ശ്രമം. 'ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കും ഇങ്ങനെ ഒരു സിനിമ രാത്രി മാത്രം ചിത്രീകരിച്ചിട്ടുണ്ടാവുക'യെന്ന് സംവിധായകന് സാന്റോ അന്തിക്കാട് പറഞ്ഞു.
ഇന്ദ്രന്‍സ്, മണികണ്ഠന് ആചാരി എന്നിവര്‍ക്കൊപ്പം സംവിധായകനും നിര്‍മാതാവും സേഫ് ആന്‍ഡ് സ്ട്രോങ്ങ് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീണ്‍ റാണയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'അന്തിമ വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് തെളിയിച്ചുകൊണ്ട് കാലത്തിനപ്പുറത്തേയ്ക്ക് കണ്ണയക്കാന്‍ അങ്ങനെ ചോരന്റെ സംവിധായകന് സാന്റോ അന്തിക്കാടിലൂടെ ദൈവീകമായ ഇടപെടല്‍ നടന്നു' എന്നാണ് ചോരനിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഡോ. പ്രവീണ്‍ റാണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
'ചങ്ക്സ്', 'പൊറിഞ്ചു മറിയം ജോസ്' തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് ചോരനിലെ നായിക. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സ്റ്റാന്‍ലി ആന്റണി കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം- കിരണ്‍ ജോസ്, ഛായാഗ്രഹണം- സുരേഷ് ബാബു, എഡിറ്റര്‍- മെന്റോസ് ആന്റണി, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, പ്രൊജക്റ്റ് ഡിസൈനര്‍- സുനില്‍ മേനോന്.